I'am walking,but please don't expect me to walk with you

Wednesday 5 December 2018

എൻ പ്രഭാകരൻ മാഷും,
ശ്രീകൃഷ്ണ ആലനഹള്ളിയും
പിന്നെ ഞാനും

          1982 ലാണെന്നുതോന്നുന്നു.ബ്രണ്ണനിലെ വിദ്യാർത്ഥിയായിരുന്നു ഞാൻ. ഫ്രൊ.എം.എൻ വിജയനും എൻ പ്രഭാകരനുമൊക്കെ മലയാളം കുപ്പിൻെറ കീർത്തിധാവള്യം വർദ്ധിപ്പിച്ച കാലം. അതൊരു അസാധ്യകാലംതന്നെയായിരുന്നു
ഒരു ദിവസം പ്രഭാകരൻമാഷ്, എന്നെ മലയാളം ഡിപ്പാർട്ടുമെൻെറിലേക്കു വിളിപ്പിച്ചു.
"എടോ, നിനക്കെന്തെങ്കിലും തിരക്കുണ്ടോ?"
"ഇല്ല സർ"
"എന്നാല്, നീയിതൊന്നു വൃത്തിയായി പകർത്തിയെഴുതിക്കൊണ്ടു വരണം".
ഇതു പറഞ്ഞുകൊണ്ടദ്ദേഹം കുറേ പേപ്പറുകള്,മേശയില്നിന്നെടുത്ത് എനിക്കുനേരെ നീട്ടി.കുറേ എഴുതാനുള്ള പേപ്പറുകളും. ഞാനതുവാങ്ങി, നിവർത്തുനോക്കി. കുനുകുനായുള്ള അക്ഷരങ്ങളാണ് നിറയെ. ശ്രീകൃഷ്ണ ആലനഹള്ളിയുമായി അദ്ദേഹം നടത്തിയ അഭിമുഖമായിരുന്നു അത്. ഏറെ സന്തോഷത്തോടെ ഞാനതുമായി. ചിറക്കുനിയിലെ താമസസ്ഥലത്തേക്കു പാഞ്ഞു.
എത്രയാവൃത്തി വായിച്ചുവെന്നോർമ്മയില്ല.
മലയാളത്തില് വന്ന നോവലുകളിലൂടെ, ആലനഹള്ളി പ്രിയങ്കരൻ, പ്രഭാകരൻ മാഷോ, അതിലേറെ പ്രിയപ്പെട്ട എഴുത്തുകാരൻ, പ്രിയ അദ്ധ്യാപകനും..രണ്ടുപേരും ഒരുമിച്ച്.
ഞാനത് ശ്രദ്ധയോടെ പേപ്പറിലേക്കു പകർത്തിയെഴുതി. ചില അക്ഷരങ്ങള് തെറ്റിയെഴുതിപ്പോയപ്പോള്, ആ കടലാസുതന്നെ മാറ്റി, വീണ്ടുമെഴുതി. അങ്ങനെ ഒരുപാടു സമയമെടുത്താണ്, ആ യജ്ഞം പൂർത്തിയാക്കിയത്.
പിറ്റേന്ന്, കോളേജിലെത്തി. സാറിനെ കണ്ടുപിടിച്ച്, അതും, അദ്ദേഹത്തിൻെറ കൈയെഴുത്തുപ്രതിയും കൈമാറി
"എഴുതിതീർക്കാൻ ഏറെ നേരമെടുത്തു സർ"
"നീതന്നെയാണോ പകർത്തിയെഴുതിയത്?"
"അതേ സർ."
"അതു വേണ്ടിയിരുന്നില്ല, താഴെയുള്ള ക്ലാസ്സിലെ പരിചയമുള്ള ഏതെങ്കിലും പെണ്കുട്ടികളെക്കൊണ്ടെഴുതിക്കാമായിരുന്നില്ലേ?"
"അതിന്, ഇത്രയും ഉത്തരവാദിത്വമുള്ളൊരുകാര്യം ഏല്പിക്കാൻതക്ക പരിചയം എനിക്കു പെണ്കുട്ടികളുമായില്ല സർ"
"ശരി. "അദ്ദേഹം പേപ്പർ വാങ്ങി മേശയില് വെച്ചു.
അന്നദ്ദേഹം, മാതൃഭൂമി പത്രത്തിൻെറ ഞാറാഴ്ചപ്പതിപ്പില്, ഇടയ്ക്കിടെ എഴുതാറുണ്ടായിരുന്നു.(ഇതു വന്ന ലക്കം ഞാൻ സംഘടിപ്പിച്ച് സൂക്ഷിച്ച് വെച്ചിരുന്നു. അതെപ്പൊഴോ നഷ്ടമായിപ്പോയി)
പ്രഭാകരൻ മാസ്റ്റർക്കുതന്നെ ഇക്കാര്യം ഇപ്പൊഴോർമ്മയുണ്ടോ ആവോ! .
ഇതിപ്പോ ഓർത്തതെന്തിനാണെന്നോ, ഓ, എത്രവലിയൊരു അവസരമാണ് ഞാൻ കളഞ്ഞുകുളിച്ചത് എന്ന് നിങ്ങളോട് പറയാൻതന്നെ. അന്നാ അഭിമുഖം അടിച്ചുമാറ്റി എൻെറ പേരില് പ്രസിദ്ധീകരിക്കാമായിരുന്നു. വേറെങ്ങും പ്രസിദ്ധീകരിച്ചതല്ലാത്തതുകൊണ്ട് പിടിക്കപ്പെടുകയുമില്ലായിരുന്നു. ഇതാ പറയുന്നത്, വേണ്ടത് വേണ്ട സമയത്തുതന്നെ തോന്നണമെന്ന്.
( ഒന്നോർത്താല്, അങ്ങനെ അടിച്ചുമാറ്റാതിരുന്നതെത്ര നന്നായി. ചെയ്തിരുന്നെങ്കില്, പിന്നെ എനിക്കദ്ദേഹത്തിൻെറ മുന്നില് ചെല്ലാനാവുമോ, ആ ചൈതന്യമാർന്ന പൌരസ്ത്യഭാഷാശാസ്ത്രക്ലാസ്സും എനിക്കപ്രാപ്യമായേനെ.)

Saturday 1 December 2018

വൈകാരിക പരിസരം
            കാര്യങ്ങളങ്ങനെപോകെ, നമ്മുടെ സാഹിത്യകാരനെ ചെന്നുകണ്ടാലോ എന്നൊരുചിന്തകേറിവന്നു.അയ്യാള് സാധാരണ നാട്ടിലങ്ങനെ കാണപ്പെടാറില്ല. ഇപ്പോളവിടെ ഉണ്ടത്രേ.
ചെന്നു.
ടിയാൻ മട്ടുപ്പാവിലുണ്ടെന്ന് സഹധർമ്മിണി പറഞ്ഞു.
കേറിച്ചെന്നപ്പോളെന്താ കഥ, നൂറുകണക്കിന് വാരികാദികളും, മറ്റു പുസ്തകാദികളും ചിതറിക്കിടക്കുന്നു. നടുവിലിരുന്ന്,അയാള്, പൊരിഞ്ഞ വായനയാണ്.
ദെന്താ കഥ ?
"എടോ, ഇപ്പോഴിതെല്ലാം വായിക്കേണ്ടിവന്നിരിക്കുന്നു.മുഷിപ്പുതന്നെ".
എന്താ കാര്യം?
"അത്തരമൊരു വൈകാരികപരിസരം സംജാതമായിരിക്കുന്നു."
മനസ്സിലാവുന്നരീതിയിലൊന്നു പറയ്!
"ടോ", അയാള് വായന നിർത്തി എൻെറനേരെ തിരിഞ്ഞു."താനിരിക്ക്."
ഞാനിരുന്നു.
"തനിക്കറിയാലോ, ഒരു വ്യാഴവട്ടക്കാലത്തിലധികമായി,ഞാനീ ചവറുകളൊന്നും വായിക്കാറില്ല.ഇവയിലൊക്കെ എഴുതും. അവര് പണംതരും.അതുമാത്രമാണിവയുമായി എനിക്കുള്ള ബന്ധം."
അതിനിപ്പോ എന്തുണ്ടായി?!
"ഉണ്ടായതോ, എന്നെപ്പോലുള്ളവരെഴുതുന്നത് പലരും മോഷണംനടത്തി, ഹെഡ്ഢിംഗ് മാറ്റി,ലവരുടെ പേരില് പ്രസിദ്ധീകരിക്കുന്നൊരു പ്രവണത ഇപ്പോ വളരെ സജീവമാണ്."
അതിന്, പത്രാധിപന്മാർ ഇതൊന്നും വായിക്കില്ലേ?!
"അവരോ, അവര്, ഞങ്ങളുടെയൊക്കെ പേരുണ്ടെങ്കിലെന്തുചവറായാലും കൊടുത്തോളും. , ഞങ്ങളുടെ രചനകളൊന്നും വായിക്കാത്തതിനാല്, അതിലെ ആശയമോ വരികള്തന്നെയോ മോഷ്ടിച്ച് മറ്റാരെങ്കിലും സൃഷ്ടികളയച്ചാല്, ഗംഭീരമെന്ന്പറഞ്ഞ് പ്രസിദ്ധീകരിക്കയും ചെയ്യും."
പിന്നെന്താ വഴി?
"പത്രാധിപന്മാര് പറയുന്നത്, ആത്തരം മോഷണംനടക്കുന്നുണ്ടോന്ന് നോക്കേണ്ടത്, അവരവർതന്നെയാണെന്നാ.അതുകൊണ്ടല്ലേ, ഒരാഴ്ചത്തെലീവെടുത്ത്, ഞാനിതൊക്കെ വായിക്കാനിരിക്കുന്നത്.എന്തൊരു കഷ്ടാന്ന് നോക്കിയേ."
"അപ്പോളിവിടുത്തെ ജൈവപരിസരം അതാണ്. ല്ലേ?
ഞാൻ വൈകീട്ട് വരാം."
വരണം. എന്നെ, വായിക്കാൻ സഹായിക്കാലോ
പുറത്തിറങ്ങുമ്പോള്, ഒരാഴ്ച ഈവഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ.