I'am walking,but please don't expect me to walk with you

Monday 24 April 2017

കണാരച്ചന്‍
          അങ്ങനെയിരിക്കുമ്പോള്‍ കണാരച്ചനെ ഓര്‍മ്മവന്നു.ചായക്കച്ചവടക്കാരനാണ്. ഒരു കേഡര്‍പാര്‍ട്ടിയുടെ ഉറച്ച അനുഭാവി.സമ്മേളനങ്ങള്‍ക്കും, ജാഥകള്‍ക്കുമൊക്കെ പോകും.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പത്രം അരിച്ചുപെറുക്കി വായിക്കും.ചായകുടിക്കാന്‍ വരുന്ന ആളുകളോട്,(അതിലെല്ലാ പാര്‍ട്ടിക്കാരുമുണ്ടാകും) രാഷ്ട്രീയം പറയും.(ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോര്‍ഡ് ഒരിക്കലും അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല). മറ്റു പാര്‍ട്ടിക്കാര്‍ക്കും, കഴിയുംമട്ടില്‍ സംഭാവന നല്കും.
                         ഒരിക്കല്‍ തന്റെ പാര്‍ട്ടിയുടെ ഒരു പ്രാദേശികനേതാവ്, ഒരു പാവം അധ്യാപകനെ തന്റെഗീര്‍വ്വാണത്തില്‍കുളിപ്പിച്ചു എന്നറിഞ്ഞപ്പോള്‍, കണാരച്ചന്‍ മാഷോട് കാര്യംതിരക്കിയറിഞ്ഞു.. മാഷ് തെറ്റുചെയ്തിട്ടില്ലെന്നും,നേതാവ് മാഷോട് തന്റെ ധാര്‍ഷ്ട്യംകാണിക്കുകയാണ്ചെയ്തതെന്നും, മറ്റ് വിധത്തിലുള്ള അന്വേഷ​ണങ്ങളില്‍നിന്നും കണാരച്ചന് മനസ്സിലായി.പിറ്റേന്ന്, കണാരച്ചന്റെ കടയ്ക്കുമുന്നിലൂടെപോകുന്ന നേതാവിനെ, കണാരച്ചന്‍ വിളിച്ചുനിര്‍ത്തി.
           "ഇഞ്ഞെന്തിനാടോ ഇന്നല മ്മള മാഷ തോന്ന്യാസം പറഞ്ഞേ ?
             അത്, കണാരച്ചാ....
             മാണ്ടാ,മാണ്ടാ, ന്റെ വെളച്ചിലൊന്നും എടുക്കണ്ടാ.....
       എന്നാ മനേ, ഇഞ്ഞറിയോ, ബയി ഞാളുണ്ടാവൂന്നും വിചാരിച്ച് തോന്ന്യാസം കാണിച്ചാലില്ലേ, കാലിന്റെ മുട്ട് തച്ചൊടിച്ച്യാളയും ഞാള്. സമ്മേളനത്തിന് കൊടിപിടിക്ക്വാന്‍ മാത്രേല്ല ഞാക്കറിയുന്നേ "
    മുഖം വിളറിയ നേതാവ് ഏതുവഴിപോയെന്നറിയില്ല. അവിടെ കൂടിയിരുന്നവരെല്ലാം അതേ പാര്‍ട്ടിയുടെ ആളുകള്‍തന്നെയായിരുന്നു.അവരെല്ലാം കണാരച്ചനോട് അനുകൂലിച്ചുതന്നെയായിരുന്നു!
       ഇപ്പോഴെന്താണ് കണാരച്ചനെ ഓര്‍മ്മവന്നതെന്നറിയില്ല.ചില ഓര്‍മ്മകളങ്ങനെയാണ്.വേനല്‍മഴപോലെ, വരും,പോകും....

Monday 10 April 2017

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
                    ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന നോവലിനെക്കുറിച്ചായിരുന്നു വായനശാലയില്‍ ഏപ്രില്‍ ഒമ്പതാംതീയതി ചര്‍ച്ചചെയ്തത്.ശ്രീ. കവിയൂര്‍ ബാലന്‍ പുസ്തകാനുഭവം അവതരിപ്പിച്ചു.

                         ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചപ്പോള്‍, നോവലില്‍നിന്നുരുവാകുന്ന ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്.പേരു സൂചിപ്പിക്കുമ്പോലെ, ആണ്ടാള്‍ദേവനായകി എന്ന വനിത, പഴയ കണ്ണകിയുടെമിത്തില്‍നിന്ന്, ഉരുവായവളാണ്.ആ സ്ത്രീതന്നെയാണ്, പലകാലങ്ങളില്‍ അനീതിക്കെതിരെ പോരാടി പരാജയപ്പെടുന്ന എല്ലാ സ്ത്രീകഥാപാത്രങ്ങളും.
                       ശ്രീലങ്കയിലെ സിംഹള ഭരണവും, തമിഴ് പുലികളുടെഎതിര്‍ത്തുനില്പുമെല്ലാം നോവലില്‍ വരുന്നു. പക്ഷേ, ഫാസിസത്തിന്റെ മുഖങ്ങള്‍തന്നെയാണവ.ആണധികാരത്തിന്റെ ഫാസിസ്റ്റ് മുഖങ്ങള്‍തന്നെ
                       വളരെ കൃത്യമായ ആസൂത്രണത്തോടെ എഴുതപ്പെട്ട ഈ നോവല്‍, ഒരു വിപണനോത്പന്നമെന്നനിലയില്‍, വിജയിക്കാന്‍വേണ്ടി ആവശ്യമായ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയ കൃതിയാണ്.