I'am walking,but please don't expect me to walk with you

Wednesday 30 June 2021

 

 

 

കവിതാചരിത്രം

ബാലകൃഷ്ണൻ മൊകേരി


മദ്യശാലതൻമുന്നിലെ ക്യൂവിനു

ദൈര്‍ഘ്യമേറിയെന്തിന്നു പുലരിയിൽ?

നൂറുനൂറു കവികള്‍വന്നിങ്ങനെ

ദൂരമൊക്കെയും ദീക്ഷിച്ചുനില്ക്കയോ !

(താനെഴുതും കവിതയിൽ,സര്‍വ്വവും

തച്ചുടക്കുമരാജകവാദികള്‍,

എത്രകൃത്യമായ് ശ്രദ്ധിപ്പു,മുന്നിലും

പിന്നിലും,വിട്ടുവിട്ടുനിന്നീടുവാൻ!)

കാര്യമെന്താണ് ?പോയിതല്ലോ വിഷു,

വന്നുചേര്‍ന്നീലിതോണവുമിപ്പൊഴേ,

പിന്നെയെന്തേ വിശേഷം ? പറയുന്നു,

മുന്നിലെപ്പുതു,കാവ്യശിരോമണി!

"ദൂരെയാരോ രചനതുടങ്ങിപോൽ,

കേരളത്തിൻ പുതുകവിതയ്ക്കൊരു

ചാരുരേഖചമയ്ക്കാൻ ചരിത്രമാ,-

യച്ചരിത്രമേ, കാലംകടന്നിടൂ!

അച്ചരിത്രത്തിലുള്‍പ്പെടാൻവേണ്ടതീ-

കുപ്പിയാണിതിൻ ശക്തിയപാരമാം!

ലേഖകന്റെതിരുമുമ്പിലെത്തിയീ-

ത്തീദ്രവത്തെനാം കാണിക്കനല്കിയാൽ,

പ്രശ്നമൊക്കെയും തീരും ലളിതമായ്

നമ്മളുംകേറുമത്താളിലങ്ങനെ..!.”

തെല്ലൊരമ്പരപ്പോടെ, മടങ്ങുവാൻ

ഞാനൊരുങ്ങവേ,ചങ്ങാതിയോതിനാൻ,

"വന്നുനില്ക്കുകീക്യൂവിൽ,നിനക്കുമീ-

ക്കാവ്യലോകത്തിലുല്ലസിക്കേണ്ടയോ”?!

*****************************



Saturday 26 June 2021

 

ചിലർ
-ബാലകൃഷ്ണൻ മൊകേരി
ഫയൽ കൃത്യമായി പഠിക്കാതെ തടസ്സവാദമെഴുതിയ
ഗുമസ്തൻ ഭൗതികാനന്ദനെ
ആപ്പീസര് കാബിനിൽവിളിപ്പിച്ചു.
എന്താടോ,ഇങ്ങനെയാണോ
ഫയലിൽ നോട്ടെഴുതുന്നത് ?
അത്..അല്ല...ഞാൻ ...ഭൗതികന് വിയര്ത്തു!
കുറേ സര്വ്വീസുണ്ടല്ലോ നിങ്ങള്ക്ക്,
ഒരു ഫയൽ
എങ്ങനെ കൈകാര്യംചെയ്യണംന്നറിയില്ലേ?
പോയി മാറ്റിയെഴുതൂ
-ആപ്പീസറുടെ ഒച്ചപൊങ്ങി.
ഫയലുമെടുത്ത് ജാള്യത്തോടെ
കാബിനിൽനിന്നിറങ്ങുന്ന
ഭൗതികാനന്ദനോട് നാരദക്കുറുപ്പ് ചോദിച്ചു :
"എന്തേയ് ?കിട്ടിയോ കൂട്ടം?”
"കൂട്ടമോ, എനിക്കോ,"ഭൗതികാനന്ദൻ വീറോടെ പറഞ്ഞു,
"ഞാനവനെയാണ് പുലഭ്യം പറഞ്ഞത്,
ഇറങ്ങുമ്പോ ഒരു ചവിട്ടുംകൊടുത്തു,
അങ്ങനെയാ, എന്നോടുകളിച്ചാൽ"
പിറുപിറുത്തുകൊണ്ട് ഭൗതികാനന്ദൻ
സീറ്റിലിരിക്കുമ്പോള്,
നാരദക്കുറുപ്പ് ,
വാര്ത്തയുടെ പരാഗണംനടത്തുകയായിരുന്നു!
പുറത്ത് പതിവുപോലെ
ഊഷ്മളമായകാറ്റുവീശുന്നുമുണ്ടായിരുന്നു!
(ജീവിച്ചിരിക്കുന്നവരുമായോ, മരിച്ചവരുമായോ
ഇക്കഥയ്ക്ക്
ഒരു ബന്ധവുമില്ലെന്ന്
കഥാകൃത്ത് ആണയിടുന്നു)