I'am walking,but please don't expect me to walk with you

Tuesday 23 October 2018

മീശ
എസ്.ഹരീഷ്


മീശ, പഴയ അപ്പർകുട്ടനാടിൻെറ തനിമ അപ്പാടെ പകർത്തിവച്ചൊരു നോവലാണ്. ചില പരാമർശങ്ങളുടെപേരില്, മാതൃഭൂമിയില്നിന്ന് അതിൻെറ പ്രസിദ്ധീകരണം പിൻവലിക്കേണ്ടിവന്നു. അങ്ങനെ അതൊരു വിവാദമായി.
സ്ത്രീകളുടെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് , അവരുടെ അണിഞ്ഞൊരുങ്ങലിന് ലൈംഗികതയുമായി ബന്ധമുണ്ടെന്ന് ഒരു തത്ക്കാലപാത്രം പറയുന്നു. കേരളചരിത്രത്തിൻെറ പഴമപരിശോധിച്ചുനോക്കിയാലത് സത്യമാണെന്നുകാണാം.
                     
പുരുഷാധികാരപ്രവണമായൊരു സമൂഹം ആ അർത്ഥത്തില്തന്നെയുണ്ടാക്കിവച്ച പ്രസ്തുതആചാരങ്ങള്, പില്ക്കാലത്ത് ,അർത്ഥമറിയാതെ ആചരിച്ചുവരികയാണ്.ഇന്നത്തെ വനിതകള്, ആ ഉദ്ദേശ്യത്തോടെയല്ലെങ്കിലും, ആചാരമായി കണ്ണുമടച്ച് അനുവർത്തിച്ചുപോരികയാണ് പ്രസ്തുത നിബന്ധനയെന്നു കാണാനാവും.

നോവലിലാകമാനം സ്ത്രീകളെപ്പറ്റി ലൈംഗികച്ചുവയുള്ള പരാമർശങ്ങള് കാണാം. നോവലിലവതരിപ്പിക്കുന്ന കാലത്തിൻെറ സവിശേഷതതന്നെയാണത്. ആ കാലത്തിൻെറ മാത്രമല്ലല്ലോ, ആധുനികകാലവും പുരുഷാധിപത്യപരമല്ലേ.പുരുഷന്മാർ, സ്തീകളെ അവരവരുടെ സ്വത്തായി, ചരക്കായിമാത്രം കാണുന്ന അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ലല്ലോ.മാറ്റമില്ലെന്നു പറയാനാവില്ല, കുറേപേരെങ്കിലും, സ്ത്രീകളെ തങ്ങളെപ്പോലുള്ള വ്യക്തികളായി കാണുന്നുണ്ട്. എങ്കിലും, പുരുഷന്മാരുടെ സ്വകാര്യഇടങ്ങളില്, സ്ത്രീകളെപ്പറ്റിയുള്ള ലൈംഗികച്ചുവയാർന്ന പരാമർശങ്ങള് തന്നെ മുഖ്യ ഇനം.
എല്ലാ പുരുഷന്മാരും ഇങ്ങനെയാണെന്നല്ല.പക്ഷേ, ഭൂരിപക്ഷവും ഇതുതന്നെ.

പറഞ്ഞുവന്നത് മീശയെക്കുറിച്ചാണ്. പുരുഷനെ വേർതിരിച്ചുനിറുത്തുന്ന, ഒരുസംഗതിയാണ് മീശ.മുമ്പ്, രാജാക്കന്മാരും, ഉന്നതസ്ഥാനത്തുള്ളവരുംമാത്രം മുഖത്ത് ഓമനിച്ചിരുന്നമീശ, പൊതുസമൂഹം ഭയഭക്തിയോടെയാണ് കണ്ടിരുന്നത്.മീശവെക്കുകയെന്നത്, സമൂഹത്തെ ധിക്കരിക്കുന്നപ്രവൃത്തിയായി അടയാളപ്പെടുത്തപ്പെട്ടു. അധികാരത്തെ ,മേല്ക്കോയ്മകളെ, ധിക്കരിക്കുന്ന മീശ പൊതുസമൂഹത്തിൻെറ ഒരു പേടിസ്വപ്നമായിരുന്നു.അതേസമയം, മീശയില്ലായ്മ, സ്ത്രൈണതയുടെ അടയാളമായും,അനുസരണയുടെ പര്യായമായും അംഗീകരിക്കപ്പെട്ടു. (പ്രതിഷേധം, മീശയിലൂടെ പ്രകടിപ്പിച്ച കവി, സുബ്രഹ്മണ്യഭാരതിയെ ഓർക്കാം)കൊമ്പൻമീശയാകട്ടെ, കരുത്തിൻേറയും ഭയങ്കരതയുടേയും പ്രതീകമായി പിന്നീടും നിലനിന്നു.ആളുകളെ ഭയപ്പെടുത്തേണ്ട ആവശ്യമുള്ളവർ(പോലീസുകാരെപ്പോലെ) കൊമ്പൻമീശ ഓമനിച്ചു.അവർ, ശ്രദ്ധേയരായി.അതാണല്ലോ, അപൂർവ്വം ചിലർമാത്രം ഏതുനാട്ടിലും, കൊമ്പൻമീശവയ്ക്കുകയും, മീശ എന്നപേരിലറിയപ്പെടുകയുംചെയ്യുന്നത്.

നോവലിലെ വാവച്ചനെന്ന കഥാപാത്രമാണ് മീശ. ഒരു നാടകത്തിനുവേണ്ടി,മീശപ്പോലീസായി വേഷംകെട്ടിയതുമുതലാണ് അയാള്ക്ക് മീശയുണ്ടായത്.അതിൻെറ സാധ്യതകളറിഞ്ഞ അയാള്,നാടകം കഴിഞ്ഞിട്ടും, മീശപോക്കിയില്ല.അതോടെ, ഈ കഥാപാത്രം, കുട്ടനാട്ടിലെ, പട്ടിണിക്കാരനായ ഒരു പുലയനെന്നതില്നിന്ന്, അദ്ഭുതകരമായ കഴിവുകളുള്ള ഒരുഅതിമാനുഷനായി വാഴ്ത്തപ്പെടുന്നു. ജന്മിമാരും, ജാതിശ്രേണിയിയുയർന്നവരെന്നഹങ്കരിക്കുന്നവരും, ഇയാളെ പിടികൂടി കഥകഴിക്കാൻ ശ്രമിക്കുന്നു.കുട്ടനാടൻ പാടശേഖരങ്ങളില്നിന്നും, ഒരു പുലയനെ പിടികൂടുക എളുപ്പമല്ലല്ലോ. അയാളെ പിടികൂടാനായില്ല. ശ്രമിച്ചവരെല്ലാം, ഭീതിയുടെ പുതിയകഥകളുമായാണ് തിരിച്ചുവന്നത്.അങ്ങനെ, ആ പാവത്തിൻെറപേരിലൊരുപാട് അപദാനകഥകളുണ്ടായി. പാവപ്പെട്ടവരുടെ രക്ഷാപുരുഷനായി അയാള് വാഴ്ത്തപ്പെട്ടു.അതീന്ദ്രിയമായ കഴിവുകളുടെ ഇരിപ്പിടമാണയാളെന്ന കഥ പ്രചരിച്ചു.

ആത്മരക്ഷാർത്ഥമുള്ള ഈ സഞ്ചാരത്തിനിടയ്ക്ക്, സീതയെന്ന ഒരു ഉള്ളാടത്തിയുമായി അയാള് ബന്ധപ്പെടുന്നുണ്ട്. അതൊരു ഏറ്റുമുട്ടലായിരുന്നു.പക്ഷേ,സാഹചര്യങ്ങളവളെ അയാളില്നിന്നകറ്റുന്നു. പിന്നെ അവളെത്തേടിയുള്ള സഞ്ചാരമായി അയാളുടെ ജീവിതം.ഒടുവിലവളെ, കണ്ടെത്തുകയാണ്.അവളുടെ ഇപ്പോഴത്തെ ഇണയെ തോല്പിച്ച്, അവളെ പിടിച്ചുകൊണ്ടുവരുന്നത്, അവളുടെ ഇഷ്ടത്തോടെയല്ല.അവള്, സീത, മീശയുടെ മുഖത്തു് തുപ്പുകപോലുംചെയ്യുന്നു.രോഗംവന്ന് മരണക്കിടക്കയിലായപ്പോഴും സീതയുടെ മനോഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല

 പുരുഷാധിപത്യലോകത്തിനോടുള്ള പ്രതിഷേധമാണ് സീതയെന്ന കഥാപാത്രം.പുരുഷന്മാരുടെ പുരുഷനാട്യങ്ങളല്ല, സ്ത്രൈണതയെ ആകർഷിക്കുന്നത്.അവർ കൊതിക്കുന്നത് സ്നേഹമാണ്, കൈക്കരുത്തല്ല
(തുടരും)