I'am walking,but please don't expect me to walk with you

Tuesday 28 November 2017

പിരാന്തന്‍ കണാരന്‍
           ബാല്യത്തിന്റെ നിറംമങ്ങിയ താളുകളിലൊന്നില്‍ കണാരച്ചന്റെ ചിത്രം അരികുകളില്‍ പുഴുതിന്നും കറവീണും കാണുന്നുണ്ട്. പിരാന്തന്‍ കണാരനെന്നാണ് അയാളെപ്പറ്റി എല്ലാവരും പറയുക.ആരെയും ഉപദ്രവിച്ചതായി കേട്ട ഓര്‍മ്മയില്ല.ഒരു കള്ളിമുണ്ടുടുത്ത്, (അത് മാടിക്കെട്ടിയിരിക്കും) കുപ്പായമിടാതെയാണ് അയാള്‍ നടന്നുപോകുക.ചിലപ്പോള്‍ ഏതോ പാട്ടുപാടിയിരുന്നോ ? ഓര്‍ക്കുന്നില്ല.ഞങ്ങള്‍,കുട്ടികള്‍ അയാളെ കാണുമ്പോള്‍ ഓടിയൊളിച്ചിരുന്നു എന്നോര്‍ക്കുന്നു. (എനിക്കന്ന് അഞ്ചോ ആറോ വയസ്സുണ്ട്)
ടുവാട്ടെ നാരായണന്‍നായരുടെ വീട്ടിനടുത്തുള്ള തോട്ടുവരമ്പിലൂടെ അതിരാവിലെ അയാള്‍ നടന്നുപോകും.അപ്പോഴാണ് ആ രസകരമായ സംഭവം ആവര്‍ത്തിക്കുക.നാരായണന്‍നായരുടെ ഭാര്യ വിളിക്കും
കണാരാ ?
എന്തേക്കീ അമ്മാട്യാറേ
ഇഞ്ഞേട്യാ പോന്നേ ?
ഞാള് കേക്കോട്ട് പൂവ്വാ ഓളീ
എന്തേനു?
കൊരണപ്പാറേന്റെ മോളിലൊന്നു കാരണം
(കൊരണപ്പാറ, തൊട്ടില്‍പ്പാലത്തിനടുത്തുള്ള മലമുകളിലെ വലിയൊരു പാറയാണ്.അക്കാലത്ത്,അവിടെ കൊടുങ്കാടാണ്. ആരും ഒറ്റയ്ക്കൊന്നും അങ്ങോട്ടു പോകാറില്ലായിരുന്നു.ആ പാറയില്‍ കേറിനിന്നാല്‍ കടലുകാണാമത്രേ!)
എന്തിനേനും കണാരാ ?
അതോ, അമ്മാടിച്ചാറേ,എനക്ക് കടല് കാണ്വാനാ
അത്യോ, ആ വനിത അദ്ഭുതപ്പെടും. എന്നിട്ട്, കണാരച്ചനോട് പറയും.
കണാരാ, ഇഞ്ഞി ഈലുടെ വന്നിറ്റ്, മിറ്റത്തെ തെങ്ങുമ്മന്ന് ഒര് തേങ്ങ അടത്തിത്തന്നാട്ടെ.അരക്ക്വാന്‍ തേങ്ങയില്ല
അയിനെന്താ ഓളീ, ഞാം പറച്ച്യേരാം
കണാരച്ചന്‍ അവരു ചൂണ്ടിക്കാട്ടിയ തെങ്ങില്‍ ക‍യറുന്നു.തെങ്ങിന്‍ മണ്ടയില്‍ കേറിയിരിക്കുന്നു.വിളഞ്ഞ തേങ്ങകള്‍ ഒന്നൊന്നായി അടര്‍ത്തി താഴേക്കിടുന്നു.
നാരായണന്‍നായരുടെ ഭാര്യ തലയില്‍ കൈ വച്ചുകൊണ്ട് മുറ്റത്തിറങ്ങിനില്ക്കുന്നു.മതി കണാരാ, ഇന്നോട് ഒര് തേങ്ങ അടത്തിത്തര്വാനല്ലേ പറഞ്ഞത് ? ഓറിത് കണ്ടോണ്ട് കേറിവന്നാല്, ഇന്നേം കൊല്ലും, എന്നേം കൊല്ലും.കണാരാ, കീഞ്ഞ് വാ
അപ്പോഴേയ്ക്കും, വിളഞ്ഞതും വിളയാത്തതുമായ തേങ്ങകളെല്ലാം കണാരച്ചന്‍ അടര്‍ത്തിയിട്ടിരിക്കും.താഴെയിറങ്ങിവന്ന കണാരച്ചന്‍ ആ വീട്ടുകാരിയോട് പറയും, ഇങ്ങക്ക് ഒര് തേങ്ങേല്ലേ മാണ്ട്യേത് ?ഒന്ന് ഇങ്ങളെടുത്തോളീ.ബാക്കീള്ളത് എന്റെ കൂല്യാളീ.
ഇഞ്ഞി കൂലിക്കിങ്ങ് വാ മനേന്നും പറഞ്ഞുകൊണ്ട് വീട്ടുകാരി കണാരച്ചന്റടുത്തേക്ക് ചെല്ലുമ്പോള്‍, അപകടം മണക്കുന്ന കണാരച്ചന്‍ ഇറങ്ങി ഓടിക്കളയും. രസകരമായ സംഭവമെന്നു പറയാന്‍ കാര്യം, ഈ സംഭവം അടുത്തമാസവും ആവര്‍ത്തിക്കുമെന്നതുകൊണ്ടാണ്. കൃത്യം ഇതേ തിരക്കഥതന്നെ.ഇക്കാരണംകൊണ്ടാണ്, പെരാന്തന്‍ കണാരന്‍ തെങ്ങുമ്മക്കാര്യപോലെ എന്നൊരു ശൈലിയുമുണ്ടായത്.