I'am walking,but please don't expect me to walk with you

Friday 29 May 2020

ഒരു സ്കൂളോര്‍മ്മ

കൊറോണക്കാലമല്ലേ, വീട്ടി‍ല്‍ത്തന്നെയിരിപ്പാണ്. പുസ്തകം വായിക്കാനുള്ളമനസ്സ്, പലപ്പോഴും ഉണ്ടാകാറില്ല. വൈകുന്നേരം, പച്ചക്കറിക്കൃഷിയുമായി പറമ്പിലോട്ടിറങ്ങും.വെണ്ടയും കുമ്പളവും മറ്റു പച്ചക്കറികളുമെല്ലാം നട്ടിട്ടുണ്ട്.അത്യാവശ്യം ജൈവവളങ്ങളും, കമ്പോസ്റ്റുമൊക്കെ ഇട്ടുകൊടുക്കാറുണ്ട്. നന്നായി വളരുന്നുമുണ്ട്.പൂത്തു കായപിടിക്കാന്‍ തുടങ്ങുമ്പോഴാണ് പ്രശ്നം. അടുത്തെങ്ങും ഈ പരിപാടി ഇല്ലാത്തതുകൊണ്ട്, ലോകത്തുള്ള മുഴുവന്‍ കീടങ്ങളും അതിലേക്കുവന്നിറങ്ങുകയാണ്. പൂ വിരിയുകയൊന്നും വേണ്ട, അതിനുമുമ്പേ,തിരിയിട്ടതി‍ല്‍ അടുത്തതലമുറയെ കുത്തിവെച്ച് അവയെന്നോട് പോരിനിറങ്ങിക്കഴിഞ്ഞു. അത്യാവശ്യം ജൈവ കീടനാശിനികളും, മറ്റു മാര്‍ഗ്ഗങ്ങളുമുപയോഗിക്കുന്നുണ്ട്, എന്നാലും ഫലം കുറവുതന്നെയാണ്. പക്ഷേ, പ്രകൃതി പച്ചയണിഞ്ഞു കാണാനുള്ള മോഹംകൊണ്ട്, പരിപാടി ഉപേക്ഷിച്ചിട്ടൊന്നുമില്ല.
കൃഷിയെപ്പറ്റി പറയാനായിരുന്നില്ല ഞാനൊരുങ്ങിയത്. അങ്ങോട്ട് വൈകുന്നേരമേ ഇറങ്ങാറുള്ളൂ. ബാക്കിയുള്ള സമയം വീട്ടുജോലികള്‍പങ്കിട്ടുചെയ്യും. ഭക്ഷണം കഴിച്ച്, അങ്ങനെയിരിക്കുമ്പോള്‍, വെറുതേ, ജീവിതത്തിന്‍െറ വലിയൊരുഭാഗം ചെലവഴിച്ച സ്കൂളിനെപ്പറ്റി ഓ‍ര്‍ത്തുപോയതാണ്. നരിപ്പറ്റ രാമ‍ര്‍നമ്പ്യാര്‍ സ്മാരക ഹൈസ്കൂള്‍. മുപ്പത്തിരണ്ടുകൊല്ലം ഞാനവിടെ അദ്ധ്യാപകനായിരുന്നു. ഇരുപത്താറുകൊല്ലം ഹൈസ്കൂള്‍ വിഭാഗത്തിലും, സ്കൂളില്‍ ഹയര്‍സെക്കന്‍െററിവന്നപ്പോള്‍, ആറുകൊല്ലം അവിടെയും. എത്രയോ കുട്ടികളെ പരിചയപ്പെടാനായി.ആ നാടുമായി എന്‍െറ ജന്മദേശത്തേക്കാളും ബന്ധവുമായി.എത്രയെത്ര അനുഭവങ്ങള്‍.എല്ലാം പലപ്പോഴായി ഓ‍മ്മകളുടെ ആകാശത്തില്‍ നക്ഷത്രങ്ങള്‍പോലെ തിളങ്ങിക്കാണാറുണ്ട്.
ജീവിതത്തിന്‍െറ പല ഘട്ടങ്ങളിലും കൂടെത്തന്നെനടന്ന്, കുളിര്‍കാറ്റുപോലെ ആശ്വസിപ്പിക്കുന്ന പല ഓ‍ര്‍മ്മകളുമുണ്ടാവും ഇക്കൂട്ടത്തില്‍.അത്തരമൊരനുഭവത്തെയാണ് ഞാനീകുറിപ്പിലൂടെ പങ്കുവെക്കാനാഗ്രഹിക്കുന്നത്.
1984ലാണ് ഞാന്‍ സ്കൂളി‍ല്‍ അദ്ധ്യാപകനായി എത്തിയതെന്നു സൂചിപ്പിച്ചല്ലോ. 1984-1987 കാലത്താണ് ഈ സംഭവം. അന്നൊക്കെ,സ്കൂള്‍യുവജനോത്സവം, അക്ഷരാര്‍ത്ഥത്തില്‍ സ്കൂളിന്‍െറ ആഘോഷംതന്നെയായി രുന്നു.കുട്ടികളേക്കാള്‍ മത്സരബുദ്ധിയോടെ അദ്ധ്യാപകരും രംഗത്തുണ്ടാവും. രണ്ടുമൂന്നുദിവസമായിട്ടാവും പരിപാടിപാടികള്‍നടക്കുക. ദിവസങ്ങള്‍ക്കുമുമ്പുതന്നെ, അദ്ധ്യാപകര്‍ മത്സരവേദികളിലവതരിപ്പിക്കാനുള്ള സാമഗ്രികളൊക്കെ സ്വരുക്കൂട്ടിയിട്ടുണ്ടാവും.കുട്ടികള്‍, പഠിച്ചവതരിപ്പിച്ചാല്‍മാത്രം മതി.മറ്റുസമയങ്ങളില്‍ വളരെ സ്ട്രിക്റ്റായ അദ്ധ്യാപകര്‍പോലും ആ സമയത്തു് പുഞ്ചിരിതൂകിക്കൊണ്ടാണ് കുട്ടികളുമായി ഇടപഴകുക.നാടകമത്സരംപോലും ,ഹൗസുകള്‍തമ്മില്‍ നടക്കുന്നതിനാല്‍ നാലെണ്ണമുണ്ടാവും.ശിവന്‍മാഷും രവീന്ദ്രന്‍ മാഷും അശോകന്‍മാഷും ഞാനുമൊക്കെയാണ്, മലയാളം അദ്ധ്യാപകരെന്നനിലയില്‍ നാടകത്തിന്‍െറചുമതലവഹിക്കുക (അന്ന്, സ്കൂളില്‍ യുവജനോത്സവത്തിനുവരുന്ന വിധികര്‍ത്താക്കള്‍, പല സബ്ബ് ജില്ലാമത്സരങ്ങളേക്കാളും നിലവാരംപുലര്‍ത്തുന്നുണ്ട്, ഈ സ്കൂളിലെ മത്സരങ്ങള്‍ എന്നുപറഞ്ഞുകേട്ടിട്ടുണ്ട്.പഴയകാലം, സുവര്‍ണ്ണകാലം എന്ന് തള്ളാന്‍ ഇനി മടിക്കേണ്ടതില്ലല്ലോ!)
ഞങ്ങളന്ന് അവതരിപ്പിച്ചത്, പി.എ.എംഹനീഫിന്‍െറ നെന്മണികള്‍ എന്ന ഏകാങ്കമായിരുന്നു. ദിവസവും സ്കൂള്‍ വിട്ടാല്‍ കുറേനേരം റിഹേഴ്സല്‍നടത്തുമായിരുന്നു. നാടകത്തലേന്ന്, സ്റ്റേജ് റിഹേഴ്സല്‍നടത്താന്‍ സ്കൂളില്‍ത്തന്നെ താമസിക്കും.പിറ്റേന്ന്, നാടകം. വൈകുന്നേരമായി. നാടകം കഴിഞ്ഞു.റിസല്‍റ്റ് വന്നു.ഞങ്ങളുടെ നാടകത്തിന് സ്ഥാനങ്ങളൊന്നുമില്ല. ഞാന്‍ കുട്ടികളെ സമാധാനിപ്പിച്ചു, സാരമില്ലെടോ, നമുക്ക് അടുത്ത വര്‍ഷം നോക്കാം. അപ്പോഴാണ് , മറ്റൊരനൗ​ണ്സ്മെന്‍െറ് വരുന്നത്.- ബെസ്റ്റ് ആക്ടര്‍ നെന്മണികളെന്ന നാടകത്തില്‍ തൊഴിലാളിയായി അഭിനയിച്ച കുട്ടിയാണ്.ആ കുട്ടി സ്റ്റേജില്‍ വരണം. ക്ഷീണിച്ചിരുന്ന ഞങ്ങള്‍ക്ക് ആ വാക്കുകള്‍ ഉത്തേജനമായി.അഭിനയിച്ച കുട്ടിയെ സ്റ്റേജിലേക്കയച്ചു.അവന് ഒരു സമ്മാനമുണ്ടായിരുന്നു. അവന്‍ സമ്മാനംവാങ്ങുമ്പോള്‍, ഞങ്ങളെല്ലാരും തിമര്‍ത്തു കൈയടിച്ചു.
പിന്നെയാണ്, എന്നെ രോമാ‍ഞ്ചംകൊള്ളിച്ച ആ സംഭവമുണ്ടായത്. ബെസ്റ്റ് ആക്ടര്‍ സമ്മാനവുമായി എനിക്കരികിലേക്ക് ഓടിവരുന്നു. കിതച്ചുകൊണ്ട്, അവന്‍ സമ്മാനം എനിക്കുനേരെ നീട്ടുന്നു. ഇത് സാറിനാണ് അവന്‍ പറഞ്ഞു.
ഞാനാകെ കോള്‍മയിര്‍ക്കൊണ്ടുപോയി.കണ്ണുനിറയുന്നത്, ആരും കാണാതെ തുടച്ചു.ഞാനതു വാങ്ങി അവനുതന്നെ നല്കി. ഈസമ്മാനം, നിന്‍െറ അഭിനയത്തിനാണ് കിട്ടിയത്. അത്, നീ സൂക്ഷിക്കണം ഞാനവനെ പറഞ്ഞുമനസ്സിലാക്കി. എങ്കിലും, മടിയോടെയാണവന്‍ ആ സമ്മാനവുമായി വീട്ടിലേക്കുപോയത്.അന്ന്, വീട്ടിലേക്കുമടങ്ങുമ്പോഴൊക്കെ ഞാനാകുട്ടിയെപ്പറ്റിത്തന്നെ ആലോചിക്കുകയായി, രുന്നു. ഇങ്ങനെയൊരു കുട്ടിയോ, അതും ഇക്കാലത്ത്.(അവന്‍ പില്ക്കാലത്ത് അദ്ധ്യാപകന്‍തന്നെയായിമാറിയെന്നത് തികച്ചും സ്വാഭാവികംതന്നെയല്ലേ)