I'am walking,but please don't expect me to walk with you

Tuesday 10 March 2020


മതിലുകളില്ലാത്ത 
ചങ്ങരംകുളം യു.പി.സ്കൂള്‍




ഏറെ പറയാനുണ്ടാവുന്നൊരവസ്ഥയില്‍ പലപ്പോഴും വാക്കുകള്‍മുട്ടിനില്ക്കാറുണ്ട്. അവനവനുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നൊരു സ്ഥാപനത്തേയോ,വ്യക്തിയേയോകുറിച്ച് പറയാന്‍തുടങ്ങുമ്പോഴും ഇതേ അവസ്ഥതന്നെയാണ്.നൂറിന്റെ തികവിലും നിറവിലുമെത്തിനില്ക്കുന്ന ചങ്ങരംകുളം യു.പി.സ്കൂളിനെപ്പറ്റി പറയാനൊരുങ്ങുന്ന എന്റെ മനസ്സില്‍ ഓര്‍മ്മകളുടെ പ്രളയമാണ്, ഏതൊക്കെ കാര്യങ്ങള്‍ പങ്കുവെക്കണമെന്ന തീരുമാനമെടുക്കാനാവാത്ത അവസ്ഥ.അന്നത്തെ ഞങ്ങളുടെ സ്കൂളിന് ചുറ്റുമതിലുകളുണ്ടായിരുന്നില്ല, അതിനാല്‍, മതിലുകളാല്‍തടവിലാക്കപ്പെടാത്ത ഓര്‍മ്മകളാണ് ഞാനിവിടെ പങ്കുവെയ്ക്കുന്നത്.
ഒന്നാംക്ലാസുമുതല്‍ ഏഴാം ക്ലാസുവരെ ഞാന്‍ പഠിച്ച വിദ്യാലയമാണിത്.(എന്റെ നാവില്‍ ഹരിശ്രീകുറിച്ചത് കായക്കൊടി, ആക്കല്‍, എല്‍.വി.എല്‍പി. സ്കൂളില്‍വെച്ച്, ബാലകൃഷ്ണമാരാര്‍മാഷായിരുന്നു.എങ്കിലും, ഒന്നാംക്ലാസുമുതല്‍ ഞാന്‍ ഈ യു.പി.സ്കൂളിന്റെ വിദ്യാര്‍ത്ഥിതന്നെയാണ്)
തൈവെച്ചപറമ്പത്ത്ജാനുറ്റീച്ചറാണ്, അക്ഷരലോകത്തിലേക്ക് നൂറുകണക്കിന് കുട്ടികളെയെന്നപോലെ, എന്നേയും കൈപിടിച്ച് നയിച്ചത്. അതേപോലെ, കഥകളുടെ അനശ്വരലോകത്തിലേക്ക് ഞങ്ങള്‍ക്ക് ചിറകുതന്നത് നമ്പൂതിരിമാഷായിരുന്നു.ചീക്കോന്നുമ്മലെ ഗോവിന്ദന്‍മാഷും, ഗോപാലക്കുറുപ്പുമാഷും നളിനിറ്റീച്ചറും ഹിന്ദിയുടെ കല്യാണിറ്റീച്ചറും,സുശീലറ്റീച്ചറും, കണാരന്‍മാഷും എന്നിങ്ങനെ ഗുരുജനങ്ങളുടെ നിരനീളുന്നു.ക്ലാസെടുക്കാത്തവരും, ഏതൊക്കെയോതരത്തില്‍ ഓരോവിദ്യാര്‍ത്ഥിയുമായി അടുപ്പമുള്ളവരായിരുന്നു.
എന്റെ പഠനകാലത്ത് ചന്തമ്മന്‍ മാസ്റ്റുറും, പിന്നീട്, കണാരന്‍മാസ്റ്ററും ഹെഡ്മാസ്റ്റര്‍മാരായിരുന്നു.
ജൂണ്‍ ജൂലായ് മാസങ്ങളില്‍ സ്കൂള്‍ ഗ്രൗണ്ടിലൂടെ നീര്‍ച്ചാലുകള്‍ ഒഴുകിയിരുന്നു. അതിന്റെ ഓരത്ത് പൂഴിയില്‍ കിണറുകള്‍ കുഴിച്ചുകളിക്കുകയെന്നതായിരുന്നു ഞങ്ങളുടെ അന്നത്തെ ഭ്രാന്ത്.അങ്ങനെ കളിക്കുന്നകുട്ടികള്‍ക്കടുത്തേക്ക്, ഒച്ചകേള്‍പ്പിക്കാതെ ചന്തമ്മന്‍മാസ്റ്റര്‍ വരും. വായുവില്‍ പുളയുന്ന ചൂരലിന്റെ സീല്‍ക്കാരവും, പടേ എന്നഒച്ചയും കേട്ട്, ഞങ്ങളെല്ലാം ക്ലാസിലേക്ക് പറക്കും( മാഷ്, പക്ഷേ, കുട്ടികളെയായിരുന്നില്ല അടിച്ചത്.പേടിപ്പിക്കാനായി തന്റെ ഖദര്‍മുണ്ടിന്റെ പിന്‍ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ അടിവീണിരുന്നത്. പക്ഷേ, ആ ഒച്ചമതിയായിരുന്നു ഞങ്ങള്‍ക്കെല്ലാം പേടിച്ചോടാന്‍.)
ഒരിക്കലെപ്പൊഴോ, സ്കൂള്‍സാഹിത്യസമാജമാണോന്നറിയില്ല, കുട്ടികളെയെല്ലാം വലിയ ഹാളിലിരുത്തിയിരിക്കയായിരുന്നു.അവിടെവച്ച്(കുഞ്ഞനന്തന്‍ മാഷോ ബാലകൃഷ്ണക്കുറുപ്പുമാഷോ എന്ന് വ്യക്തമായ ഓര്‍മ്മയില്ല) മാഷ്, വൈലോപ്പിള്ളിയുടെ മാമ്പഴം അവതരിപ്പിച്ചത് ഓര്‍ക്കുന്നു. അതിന്റെ സര്‍വ്വതലസ്പര്‍ശിയായ വ്യാഖ്യാനംകൂടി വന്നപ്പോള്‍, കുട്ടികളെല്ലാം ഏങ്ങലടിക്കുകയായിരുന്നു.
സ്കൂളിനു ചുറ്റുവട്ടത്തുള്ളവരും, കായക്കൊടിയില്‍നിന്ന് വരുന്നവരുമൊക്കെയായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥികള്‍. കുട്ടികളില്‍, ജാതി-മത-രാഷ്ട്രീയ-സാമ്പത്തിക വേര്‍തിരിവുകളൊന്നുമില്ലാത്ത കാലമായിരുന്നു. തെറ്റുകളാരുചെയ്താലും, ശിക്ഷവേണമെന്നകാര്യത്തില്‍, ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. കുസൃതി കാണിച്ചാലും, പഠിച്ചില്ലെങ്കിലും, അദ്ധ്യാപകര്‍ കുട്ടികളെ ശിക്ഷിച്ചിരുന്നു. മക്കളുടെ നന്മയ്ക്കുവേണ്ടിയാണ് അത്തരം ശിക്ഷകളെന്ന് രക്ഷിതാക്കള്‍ക്ക് അന്നൊക്കെ, ഉറച്ച വിശ്വാസവുമുണ്ടായിരുന്നു.
മാലാഞ്ചരി നാണുമാസ്റ്റര്‍ പി..ടിയായി ചേര്‍ന്നത് ആയിടയ്ക്കായിരുന്നു. അതിനുശേഷം, സ്പോര്‍ട്സിലും, ഗെയിംസിലുമെല്ലാം ചങ്ങരംകുളം യു.പി.സ്കൂള്‍ നിറഞ്ഞുതുടങ്ങി.( സബ്ബ്-ജില്ലാ കായികമേള മിക്കപ്പോഴും വട്ടോളി ഹൈസ്കൂള്‍ഗ്രൗണ്ടിലായിരുന്നു.സി.കെ.യു.പി.എന്നു കേള്‍ക്കുമ്പോള്‍ കൈയടിച്ചാര്‍ക്കുവാനും, അന്ന് അവിടെമാത്രം ലഭ്യമായ ഐസ് ഫ്രൂട്ട് തിന്നാനുമായി ഞങ്ങളെല്ലാവരും അന്ന് വട്ടോളിയിലേക്കുപോകുമായിരുന്നു.
സ്കൂളിലൊരു സുവര്‍ണ്ണജൂബിലി ഹാള്‍ പണിതതിന്റെ ഓര്‍മ്മയുണ്ട്.( 1969 ലോ 1970ലോ ആണ്) കല്ലിന്റെ തൂണുകളും, റോഡിന്റെ ഭാഗത്ത് വലിയ ചുമരുമായി, രണ്ടോ മൂന്നോ ക്ലാസ്മുറികള്‍ക്ക് സൗകര്യമുള്ളൊരു ഹാളായിരുന്നു അത്. ഒരു ദിവസം, ക്ലാസ് നടക്കുമ്പോഴാണ് അത് ഓടുമേയാന്‍തുടങ്ങിയത്.മാലാഞ്ചേരിയുടെ നേതൃത്വത്തില്‍ ഏഴാംക്ലാസിലുള്ള മുതിര്‍ന്ന കുട്ടികളില്‍ചിലരാണ് ചാരിവച്ച ഏണിയിലൂടെ ഓടുകള്‍ മുകളിലേക്കു കയറ്റിയിരുന്നത്.ഞങ്ങളന്ന്, നാലാം ക്ലാസിലോ, അഞ്ചാംക്ലാസിലോ മറ്റോ ആണ് പഠിച്ചിരുന്നത്. ഞങ്ങളൊക്കെ അസൂയയോടെ ഓടുകയറ്റുന്ന ചേട്ടന്മാരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ്, അതിന്റെ മേല്ക്കൂര നേരെ പടിഞ്ഞാറ് ഭാഗത്തേക്കമര്‍ന്ന്, വളരെ പതുക്കെ നിലംപൊത്തിയത്.പേടിച്ച കുട്ടികള്‍ കൂട്ടക്കരച്ചിലായി.ഏണിയില്‍നിന്ന്, കൂട്ടികളോട് ഓടുകള്‍വാങ്ങി പണിക്കാര്‍ക്കു കൈമാറിയിരുന്ന മാലാഞ്ചേരി നാണുമാസ്റ്റരുടെ കാല്‍മുട്ടിന് ക്ഷതംപറ്റിയത്രേ.( അതിന്റെ ബുദ്ധിമുട്ട്, അദ്ദേഹത്തിന് ഇപ്പോഴും ഉണ്ടാകാറുണ്ടത്രേ) മറ്റാര്‍ക്കും പരിക്കൊന്നും പറ്റിയിരുന്നില്ല.കുറേ, ഓടും മരവും പോയെന്നുമാത്രം.വീണ്ടും പണിതതാണ് ആ,ഹാള്‍.
ഓരോ കൊല്ലം കഴിയുന്തോറും സഹപാഠികളില്‍പലരും പഠിപ്പു നിര്‍ത്തുമായിരുന്നു.അന്നത്തെ ജീവിതസാഹചര്യവും അതായിരുന്നല്ലോ..ഇന്ന്, പുതിയ വിദ്യാഭ്യാസ രീതിയുടെ ഭാഗമായി വന്നെത്തിയ പലകാര്യങ്ങളും ചങ്ങരംകുളം യു.പി.സ്കൂളിലെ അന്നത്തെ അദ്ധ്യാപകന്മാര്‍ അന്നേ പ്രാവര്‍ത്തികമാക്കിയിരുന്നു.സാഹിത്യ സമാജങ്ങളും,കൈയെഴുത്തുമാസികകളും, ലൈബ്രററി പുസ്തകങ്ങള്‍ ക്ലാസില്‍ കൊണ്ടുവന്ന് കുട്ടികള്‍ക്കു വായിച്ചുകൊടുക്കലും-അങ്ങനെ പലതും.സ്കൂള്‍ ലൈബ്രറിയുടെ ചുമതല അന്ന് കാര്‍ത്തികേയന്‍മാസ്റ്റര്‍ക്കായിരുന്നു. അദ്ദേഹം, ക്ലാസ് ലീഡര്‍വശം കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള പുസ്തകം ഏല്പിക്കുകയും,അവ വായിച്ചുകഴിഞ്ഞ് തിരിച്ചേല്പിച്ചാല്‍, വീണ്ടും അത്രതന്ന വേറെ പുസ്തകങ്ങള്‍തരികയും ചെയ്യുമായിരുന്നു.(സഹപാഠികള്‍ പലരും വായനയോട് താത്പര്യമുള്ളവരല്ലാത്തതിനാല്‍, അവയൊക്കെ വായിച്ചുതീര്‍ക്കലായിരുന്നു അന്ന് എന്റെ വിനോദം.)
കൂടെ പഠിച്ചവരില്‍ മിക്കവാറുംപേരെ ഓര്‍മ്മയുണ്ട്.എന്റെ വീട്ടിന്നടുത്തും, സ്കൂള്‍ പരിസരത്തുമൊക്കെയുള്ളവരായിരുന്നു അവര്‍. പലരും, തുടര്‍ന്നുള്ള പഠനം ഒഴിവാക്കി ജീവിതരംഗത്തേക്കിറങ്ങിപ്പോയി. തുടര്‍ന്നു പഠിച്ചവര്‍ താരതമ്യേന കുറവായിരുന്നു. തുടര്‍പഠനത്തിനുമൊന്നിച്ചുള്ളവരെപ്പറ്റിയാണ് വ്യക്തമായ ഓര്‍മ്മകളുള്ളത്.മടപ്പള്ളി കോളേജില്‍നിന്നും കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ജമാലുദ്ദീന്‍-അയാളെക്കുറിച്ചൊരോര്‍മ്മയുണ്ട്.അയാള്‍ അന്നേ പഠനത്തില്‍ മാത്രംതാത്പര്യമുള്ള ആളായിരുന്നു.അഞ്ചാംക്ലാസിലാണ് ജമാല്‍ ഞങ്ങളുടെ കൂടെ ചേര്‍ന്നത്. ഒരുദിവസം, ഡ്രില്ലിന്റെ പീരിയഡില്‍ ഞങ്ങളെല്ലാം സന്തോഷത്തോടെ ഗ്രൗണ്ടിലേക്കുപോകുകയായിരുന്നു. ജമാല്‍ ക്ലാസില്‍ത്തന്നെ ഇരിക്കുന്നു. ഞാന്‍ അയാളോട് ഡ്രില്‍,ഡ്രില്‍ എന്നാര്‍ത്തു. ദേഷ്യത്തിലായിരുന്നു ജമാലിന്റെ പ്രതികരണം. കുറൂളിക്കണ്ടികുഞ്ഞബ്ദുല്ലയായിരുന്നു എന്നെ അന്ന് രക്ഷപ്പെടുത്തിയതെന്നോര്‍ക്കുന്നു.
മോഹന്‍ദാസ് മൊകേരി, രണ്ടാംക്സാസിലോമറ്റോ ആണ് ഈ സ്കൂളിലേക്കുവന്നത്. ഒരു തുണിസഞ്ചിയില്‍(ബാഗ്) പുസ്തകങ്ങളൊക്കെയിട്ടാണ് മോഹന്‍ദാസ് വന്നത്. ആ സഞ്ചിയില്‍ അദ്ധ്യാത്മരാമായണവും ഭാഗവതവുമൊക്കെ അയാള്‍ സ്കൂളില്‍ കൊണ്ടുവരാറുണ്ടായിരുന്നു. അടുത്തിരിക്കുന്നവര്‍ക്കുമാത്രം അതൊക്കെ കാണിച്ചുകൊടുക്കുകയും ചെയ്യും. ഞങ്ങള്‍ അകലെയിരുന്ന് അസൂയപ്പെടും.
ലീഡര്‍തെരഞ്ഞെടുപ്പിന്റെവകയായി മര്‍ദ്ദനമേറ്റ ഒരനുഭവവും ഇവിടെവച്ച് എനിക്കുണ്ടായിട്ടുണ്ട്.
ചെറിയ ക്ലാസുമുതലേ, ഞങ്ങളുടെ ക്ലാസ് ലീഡര്‍ അന്നത്തെ എന്റെ അടുത്തകൂട്ടുകാരനായിരുന്ന ഏച്ചിത്തറചന്ദ്രനായിരുന്നു. ഏഴാംക്ലാസിലെത്തിയപ്പോള്‍, അയാളെന്നോട് തനിക്കിനി ലീഡറാവാന്‍ വയ്യെന്നും, എതിര്‍സ്ഥാനാര്‍ത്ഥിയായ കുറുന്തോക്കണ്ടി ജയരാജന് വോട്ടുചെയ്യണമെന്നും പറഞ്ഞു.( അതേ, കായക്കൊടി ഹയര്‍സെക്കന്റെറി സ്കൂളില്‍നിന്ന് സയന്‍സ് അദ്ധ്യാപകനായി വിരമിച്ച ജയരാജന്‍മാഷുതന്നെ )മറ്റു സഹപാഠികളോടും ഇക്കാര്യം ഞാനാവശ്യപ്പെടണ​മെന്ന് ചന്ദ്രന്‍ പറഞ്ഞു. അതനുസരിച്ച്, പറ്റുന്നോരോടൊക്കെ ഞാനിതു പറഞ്ഞെങ്കിലും, അവരാരും അത് ചെവിക്കൊണ്ടില്ല.അദ്ധ്യാപകന്‍വന്ന് തെരഞ്ഞെടുപ്പിന്റെപരിപാടി ആരംഭിച്ചു. രഹസ്യബാലറ്റായിരുന്നില്ല. അദ്ദേഹം പറഞ്ഞു : ചന്ദ്രന് വോട്ടുചെയ്യുന്നവര്‍ നില്ക്കൂ.
ഞാനും ജയരാജനും ഒരു പെണ്‍കുട്ടിയുമൊഴികെ എല്ലാരും എണീറ്റുനിന്നു. "ഇനി ജയരാജന് വോട്ടുചെയ്യുന്നവര്‍ നില്ക്കൂ"
ഞങ്ങള്‍ മൂന്നുപേര്‍ മാത്രം.ചന്ദ്രന്‍ ക്ലാസ് ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.
മാഷ് ക്ലാസില്‍നിന്നു പോയശേഷം, ക്സാസിലുണ്ടായിരുന്ന മുതിര്‍ന്നകുട്ടികള്‍ എന്റെനേരെ തിരിഞ്ഞു :"നീയെന്താടാ, ചന്ദ്രന് വോട്ടുചെയ്യാതിരുന്നേ "ന്നും പറഞ്ഞുകൊണ്ടവര്‍ എന്നെപിടിച്ചുതള്ളുകയും, തല്ലുകയും ചെയ്തു.ചന്ദ്രന്‍ പറഞ്ഞിട്ടാണെന്ന എന്റെ വാക്കുകളവര്‍ ചെവിക്കൊണ്ടതേയില്ല.ഞാനിരുന്ന് കരഞ്ഞു.(ചന്ദ്രന്‍ എന്തുകൊണ്ടാണ്, താന്‍ പറഞ്ഞിട്ടാണിവന്‍ അങ്ങനെചെയ്തതെന്ന് പറയാതിരുന്നതെന്ന് എനിക്കിന്നുമറിയില്ല. ഒരുപക്ഷേ, പേടിച്ചിട്ടുതന്നെയായിരിക്കും)പിന്നീട്,ചന്ദ്രന്‍ സംഭവം അദ്ധ്യാപകരെ അറിയിക്കുകയും, ഭീകരന്മാര്‍ക്ക് ശിക്ഷകിട്ടുകയും ചെയ്തു.പക്ഷ, അതോടെ മറ്റൊന്നു സംഭവിച്ചു. ചന്ദ്രനും ഞാനും പരസ്പരം മിണ്ടാതായി.ഇരിക്കുന്നത് തൊട്ടുതൊട്ടുതന്നെ, പക്ഷേ, മിണ്ടില്ല.പലരും അത് രാജിയാക്കാന്‍ ശ്രമിച്ചുവെങ്കിലും അക്കൊല്ലം മുഴുവന്‍ പിണക്കം നീണ്ടുനിന്നു. അവസാനത്തെ പരീക്ഷ കഴിഞ്ഞശേഷം, ഞങ്ങള്‍ സ്കൂള്‍മുറ്റത്തു തമ്മില്‍കണ്ടു.
ഞാന്‍ ഉരിയാടി :എന്താ ചന്ദ്രാ?
അവന്‍ എന്നോടും ഉരിയാടി :എന്താ ബാലകൃഷ്ണാ?
അതോടെ ഞങ്ങളുടെ ദീര്‍ഘമായ പിണക്കം തീര്‍ന്നു!.
(ഞങ്ങളുടെ സൗഹൃദം ഇപ്പോഴും നിലനില്ക്കുന്നുണ്ട്)
എന്തൊരു കാലമായിരുന്നു അത്...
ഈ സ്കൂളുമായി ഏഴാംക്ലാസുവരെ പഠിച്ച ബന്ധം മാത്രമാണോ എനിക്കുള്ളത് ?!
കോളേജില്‍ പഠിക്കുമ്പോള്‍, ഏപ്രിലിന്റെ പരീക്ഷക്കാലത്ത് ഈ വിജനമായ ക്ലാസ് മുറികളിലിരുന്നാണ് ഞാന്‍ പരീക്ഷകള്‍ക്കായി തയ്യാറെടുത്തിരുന്നത്. സായാഹ്നങ്ങളില്‍,ടി.പി.സുരേന്ദ്രനും(ബാബുമാഷ്),ജനമേജയനും,സി.പി.രമേശനും, ടി.പി.സദാനന്ദനും ഞാനും ഭാവിയെപ്പറ്റി സ്വപ്നങ്ങള്‍ നെയ്തതും,അനീതികളെപ്പറ്റി രോഷംകൊണ്ടതും, മോഹഭംഗങ്ങളില്‍ തളര്‍ന്ന് അട്ടംനോക്കി മലര്‍ന്നുകിടന്നതും ഇവിടെയായിരുന്നു.(തങ്ങള്‍ മാഷ്, ജനലിലൂടെ, "അതാരാടോ?” എന്നു ചോദിക്കുന്നതുവരെ ഞങ്ങളിവിടെ ഇരുന്നു.ശില്പി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ്ബ്,ബാബുവിന്റെ മനസ്സില്‍ തെളിഞ്ഞതും,ഒരുപാട് വിനോദയാത്രകളാവിഷ്ക്കരിച്ചതും ഈ ബഞ്ചുകളിലിരുന്നായിരുന്നു.(എന്റെ വിവാഹവും ഈസ്കൂളില്‍വച്ചുതന്നയായിരുന്നല്ലോ!)
ഈയിടെ ആവഴിപോകുമ്പോള്‍ സ്കൂള്‍ കോമ്പൗണ്ടിന്റെ നാലുഭാഗത്തും ഉയര്‍ന്നുനില്ക്കുന്ന മതിലുകള്‍ ഈ പഴയ വിദ്യാര്‍ത്ഥിയോട് എന്തെങ്കിലും പറയാന്‍ ശ്രമിക്കുന്നുണ്ടോ, ആവോ !
........................................................................................................................................