I'am walking,but please don't expect me to walk with you

Saturday 18 July 2020


എഴുത്തുവഴികളിലൂടെ
ബാലകൃഷ്ണൻ മൊകേരി


          എഴുത്തുവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ വായനയിൽമുഴുകിയൊരു ബാല്യത്തിലേക്കാണ് ചെന്നെത്തുക. അന്ന്, ഞങ്ങള്‍ക്ക് ലോകത്തെയറിയാൻ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല. രണ്ടാംക്ലാസിലും മൂന്നാംക്ലാസിലും പഠിപ്പിച്ച, കേശവൻനമ്പൂതിരിയെന്ന നമ്പൂരിമാഷ്, ഒരുപാട് കഥകള്‍ പറഞ്ഞുതരുമായിരുന്നു. ബാലസാഹിത്യപുസ്തകങ്ങള്‍ ക്ലാസിൽകൊണ്ടുവന്ന് അദ്ദേഹം വായിച്ചുതരികയും, ചിത്രങ്ങള്‍ കാണിച്ചുതരികയും ചെയ്യുമായിരുന്നു. അതാകണം ഞങ്ങളുടെബാല്യത്തിന് ഭാവനയുടെ ചിറകുകള്‍മുളയ്ക്കാൻ പ്രധാനകാരണമായിത്തീര്‍ന്നിട്ടുണ്ടാവുക. പിന്നീടങ്ങോട്ട് വായനയുടെ കാലമായിരുന്നു.ക്ലാസിൽകിട്ടുന്ന ലൈബ്രറിപുസ്തകങ്ങളും, മൊകേരി, പാതിരിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ ലൈബ്രറികളിൽചെന്നെടുക്കുന്ന പുസ്തകങ്ങളും , കുപ്പിപൊട്ടിയൊരു മുട്ടവിളക്കിൻെറ നേര്‍ത്തവെളിച്ചത്തിൽ ഉറക്കമൊഴിഞ്ഞ് വായിക്കുന്നൊരു പയ്യനെ എനിക്കു കാണാനാവുന്നുണ്ട്. രാത്രി രണ്ടുമണിയോ മൂന്നുമണിയോ ആവുമ്പോള്‍, ഉറക്കം ഞെട്ടുന്ന അമ്മ, "എണ്ണ തീ‍ര്‍ത്തുകളേണ്ട, വെളക്കു കെട്ത്തിക്കള" എന്ന് പറയുന്നതും, അതിൻെറ മുന്നിൽ, നിസ്സഹായതയോടെ, അവൻ വിളക്കണച്ച് കിടക്കുന്നതും എനിക്കു കാണാം.
         അന്ന് കൂടുതലായി വായിച്ചിരുന്നത്, ഡിറ്റക്ടീവ് നോവലുകളായിരുന്നു.അതുകൊണ്ടുതന്നെ, അത്തരം കഥകളെഴുതാനിഷ്ടമായിരുന്നു.തലേക്കൊല്ലത്തെ, കോംപോസിഷൻ നോട്ടുകളുടെ എഴുതാത്ത പേജുകളൊക്കെ തുന്നിക്കെട്ടി, പുസ്തകമാക്കി അതിലായിരുന്നു എൻെറ കുറ്റാന്വേഷണ നോവലുകള്‍ പിറക്കുക.. അവയൊക്കെ ക്ലാസിലെ കൂട്ടുകാര്‍ക്ക് വായിക്കാൻ കൊടുക്കുകയും, അവരതിൻെറ ബാക്കിയായ പേജുകളിൽ,ഉശിരൻ അഭിപ്രായങ്ങളെഴുതുകയും ചെയ്യും. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ , മുട്ടത്തുവര്‍ക്കി,കാനം മുതലായവരുടെ പ്രേമകഥകള്‍, അതേപോലുള്ള മറ്റ് പ്രണയകഥകള്‍ മുതലായവയൊന്നും വായിക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. ( മുട്ടത്തു വര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും പഠിക്കാനുണ്ടായിരുന്നു, അതു വായിച്ചു, പിന്നെ അദ്ദേഹം തര്‍ജ്ജമചെയ്ത ഡോക്ടര്‍ ഷിവാഗോ എന്ന നോവലും)
ഹൈസ്കൂളിൽ ഒമ്പതാംക്സാസിൽ പഠിക്കുമ്പോഴാണ് എൻെറ ആദ്യത്തെ കഥ, "ഇരിങ്ങൽ പാറ" ജവഹര്‍ ബാലഭവൻെറ തളിര് മാസികയിൽ പ്രസിദ്ധീകരിച്ചുവന്നത്. സുഗതകുമാരി റ്റീച്ചറായിരുന്നു അതിൻെറ പത്രാധിപര്‍. പിന്നീട് അതിൽ തുടര്‍ച്ചയായി കഥകളെഴുതുമായിരുന്നു. പ്രതിഫലമായി ,കഥ വന്ന കോപ്പി അയച്ചുതരും,അത്രമാത്രം.( വട്ടോളിസ്കൂളിലെ മുറുവശ്ശേരി വിജയൻമാസ്റ്ററക്കാലത്ത്,ഞാനെഴുതിയ ഒരു കവിത, എൻ്റെ ആദ്യകവിത,സ്കൂളിലെ കൈയെഴുത്തുമാസികയിൽ ചേര്‍ത്തതോര്‍ക്കുന്നു.)ആദ്യത്തെ പ്രതിഫലംഎൻെറ കിട്ടിയത് ബാലരമയില്‍നിന്നാണ്, പതിനഞ്ചുരൂപ. മടപ്പള്ളി കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴും തളിരിലും ബാലരമയിലും മറ്റും എഴുതുമായിരുന്നു. അക്കാലത്ത് "കൊങ്ങിണിപ്പൂക്കള്‍" എന്നപേരിൽ ഒരു നോവലുമെഴുതി. അത്, ഒരു നോട്ടുപുസ്തകത്തിലെഴുതി, മുമ്പൊക്കെ ചെയ്തതുപോലെ കൂട്ടുകാര്‍ക്ക് വായിക്കാൻകൊടുക്കുകയും, അവരതിൽ , അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുംചെയ്തിട്ടുണ്ട്. ഒരു പ്രീഡിഗ്രിക്കാരൻെറ ലോകപരിചയമാണതിലുണ്ടായിരുന്നതെങ്കിലും, ആയിടയ്ക്കാരംഭിച്ച നാട്ടിലൂടെയുള്ള കെനാൽനിര്‍മ്മാണവും, അനുബന്ധസംഭവങ്ങളുമൊക്കെ, ആ നോവലിൽ പശ്ചാത്തലമാവുന്നുണ്ട് ( ഈയിടെ, പഴയ പുസ്തകങ്ങള്‍ക്കിടയിൽനിന്ന്, അത് കണ്ടെത്തിയപ്പോള്‍, വായിച്ചുനോക്കിയതാണ്, പഴയ പയ്യൻ കൊള്ളാലോ എന്നുതോന്നുകയും ചെയ്തു !)

              ഡിഗ്രികാലഘട്ടത്തിലാണ്, കവിത പിന്നെ, എന്നെത്തേടിയെത്തിയത്. ..എസ്.എഫിൻെറ കോഴിക്കോടുജില്ലാ സമ്മേളനത്തിൻെറഭാഗമായി നടത്തിയ ജില്ലാതല കവിതാരചനയിലും, എസ്.എഫ്.ഐയുടെ സംസ്ഥാനസമ്മേളനത്തിൻെറ ഭാഗമായി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ കവിതാരചനയിലും ഒന്നാംസ്ഥാനം ലഭിച്ചതോടെ, കവിതയാണെൻെറ വഴിയെന്ന് തോന്നിത്തുടങ്ങി. ദേശാഭിമാനി വാരികയിൽ, ബാലകൃഷ്ണൻ മൊകേരി എന്ന പേരിൽ "പ്രളയം "എന്നകവിതയും, മാതൃഭൂമി ബാലപംക്തിയിൽ, ഋശ്യശൃംഗനെന്ന തൂലികാനാമത്തിൽ കവിതയും ഒരേആഴ്ചയാണ് പ്രസിദ്ധീകരിച്ചുവന്നത്. പിന്നെ, ദേശാഭിമാനിയിൽ ഇടയ്ക്കൊക്കെ കവിത വരും, മാതൃഭൂമി ബാലപംക്തിയിൽ തൂലികാനാമത്തിലും.അന്ന്, മടപ്പള്ളികോളേജിൽ എഴുത്തുകാരുടെ ഒരു കൂട്ടംതന്നെ വിദ്യാര്‍ത്ഥികളായുണ്ടായിരുന്നു-സി.എഛ്.രാജൻ, മോഹൻദാസ്മൊകേരി,വി.ആര്‍.സുധീഷ്, എം.സുധാകരന്‍,സൂര്യഗോപൻ,എം.റഷീദ്,എം.മുഗളീധരൻ, ഭാസ്കരൻ വടക്കയിൽ, സത്യൻ മാടാക്കര മുതയായവരൊക്കെ അതിൽപെടുന്നവരാണ്. മടപ്പള്ളിക്കാലത്താണ്, കേരള സാഹിത്യഅക്കാദമിയുടെ ,വടകരവെച്ചു നടന്ന ചെറുശ്ശേരി ഉത്സവത്തിൽ കവിതഅവതരിപ്പിക്കാൻ ഭാഗ്യംകിട്ടിയത്.മടപ്പള്ളിയിലെ ഞങ്ങളുടെ അദ്ധ്യാപകരായ കടത്തനാട്ടുനാരായണൻ മാഷും,കെ.പി.വാസുമാഷുമൊക്കെ അതിൻെറ സംഘാടകസമിതിയിലുള്ളതുകൊണ്ടായിരുന്നു ഞങ്ങള്‍ക്കാ അവസരം കൈവന്നത്.
              1980 ൽ ബ്രണ്ണൻകോളേജിൽ. എം.എൻ.വിജയൻമാഷും, തോന്നയ്ക്കൽ വാസുദേവൻമാഷും എൻ.പ്രഭാകരൻ മാഷുമൊക്കെ അവിടെ മലയാളംവകുപ്പിലുണ്ടായിരുന്നു.മലയാളം അസോസിയേഷൻ ഡോ.എം.എസ്.മേനോനായിരുന്നു അക്കൊല്ലം ഉദ്ഘാടനം ചെയ്തത്. അവിടെ, വെച്ച്, ആ ആഴ്ചത്തെ ദേശാഭിമാനിവാരിക പ്രസിദ്ധീകരിച്ച കന്യാസ്ത്രീകള്‍ എന്ന കവിത ഞാനവതരിപ്പിച്ചതും, ഉറച്ചുചൊല്ലാമായിരുന്നു എന്ന് വിജയൻമാസ്റ്റര്‍ എന്നോടു പറഞ്ഞതും ഞാൻ മനസ്സിലെന്നും കാത്തുവെയ്ക്കുന്ന
ഓ‍ര്‍മ്മയാണ്. അവിടെ എൻെറ സഹപാഠിയായിരുന്നു ഡോ.പ്രഭാകരൻ പഴശ്ശി. ദേശാഭിമാനി സ്റ്റഡിസര്‍ക്കിളിൻെറ നേതൃത്വത്തിൽ, ഡോക്ടര്‍ തോന്നയ്ക്കൽ വാസുദേവൻമാഷോടും പ്രഭാകരൻ പഴശ്ശിയോടുമൊത്ത് കണ്ണൂര്‍ജില്ലയുടെ പലഭാഗങ്ങളിലുമന്ന് കവിയരങ്ങുകളിൽ സംബന്ധിച്ചിട്ടുണ്ട്. അങ്ങനെ , മട്ടന്നൂരിൽവെച്ചുനടന്ന കവിയരങ്ങിൽവെച്ചാണ്, കരിവെള്ളൂര്‍ മുരളിയേട്ടനെ പരിചയപ്പെടുന്നത്.
             1984 , അധ്യാപകനായി നരിപ്പറ്റ,ആര്‍.എൻ.എം. ഹൈസ്കൂളിൽ ചേര്‍ന്നതോടുകൂടി, എഴുത്തുജീവിതം കുറേക്കാലത്തേക്കു നിശ്ചലമായിരുന്നു. വളരെ അപൂര്‍വ്വമായേ പിന്നീടെഴുതാറുണ്ടായിരുന്നുള്ളൂ.എഴുതാനുള്ള ഒരു സ്പാര്‍ക്ക് മനസ്സിലുണരുന്നത്, പലപ്പോഴും ക്ലാസ്സുകളിൽ വെളിപ്പെടുത്തപ്പെട്ടുപോവുകയും, അങ്ങനെ എഴുതാനുള്ള ത്വര നശിക്കുകയുംചെയ്ത ഒരുപാടനുഭവങ്ങളുണ്ട്.
ഇപ്പോള്‍, അവിടെനിന്ന് സ്വതന്ത്രനായശേഷം, എഴുത്തിൻെറ ലോകം എനിക്കുമുന്നിൽ തുറന്നുവന്നിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.കന്യാസ്ത്രീകള്‍, ഓര്‍മ്മമരം എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.