നാട്ടിൻപുറം 3
കുഞ്ഞിമാണിയമ്മ
-ബാലകൃഷ്ണൻ മൊകേരി
രഘുവിന് ആവേശമായിരുന്നു.താനൊരു സര്ക്കാര്ജോലിക്കാരനായിരിക്കുന്നു.
പോസ്റ്റുമാൻ.
ഒരുപാടുകാലം പോസ്റ്റുമാനായിരുന്ന ചരിവിൽ ചെക്കോട്ടി റിട്ടയര്ചെയ്ത ഒഴിവിലാണ് രഘു ജോയിൻചെയ്തത്.
പോസ്റ്റുമാസ്റ്റര് രാഘവേട്ടൻ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകൊടുത്തിരുന്നു.
കത്തുകള്, അതതു ദിവസംതന്നെ നല്കണം.ആളെ തിരിച്ചറിഞ്ഞശേഷമേ തപാലുരുപ്പടികള് കൈമാറാവൂ.
അങ്ങനെയങ്ങനെ ...
ആദ്യത്തെ കത്ത് രഘു പുറത്തെടുത്തു
കുഞ്ഞിമാണിയമ്മ,
കുളത്തുംകര വീട്,
പോസ്റ്റ്........
ചെമ്മൺ നിരത്തിലൂടെ വടക്കോട്ട്ഒരു കിലോമീറ്റര്.ഒരു വളവ്.
വളവുകഴിഞ്ഞാൽ ഇടത്തുഭാഗത്ത് പുഞ്ചപ്പാടം.
പാടത്തിന്റെ നടുവിലെ നടവരമ്പിലൂടെ നടന്ന് ,വയൽ കഴിഞ്ഞാൽ കരയ്ക്കായി വലിയൊരു കുളം. പിന്നിൽ പറമ്പ്.അതാണ് കുളത്തുംകര.
പോസ്റ്റാപ്പീസിനടുത്തുള്ള ചായക്കടക്കാരൻ കൃത്യമായി പറഞ്ഞുകൊടുത്തിരുന്നു.
ഇതാ, കുളം.കുളത്തിന്റെ വടക്കുഭാഗത്ത് ഓടിട്ട പഴയ വീട്.
പറമ്പിന്റെ തിണ്ടിൽ ഒരു വയസ്സിത്തള്ള ഉണ്ടായിരുന്നു.
പുല്ലുപറിക്കുകയാണ്.
അവര് രഘുവിനെ കണ്ടു.
മനേ, ഇഞ്ഞേട്യേനും ?
ഞാൻ കൊറച്ചപ്രത്താ രഘു പറഞ്ഞു.
എന്ത്ന്നാ ഇന്റെ പേര് ?
രഘു
ആരെ മോനാ ?
കണാരന്റെ.
ഏത് കണാരനാ മനേ ? കറുത്ത കണാരനോ, കുറിയ കണാരനോ ?
ങേ, രഘു അമ്പരന്നു. ഈ സ്ത്രീ എന്തൊക്കെയാ ചോദിക്കുന്നത് ! പഞ്ചായത്തിലെ സകലആളുകളേയും ഇവര്ക്കറിയാമെന്നു തോന്നുന്നു.
പ്ലാവുള്ള പറമ്പത്ത് കണാരൻ.
അങ്ങനെ പറ മനേ. അത് കറുത്തകണാരൻ.ഓന്റെ ഓള് മാതേന്റെ മോനാ ഞ്ഞി,ല്ലേ ?പല്ലുന്തി മാതേന്റെ
രഘുവിന് അരിശം നുരഞ്ഞുകേറുന്നുണ്ടായിരുന്നു. ഈ കിളവിയൊടെന്താ പറയ്യ ? അയാള്, ദേഷ്യമടക്കി.
അവര് തുടരുന്നുണ്ടായിരുന്നു. കണാരനിപ്പോ പഴേ ലോഗ്യക്കാരത്തി അമ്മിണിയോട് എടപാടൊന്നൂല്ലാലോ ? അമ്മിണിക്ക് ഓൻ ജീവനാരുന്നു. പക്കേങ്കില്, ഓള അമ്മാമൻ നാണു സമ്മതിക്കണ്ടേ ?
അച്ഛന്റെ പ്രണയകഥകേട്ട രഘുവിന് നാണവും വരുന്നുണ്ടായിരുന്നു. കത്തുകൊടുത്തിട്ട് വേഗം പോകാം.
ഇവിടെങ്ങാനൊരു കുളത്തിങ്കര കുഞ്ഞിമാണിയമ്മ ഉണ്ടോ ?
എന്തേനും മനേ ?
ഓര്ക്കൊരു കത്തുണ്ടേനും കൊടുക്കാൻ.രഘു കത്ത് ഉയര്ത്തിക്കാട്ടി.
കുഞ്ഞിമാണി ഞാന്തന്യാ. ബംഗ്ലൂര്ള്ള എളേ ചെക്കനയക്ക്ന്ന കത്താ. ഇമ്മാസം കത്ത് ബന്നില്ലാലോന്ന് നിരീക്ക്മ്പളക്ക് കത്ത് വന്നു. ങ്ങ് താ മനേ, അവര്, തിണ്ടിലിരുന്ന് ,ഇടവഴിയിൽനില്ക്കുന്ന രഘുവിനുനേരെ കൈനീട്ടി.
ഞ്ഞാ പുതിയ ചെക്കോട്ടി ,ല്ലേ? എനക്ക് തിരിഞ്ഞിറ്റില്ലേനും. എപ്പോം ചെക്കോട്ട്യാ കത്തുകൊണ്ട്വേര്വ. ഓൻ പിരിഞ്ഞോ ?
ഉം.
പോല്ല മനേ,ഇഞ്ഞീ തീപ്പറക്ക്ന്ന വേലുംകൊണ്ട് വന്നേല്ലേ, പൊരേല് ബാ, ഇനിക്കൊരു പിഞ്ഞാണി ചായപ്പൊടീട്ട ബെള്ളം തരാം,ചക്ക പുയ്ങ്ങ്യേതും ണ്ട്.. ബാവ്വാനേ
ഇപ്പോ ബേണ്ട.
അവരുടെ ക്ഷണം സ്വീകരിക്കാതെ നടക്കുമ്പോള്, രഘുവിന് ആശ്വാസംതോന്നി.
**************************************
No comments:
Post a Comment