I'am walking,but please don't expect me to walk with you

Sunday 28 February 2021

 ഒറ്റച്ചിലപ്പ്

-കവിതയുടെ ബോൺസായ് വനം
ബാലകൃഷ്ണൻ മൊകേരി

    കവികള് മിക്കവാറും ഒറ്റയാന്മാരാണ്.ഏതു ജനക്കൂട്ടത്തിൽ നില്ക്കുമ്പോഴും അവര് ഉള്ളാലെ ഒറ്റയായിത്തന്നെ നിലകൊള്ളുന്നു.അന്തരാത്മാവിനാൽ സമൂഹത്തെ തൊട്ടറിയുന്ന അവര് ഉദ്ഘാഷണംചെയ്യുന്ന ശബ്ദത്തെ സമൂഹത്തിന് കേട്ടില്ലെന്നു നടിക്കാം-അവഗണിക്കാം.പക്ഷേ, അവര് നിരന്തരം പുലമ്പിക്കൊണ്ടിരിക്കും.ആ ശബ്ദം, ഏതെങ്കിലും ശ്രോതാക്കളുടെ മനസ്സിൽ ഇളക്കമുണ്ടാക്കാതിരിക്കില്ല.കവിതയിൽ ജീവിക്കുന്ന ഈ വിഭാഗം പ്രത്യാശയോടെ തങ്ങളുടെ കര്മ്മം തുടര്ന്നുകൊണ്ടേയിരിക്കും.

     ഒറ്റച്ചിലപ്പിൽ
    കാറ്റിന്നുള്ളം
    വാലിട്ടിലക്കും
    അണ്ണാൻ

എന്ന് കവി പറയുമ്പോള് (കവിത-ഒറ്റച്ചിലപ്പ്) ആവിഷ്ക്കരിക്കുന്നത് ഈ വസ്തുതയുമാണ്.അണ്ണാൻ ഉച്ചത്തിൽ ഒച്ചപ്പാടുണ്ടാക്കുന്നത് അതിന് ഭയമുണ്ടാകുമ്പോഴാണ്.ആ ശബ്ദം ഒരു മുന്നറിയിപ്പാകുന്നു.ഓരോ ചിലപ്പും അത് സ്വന്തം വാലുകൊണ്ട് വരച്ചുവയ്ക്കുന്നുമുണ്ട്.വാൽ, കാറ്റിന്റെ ഗതിയിൽ,തന്നാലാവുമ്പോലെ ,ഇളക്കമുണ്ടാക്കുന്നുമുണ്ട്.
ഒറ്റച്ചിലപ്പ് എന്ന കുറുങ്കവിതകളുടെ സമാഹാരത്തിലൂടെ,കവി ,ശ്രീ.സി.എഛ്.രാജനും ഭാവുകമനസ്സുകളിൽ ഇളക്കമുണ്ടാക്കുന്നുണ്ട്.പേരറിയാത്ത പൂര്വ്വികര് ജീവിതസത്യങ്ങളെ ഉണക്കിസൂക്ഷിച്ച പഴഞ്ചൊല്ലുകളിലും,ബാഷോക്കവിതകളിലും,കുഞ്ഞുണ്ണിക്കവിതകളിലുമെല്ലാം ഈ സാന്ദ്രവഴക്കങ്ങള് കാണാം. മരങ്ങള് വീണ്ടും വിത്തായിത്തീരുമ്പോലെ,ജീവിതത്തിന്റെ സമഗ്രവിശാലത ആറ്റിക്കുറുക്കിവെച്ചിരിക്കുകയാണ് ഇക്കവിതകളിൽ.
ഇതിലെ നൂറ്റിയറുപത് കുറുങ്കവിതകളിലും കവിതയുടെ മാധുര്യമുണ്ട്;ജീവിതത്തിന്റെ കയ്പും ,മുന്നറിയിപ്പുകളുടെ എരിവുമുണ്ട്. അത്, നമ്മുടെ ചിന്തയിൽവീണ് ,ഓര്ക്കാപ്പുറത്ത് വന്മരങ്ങളായി വിരിഞ്ഞുയരുന്നുണ്ട്. ചില വരികളിൽ ഭാവനയുടെ വര്ണ്ണപ്പൊലിമയേറുമ്പോള്,ചിലതിൽ ഒളിച്ചുവച്ച മുന്നറിയിപ്പുകള് ഒരു കിടുക്കമായി,നടുക്കമായി നിറയുന്നു.അത് നമ്മെ നിരന്തരം പിന്തുടരുകയും,ചെവിയിൽ സ്നേഹസാന്ത്വനങ്ങളായും,കൂര്ത്ത മുന്നറിയിപ്പുകളായും, നിരന്തരംകാണുന്നവയുടെ വ്യത്യസ്തവീക്ഷണകോണുകളായും നമ്മെ വലയംചെയ്യുന്നു.ഇത് ,കവിതയുടെ ഒരു ബോൺസായ് വനമാണ്. ഒരു കാടിന്റെ എല്ലാ ജൈവവൈവിദ്ധ്യങ്ങളും,വൈരുദ്ധ്യങ്ങളും ,സ്പന്ദനങ്ങളും അന്തരീക്ഷവുമടങ്ങിയ ഒരു ബോൺസായ് വനം.

ഒരു നട്ടുച്ചയെ കവി ആവിഷ്ക്കരിക്കുന്നത് നോക്കൂ കവിത -നട്ടുച്ച
    താങ്ങറ്റ
    അത്താണിയിൽ
    തലചായ്ക്കുന്ന
    നട്ടുച്ച

ചിന്തയിൽ ചാലിച്ച ഒരു നര്മ്മമിതാ-കവിത- തുറസ്സ്
     പറക്കും പക്ഷിക്കും
     പെടുക്കുവാനുള്ള
     തുറസ്സല്ലോ ഭൂമി.

കവിത-ചീവീട്
     തുളച്ചുകയറുന്നതായുണ്ട്
    ശബ്ദങ്ങള്,വാക്കുകള്,ഓര്മ്മകള്
    തുലച്ചുകളയുന്നതായും

വൈലോപ്പിള്ളിയുടെ ചീവീടുകള്ക്ക് (കുടിയൊഴിക്കൽ) ഒരനുബന്ധമല്ലേ ഇത്?
ഇതിലെ 160 കവിതകളും നിരന്തരവായനയ്ക്ക് പ്രേരിപ്പിക്കുന്നവയാണ്. ഒരു കവിതകൂടി ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം.

കവിത-കാഴ്ചകള്
     ഒരിടവഴി
     അവസാനിക്കുന്നിടം
     തുടങ്ങും
     മറ്റൊരിടവഴിയായി
    ചുറ്റിച്ചുറ്റിപ്പിടിക്കുന്നു
    പുറംകാണാത്ത
     കാഴ്ചകള്

    ഇതിലെ ഓരോ കവിതയും,അര്ത്ഥഗരിമയുടെ പുതിയ പുതിയ വഴികളിലേയ്ക്ക്, പുറംകാണാത്ത കാഴ്ചകളിലേയ്ക്ക് നയിക്കുന്നവതന്നെയാണല്ലോ.
( പേപ്പര് സ്ക്വയര് പബ്ളിഷ് ചെയ്ത പുസ്തകത്തിന് നൂറുരൂപയാണ് വില. കോപ്പികളാവശ്യമുള്ളവര് 9496421481 എന്നനമ്പറിൽ വിളിക്കുക )
........................................................................................................
May be an image of text that says 'രാജൻ ഒറ്റച്ചിലപ്പ് സി. സി.എച്ച് PAPER SQUARE'
Saraswathi Km, Dogtor Mockery and 50 others
24 Comments
Like
Comment
Share

Comments