I'am walking,but please don't expect me to walk with you

Sunday 17 September 2017

എരി
നോവല്‍-പ്രദീപന്‍ പാമ്പിരിക്കുന്ന്

പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ നോവലാണ് എരി.ഈ നോവല്‍ പൂര്‍ത്തിയാക്കാന്‍കഴിയുംമുമ്പേ, അദ്ദേഹത്തെ മരണം തട്ടിക്കൊണ്ടുപോകുകയാണുണ്ടായത്. അദ്ധ്യാപകനും ഗവേഷകനും, വിമര്‍ശകനുമായ പ്രദീപന്റെ ആദ്യനോവലാണിത്.

 നാടിന്റെ ചരിത്രമെന്നത് മുഖ്യധാരയിലെ സംഭവങ്ങള്‍ മാത്രമല്ലെന്നും, സമൂഹത്തിന്റെ പൊതു ഇടങ്ങളില്‍നിന്നകറ്റപ്പെട്ട ദളിതരുടെ ജീവിതംകൂടിയാണെന്നുമുള്ള കാഴ്ചപ്പാടോടെയാണ് ഇതിന്റെ രചന.
         എരിയെന്ന പറയജാതിക്കാരന്റെ കഥയാണ് ഈ  നോവല്‍. മലിയായ മാതുവിന്റെയും വെള്ളാരങ്കണ്ണുള്ള പറയയുവാവിന്റേയും മക്കളില്‍ ജീവിക്കുന്ന ഓരേയൊരാള്‍.ചെറുപ്പത്തില്‍ത്തന്നെ വിദ്യാഭ്യാസം നേടിയെടുത്ത ഈ ദളിതയുവാവ്, ചത്ത പശുവിന്റെ ഇറച്ചിതിന്നരുതെന്ന് തന്റെ ആളുകളെ വിലക്കുന്നു. തുടര്‍ന്ന്, തന്റെ കൂട്ടരുടെ ഉന്നമനത്തിനായി ,അവരെ അവകാശബോധമുള്ളവരായി മാറ്റാനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍.
      എരിയുടെ ജീവിതം ഓര്‍മ്മകളിലൂടെയും, ഓലകളിലൂടെയും, പുരാരേഖകളിലൂടെയും അരിച്ചെടുക്കുകയാണ് പ്രദീപന്‍.അതിനൊപ്പം, നാട്ടുകാരുടെ ഉള്ളില്‍ത്തട്ടുന്ന ചിത്രങ്ങളും അദ്ദേഹം വരഞ്ഞുവെക്കുന്നുണ്ട്.
         പണ്ഡിറ്റ് കറുപ്പന്‍, അയ്യങ്കാളി എന്നിവരുടെ സവിശേഷതകള്‍, നാരായ​ഗുരു മുതലായ ഗുരുക്കന്മാരുടെ ചൈതന്യം-ഇവയൊക്കെചേര്‍ന്ന കഥാപാത്രമാണ് എരി.
        കേരള സാംസ്കാരികചരിത്രത്തിന്റെ ഒരു ദളിത് പുനര്‍വായനയായി ഉദ്ദേശിക്കപ്പെട്ട ഈ നോവല്‍, വേണ്ടരീതിയില്‍ എഡിറ്റുചെയ്യാനും, മിനുക്കാനും കഴിയാതെപോയതിന്റെ വിഷമം വായനക്കാരനുണ്ടാകുമെന്നുള്ളത് ഒരു വസ്തുതതന്നെയാണ്.