I'am walking,but please don't expect me to walk with you

Thursday 21 July 2022

 

അദ്ധ്യാപകരും,അദ്ധ്യാപകവിദ്യാര്ത്ഥികളും( മറ്റുള്ളവരും) ശ്രീ. ടിവി രാജീവൻമാസ്റ്റരെഴുതി, ഇൻസൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച ചരിത്രനിയോഗം എന്ന എന്ന ഈ പുസ്തകം വായിക്കുന്നത് നല്ലതാണെന്നു നിസ്സംശയം പറയാം.
ചരിത്രനിയോഗങ്ങളുടെ പ്രകാശരേഖകള്*
-ബാലകൃഷ്ണൻ മൊകേരി
അദ്ധ്യാപകന്മാര് പ്രധാനകഥാപാത്രങ്ങളായി വരുന്ന നോവലുകള് പലതുണ്ടാകും.പെട്ടെന്ന് ഓര്മ്മയിലെത്തുക, ഏകാദ്ധ്യാപകവിദ്യാലയത്തിന്റെ ചുമതലക്കാരനായി ഖസാക്കിലെത്തുന്ന ഒ.വി.വിജയന്റെ രവിയാണ്. പക്ഷേ, ഖസാക്കിലെ രവി ഒരദ്ധ്യാപകനെന്ന ഭാഗധേയത്തിലല്ല പ്രസ്തുത നോവലിൽ നിറയുന്നതെന്ന് വിസ്മരിക്കാവതല്ല.ആ കഥാപാത്രത്തിന് വലിയൊരു ഭാരംതന്നെയായിരുന്നു അദ്ധ്യാപകന്റെ വിലാസം.
ശ്രീ.ടി.വി.രാജീവൻ മാസ്റ്റരുടെ,ചരിത്രനിയോഗമെന്ന നോവലിലെ രമേശൻ മാസ്റ്റര് ഈയിനത്തിൽപെടുന്ന ആളല്ല.ആരായിരിക്കണം ഒരദ്ധ്യാപകൻ എന്ന സങ്കല്പനത്തിന്റെ വെളിച്ചത്തിൽവേണം ഈ കഥാപാത്രത്തിന്റെ ചലനങ്ങളോരോന്നും ഉള്ക്കൊള്ളുവാൻ. ഖദര് ജുബ്ബയും രണ്ടാംമുണ്ടും,കൈയിലൊരു ചൂരലുമായിവരുന്ന ആ പഴയ മാഷല്ല, ഈ കഥാപാത്രം.വിദ്യാഭ്യാസമേഖലയിലുണ്ടായ ആധുനികമായ സമൂലമാറ്റങ്ങളുടെ പ്രതീകമായിവേണം ഈ കഥാപാത്രത്തെ അടയാളപ്പെടുത്തുക.
വിദ്യാഭ്യാസമേഖലയിലുണ്ടാവേണ്ട മാറ്റങ്ങളുടെ ഭാവനാത്മക ചിത്രങ്ങള്,ഗിജുഭായി ബഘേഖയുടെ ദിവാസ്വപ്നം എന്ന കൃതിയിലും, തെത്സുകോ കുറോയാനഗിയുടെ ടോട്ടോചാൻ-ജനാലയ്ക്കരികിലെ പെൺകുട്ടിയെന്ന ജാപ്പനീസ് കൃതിയിലും വെളിച്ചംവിതറി നില്ക്കുന്നുണ്ട്.എന്നാൽ, സമാനമായ അര്ത്ഥഗരിമയോടെ കേരളീയപശ്ചാത്തലത്തിൽ ഒരു കൃതി ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.ആ പരാതിയുടെ സര്ഗ്ഗാത്മകമായ പരിഹാരംതന്നെ, ഈ പുസതകം.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ, താത്ക്കാലികാദ്ധ്യാപകനായി ഒരു കടലോരഗ്രാമത്തിലെ സ്കൂളിലെത്തുന്ന രമേശൻ എന്ന അദ്ധ്യാപകൻ,കുട്ടികളേയും കുട്ടികളിലൂടെ, ആ സമൂഹത്തേയും മാറ്റിമറിക്കുന്നതിന്റെ ഹൃദ്യമായ കഥയാണ് ചരിത്രനിയോഗം എന്ന ഈ നോവൽ.
പരിശീലനംകഴിഞ്ഞ് രമേശൻ മാസ്റ്റര് എത്തിപ്പെടുന്നത് ഒരു കടലോരഗ്രാമത്തിലെ സ്കൂളിലാണ്.അന്ധവിശ്വാസങ്ങളും സമാനമായ ചിന്താഗതികളും നിലനില്ക്കുന്ന, മത്സ്യത്തൊഴിലാളികളേറെയുള്ള ഒരു കടലോര ഗ്രാമം. മത-രാഷ്ട്രീയ വൈരങ്ങളൊന്നുമില്ലാത്ത, നിഷ്ക്കളങ്കരും സ്നേഹസമ്പന്നരുമായ മനുഷ്യരുടെ നാട്. പക്ഷേ, അവിടെ ചൂഷണങ്ങളും സമൂഹവിരുദ്ധ പ്രവര്ത്തന മേഖലകളും ഏറെയുണ്ടായിരുന്നു. അബ്ദു മുതലാളിയുടെ ചൂഷണശൃംഖലയിൽ കുരുങ്ങിപ്പിടയുന്ന പാവം മത്സ്യത്തൊഴിലാളികളും,അന്ധവിശ്വാസങ്ങളിലും മന്ത്രവാദികളിലും കുരുങ്ങിക്കിടക്കുന്ന ജനതയുമുണ്ടായിരുന്നു.
നാലാം ക്ലാസിലെ അദ്ധ്യാപകനായി ചാര്ജ്ജെടുക്കുന്ന രമേശൻമാഷിനുമുന്നിൽ അമ്പത്തിഏഴോളം വിദ്യാര്ത്ഥികളുണ്ടായിരുന്നു. അവരെ എങ്ങനെ ,വിദ്യാഭ്യാസപദ്ധതി വിഭാവനംചെയ്യുന്ന നിലവാരത്തിലെത്തിക്കുമെന്ന ആശങ്കയായിരുന്നു മനസ്സുനിറയെ. തന്റെ നിയോഗത്തിന്റെ ഭാരം അയാളെ അലോസരപ്പെടുത്തി.തന്റെ മുന്നിലെ കുട്ടികളിലൂടെ അവരുടെ കുടുംബങ്ങളിലും,അങ്ങനെ ഗ്രാമത്തിലും നന്മയുടെ മാറ്റങ്ങളുണ്ടാക്കുവാൻ അശ്രാന്തപരിശ്രമം ചെയ്യുന്ന ഒരു വ്യക്തിയേയാണ്,ഒരു നല്ല അദ്ധ്യാപകനെയാണ് നമുക്കീ നോവലിൽ കാണുവാൻ കഴിയുക.
പിതാവിന്റെ രൂക്ഷമായ മദ്യപാനശീലത്തിൽ തകര്ന്ന് വിങ്ങിപ്പൊട്ടുന്നൊരു പെൺകിടാവിലൂടെയാണ് രമേശൻ മാസ്റ്റര് തന്റെ സമൂഹപരിവര്ത്തനദൗത്യം ആരംഭിക്കുന്നത്. ആ പാവംപെൺകിടാവിനെ മുഖ്യധാരയിലെത്തിക്കാൻ ക്ലാസിലെ മറ്റു കുട്ടികളുടെ സഹായംകൂടി അദ്ദേഹം സ്വീകരിക്കുന്നുണ്ട്.സഹപ്രവര്ത്തകരുടെ മുന്നറിയിപ്പുഭീഷണികളുടെ മുന്നിൽ ചകിതനാവാതെ അയാള് തന്റെ പ്രവര്ത്തനം തുടരുമ്പോള്,ആ പെൺകിടാവിന്റെ പിതാവ് മദ്യാപാന ശീലത്തിൽനിന്നും ക്രമേണ മുക്തനായിത്തീരുന്ന കഥകൂടി നമുക്കിവിടെ കാണാം.തന്റെ അദ്ധ്യാപനവൈഭവത്തിലൂടെ ഭാഷയും ഗണിതവുംമാത്രമല്ല രമേശൻമാസ്റ്റര് കൈകാര്യം ചെയ്യുന്നത്.അബ്ദുമുതലാളിയുടെ കൊടുംചൂഷണത്തിലമര്ന്ന് കിടക്കുന്ന ജനതയെ,ഒരു സഹകരണസംഘത്തിന്റെ രൂപീകരണത്തിൽ പങ്കാളിയാവുകവഴി രക്ഷപ്പെടുത്താനും രമേശൻ മാസ്റ്റര്ക്കു കഴിയുന്നുണ്ട്.സാബുവെന്ന മത്സ്യത്തൊഴിലാളിയും,തന്റെ സഹാദ്ധ്യാപകരുമെല്ലാം രമേശൻമാസ്റ്റരുടെ ഈ ചരിത്രനിയോഗത്തിൽ പങ്കാളികളാവുന്നുണ്ട്.
റസാഖെന്ന മയക്കുമരുന്നിന്നടിമയായ ചെറുപ്പക്കാരനെ,അതിൽനിന്ന് മോചിപ്പിക്കാനും രമേശൻ മാസ്റ്റര്ക്കു കഴിയുന്നു.ആ ഗ്രാമത്തിൽ മുമ്പെന്നോ നടന്ന ഒരു കൊലപാതകത്തിന്റെ അണിയറരഹസ്യങ്ങള് പുറത്തുകൊണ്ടുവരാനും കുറ്റവാളികളെ നിയമത്തിന്റെ മുന്നിലെത്തിക്കാനും രമേശൻമാസ്റ്റരുടെ പ്രവര്ത്തനങ്ങള്ക്കു കഴിയുന്നു.
ഒരദ്ധ്യാപകനെന്നാൽ,വെറുമൊരദ്ധ്യാപനത്തൊഴിയാളിയല്ല.തന്റെ സുക്ഷ്മമായ പ്രവര്ത്തനങ്ങളിലൂടെ കുട്ടികളിലും,അവരുടെ ഗാര്ഹികസാഹചര്യങ്ങളിലും ആശാവഹമായ മാറ്റങ്ങളുണ്ടാക്കുവാൻകഴിയുന്നൊരു സാമൂഹ്യപ്രവര്ത്തകനാണയാള്.അങ്ങനെ,ആ സമൂഹത്തെ ശരിയായ ദിശയിലേക്ക് പരിവര്ത്തിപ്പിക്കാൻ അയാള്ക്ക് സാധിക്കുന്നു.ഒരു യഥാര്ത്ഥ അദ്ധ്യാപകനുമാത്രം കഴിയുന്നൊരുകാര്യമാണിത്.ഈ നോവലിലെ രമേശൻമാസ്റ്റര് അങ്ങനെയുള്ളൊരു യഥാര്ത്ഥ അദ്ധ്യാപകൻതന്നെയാണ്.
ഈ നോവലിലെ കഥാപാത്രങ്ങളെല്ലാം ജീവിതത്തിന്റെ ചൂരും ചൂടും പേറുന്നവരാണ്. മത്സ്യത്തൊഴിലാളിയായ സാബു തന്റെ ജോലികഴിഞ്ഞാൽ,നാട്ടുകാര്ക്ക് എന്തുസഹായവും ചെയ്യും.അയാളാണ്, രമേശൻ മാസ്റ്റര്ക്കാവശ്യമായ സഹായങ്ങളും ചെയ്യുന്നത്.ചായക്കടക്കാരനായ മൊയ്തൂക്കയും, രമേശൻ മാസ്റ്റര് താമസിക്കുന്ന കടയുടെ എതിര്വശത്തെ പാത്തൂത്തയും (അവരുടെ ഭര്ത്താവ് മരണപ്പെട്ടതാണ്)മകള് സൈനബയും(അവളുടെ ഭര്ത്താവ് ജമാൽ ,അവളെ ഉപേക്ഷിച്ചുപോയതാണ്)സൈനബയുടെ മകൻ,മയക്കുമരുന്നിനടിമയായിരുന്നെങ്കിലും, രമേശൻമാസ്റ്റരുടെഇടപെടലിലൂടെ അതിൽനിന്ന് മുക്തനായ റസാഖും,അബ്ദു മുതലാളിയും അയാളുടെ ശിങ്കിടികളായ അച്ചുവും പോക്കറുമെല്ലാം കഥയുടെ മുറുക്കമുള്ള ഇഴകള്തന്നെ. രമേശൻ മാസ്റ്റരുടെ സഹപ്രവര്ത്തകരായ അദ്ധ്യാപകരും ജോലിയോട് നീതിപുലര്ത്തുന്നവര്തന്നെ.നാട്ടുകാരുടെ പ്രശ്നങ്ങളിലിടപെട്ട്,പരിഹാരം സാധ്യമാക്കുന്ന സലീം മാഷും കണ്ണൻ മാഷും രാമൻമാഷുമെല്ലാം വ്യക്തിത്വമുള്ള കഥാപാത്രങ്ങള്തന്നെ.രേവതിറ്റീച്ചറും അവരുടെ ഭര്ത്താവ്,എക്സ് മിലിറ്ററിയായ ഗോപിച്ചേട്ടനും,കണ്ണൻ മാഷുടെ ഭാര്യ,ശാന്തേച്ചിയും മക്കളായ പ്രയാഗും മാലിനിയുമെല്ലാം കഥയുടെ വിവിധഘട്ടങ്ങളിൽ സ്വന്തം അടയാളങ്ങള് പതിപ്പിക്കുന്നവര്തന്നെ.
രമേശൻ മാസ്റ്റര് കൃത്യമായ ആസൂത്രണവൈഭവമുള്ള അദ്ധ്യാപകനാണ്. പഠനോദ്ദേശ്യം കുട്ടികളിലെത്തിക്കാനുള്ള മാര്ഗ്ഗങ്ങളും, അവയ്ക്ക് വന്നുചേരുന്ന പോരായ്മകളെ പരിഹരിക്കാനുള്ള ചിന്തകളുമാണ് ആ മനസ്സുനിറയെ. തന്റെ കുടുംബത്തെക്കുറിച്ചോ,
( ഒരിക്കൽ,മദ്യപായിയായ തന്റെ അമ്മാവനെ ഓര്ക്കുന്നതൊഴിച്ചാൽ)വീട്ടുകാരെക്കുറിച്ചോ, കഥയിൽ സൂചനകളില്ല.ഗൃഹാതുരത്വംനിറഞ്ഞ ഓര്മ്മകള്പോലും ആ മനസ്സിലടുക്കുന്നില്ല. മാലിനിയെന്ന സുന്ദരിപ്പെൺകുട്ടി കഥയിൽ കടന്നുവരുമ്പോള്,പ്രണയത്തിന്റെ ഒരു നേര്ത്ത സുഗന്ധം വായനക്കാര്ക്ക് ലഭിക്കുമെങ്കിലും,രമേശൻ മാസ്റ്റരുടെ മനസ്സിൽ അത്തരം ലോലവികാരങ്ങളൊന്നുമില്ല.അദ്ദേഹം, അദ്ധ്യാപകനാവാൻവേണ്ടി മാത്രം ജനിച്ചവനാണെന്നുതോന്നിപ്പോകും.
ക്ഷാമകാലത്ത് ബുദ്ധിമുട്ടിയിരുന്ന മത്സ്യത്തൊഴിലാളികളെ, സഹായിക്കയാണെന്ന വ്യാജേന,ബ്ലേഡിന്റെമൂര്ച്ചയറിയിക്കുന്ന അബ്ദുമുതലാളിയുടെ പിടിയിയിൽനിന്ന് ഗ്രാമത്തെ രക്ഷിക്കാൻ, മറ്റദ്ധ്യാപകരോടൊത്ത് രമേശൻ മാഷും ശ്രമിക്കുന്നുണ്ട്.പാത്തൂത്തയുടെ ഭര്ത്താവിന്റെ മരണം ഒരു കൊലപാതകമായിരുന്നുവെന്ന സത്യം പുറത്തറിയാനും,അതിന്റെ പിന്നിൽ പ്രവര്ത്തിച്ച നിഗൂഢശക്തികളെ നിയമത്തിന്റെ പിടിയിലാക്കാനും നിമിത്തമായിത്തീരുന്നത് രമേശൻമാഷാണ്.സൈനബയുടെ നാടുവിട്ടുപോയ ഭര്ത്താവ് തിരിച്ചത്താൻ ഇടയായതും ഈ അദ്ധ്യാപകന്റെ പ്രവര്ത്തനങ്ങളുടെ ഫലംതന്നെ.നാടിനെ ഗ്രസിച്ചിരുന്ന ദുഷ്ടശക്തികളെല്ലാം നിയമത്തിന്റെ പിടിയിലമര്ന്നതോടെ, നാടിന്റെ ഗ്രഹണകാലം അവസാനിക്കുന്നു.ഇങ്ങനെ, തന്റെ അദ്ധ്യാപനജീവിതംകൊണ്ട് ഒരു ഗ്രാമത്തിൽമുഴുവൻ വെളിച്ചമേകിയിട്ടാണ് തന്റെ അദ്ധ്യാപനജീവിതനിയോഗം രമേശൻ മാസ്റ്റര് പൂര്ത്തിയാക്കുന്നത്.
വളച്ചൊടിക്കപ്പെട്ട ചരിത്രത്തിന്റെ മറയ്ക്കപ്പെട്ട യാഥാര്ത്ഥ്യത്തിലേക്ക്,വസ്തുതകളിലേക്ക് എങ്ങനെ ജനതയുടെ മിഴിതുറക്കാമെന്ന ഒരു പശ്ചാത്തലദൗത്യംകൂടി രമേശൻമാസ്റ്റര് നിര്വ്വഹിക്കുന്നുണ്ട്.ഇതൊക്കെ അദ്ദേഹം ചെയ്യുന്നത്,തന്റെ ചരിത്രനിയോഗത്തിന്റെ ഭാഗമായിത്തന്നെയാണെന്നും,ഏതൊരദ്ധ്യാപകന്റേയും നിയോഗം ഇതൊക്കെത്തന്നെയാണെന്നും ആലോചിക്കേണ്ടതുണ്ട്.തന്റെ ജോലി സ്തുത്യര്ഹമായി നിര്വ്വഹിക്കുന്ന ഒരദ്ധ്യാപകന്,കുട്ടികളെ മാത്രമല്ല ഒരുനാടിനെത്തന്നെ ഉണര്ത്താനും ഉയര്ത്താനുംകഴിയുമെന്നതിന്റെ വസ്തുതാപഠനംതന്നെയാണിത്. അതിനാൽ,അദ്ധ്യാപകരും,
അദ്ധ്യാപകരാവാൻ ഒരുങ്ങുന്നവരും ഈകൃതി അവരുടെ വേദപുസ്തകമായിത്തന്നെ അടയാളപ്പെടുത്താനിടയുണ്ടെന്ന് പറയാതെവയ്യ. അദ്ധ്യാപകര്മാത്രമല്ല,എല്ലാ വായനക്കാരും,രമേശൻ മാഷിനേയും അദ്ദേഹത്തിന്റെ ചരിത്രനിയോഗത്തേയും നെഞ്ചോടുചേര്ക്കുമെന്നതിന് ഒരുസംശയവുമില്ല. തന്റെ ജോലിയോട് കൂറുപുലര്ത്തുന്ന ഒരദ്ധ്യാപകന്റെ ചരിത്രനിയോഗത്തിന്റെ പ്രകാശരേഖകള്തന്നെയാണ്, ശ്രീ.ടി.വി രാജീവൻമാസ്റ്റരെഴുതിയ ഈ ഹൃദ്യമായ പുസ്തകം.
...............................................................................................................................(പുസ്തകത്തിന്റെ കോപ്പികള്ക്കായി താഴെ എഴുതിയ നമ്പറിൽ, ഗ്രന്ഥകര്ത്താവിനെ വിളിച്ചുനോക്കാവുന്നതാണ് +919961927920)
 May be an image of text that says 'ചരിത്ര നിയോഗം രാജീവൻ ടി. വി.'

 May be an image of 2 people and text