I'am walking,but please don't expect me to walk with you

Saturday 24 August 2019

നാച്ചിമുത്തുവും മലയാളകവിതയും
വായനശാലയുടെ പ്രതിമാസപരിപാടിയില്‍, ആനുകാലികമലയാളകവിതയെപ്പറ്റി സംസാരിക്കണമെന്നാണ് ഭാരവാഹികള്‍ എന്നോടാവശ്യപ്പെട്ടിരിക്കുന്നത്. ആനുകാലികങ്ങളും, നവമാധ്യമങ്ങളുമൊക്കെയായി ബ്രഹ്മാണ്ഡതുല്യമായ ആ ലോകത്തെപ്പറ്റി ആലോചിച്ചു ഭ്രാന്തുപിടിച്ചിരിക്കയായിരുന്നു ഞാന്‍. പെട്ടെന്നാണ് മനസ്സിലേയ്ക്ക് നാച്ചിമുത്തു കടന്നുവന്നത്.
മെലിഞ്ഞുണങ്ങിയ ശരീരമാണ്, ഇരുണ്ട നിറവും.പക്ഷേ, ചൈതന്യമുള്ള കണ്ണുകളായിരുന്നു നാച്ചിമുത്തുവിന്റേത്.തമിഴ് നാട്ടുകാരനാണെന്ന് വിളിച്ചുപറയുന്ന രൂപം.
പഴയൊരു ഗ്രീഷ്മകാലസന്ധ്യയില്‍, വിജനമായ സ്കൂള്‍ഗ്രൗണ്ടിന്റെ മൂലയില്‍,ഇനിയും ഉണങ്ങിക്കഴിഞ്ഞിട്ടില്ലാത്ത പുല്ലില്‍ മലര്‍ന്നുകിടന്ന്, ഭാവിപരിപാടികളെപ്പറ്റി സംസാരിക്കുകയായിരുന്നു രമേശനും ഞാനും.ആകാശത്തില്‍ കാണായ വെണ്‍മേഘങ്ങള്‍പോലെ,ഞങ്ങളുടെ ചിന്തകള്‍ക്കും കൃത്യമായ രൂപമുണ്ടായിരുന്നില്ല.
പെട്ടെന്നാണ്, തമിഴ് നാട്ടുകാരനാണെന്നുതോന്നിക്കുന്ന ഒരാള്‍, മൈതാനംമുറിച്ചുനടന്ന്, ഞങ്ങള്‍ക്കരികിലേയ്ക്ക് വരുന്നതായി കണ്ടത്. അക്കാലത്ത് തമിഴ് സിനിമകള്‍ നിരന്തരംകാണുന്നതിന്റെ ബലത്തില്‍ ഞാന്‍ ചോദിച്ചു :” അണ്ണേ, നീങ്കയാര് ?”
രമേശന്‍ എന്തെങ്കിലും പറയുന്നതിനുമുമ്പ് അയാള്‍ പറഞ്ഞു :
“ ഞാന്‍ നാച്ചിമുത്തു. രമേശന്റെ വീട്ടില്‍ വന്നതാ “
തനിമലയാളംപേച്ചുകേട്ട് ഞാന്‍ ഇളിഭ്യനായെന്നു പറയേണ്ടതില്ലല്ലോ.
"ഞാന്‍കരുതി തമിഴനാണെന്ന് "ചമ്മലോടെ ഞാന്‍ പറഞ്ഞു.
അരികിലിരുന്നുകൊണ്ട് നാച്ചിമുത്തു പറഞ്ഞു :” തമിഴന്‍തന്നെയാ.കോയമ്പത്തൂര്‍കാരന്‍.പക്ഷേ, ഒരുപാടുകാലമായി കേരളത്തില്‍തന്നെയാ.പാലക്കാടുനിന്നാണ് കല്യാണംകഴിച്ചത്.മലയാളം നല്ലോണമറിയും"
“ ഇവിടെയെന്തു ചെയ്യുന്നു ?”
“രമേശന്റെ വീട്ടില്‍ വന്നതാ “
ഞാന്‍ രമേശനെനോക്കി.
രമേശന്‍ പറഞ്ഞു" പൊന്നിന്റെപണിയാണ് .പൊന്നരിക്കാന്‍ എല്ലാകൊല്ലവും ഈസമയത്ത് ഇവര്‍ വരാറുണ്ട്.”
രമേശന്റെ അച്ഛന്‍ നാട്ടിലൊക്കെ അറിയപ്പെടുന്ന വിദഗ്ദ്ധനായൊരു സ്വര്‍ണ്ണപ്പണിക്കാരനാണ്. അന്നൊക്കെ വീട്ടിലിരുന്നുതന്നെയായിരുന്നല്ലോ സ്വര്‍ണ്ണപ്പണി.രമേശനും വിദഗ്ദ്ധനായൊരു സ്വര്‍ണ്ണശില്പിതന്നെയാണ്.
“പൊന്നരിക്കാനോ, അതിന് ഇവിടെയൊക്കെ പൊന്നുണ്ടോ അരിച്ചെടുക്കാന്‍?” ഞാന്‍ ചോദിച്ചു.
മറുപടിപറഞ്ഞത് നാച്ചിമുത്തുവാണ്.
“സ്വര്‍ണ്ണപ്പണി ചെയ്യുന്നവരുടെ ശരീരത്തിലും വസ്ത്രത്തിലുമൊക്കെ ചിലപ്പോള്‍ സ്വര്‍ണ്ണത്തരികള്‍ പറ്റിനില്ക്കും. അപ്പോള്‍, കുളിമുറിയില്‍നിന്ന് വെള്ളമൊഴുകിയെത്തുന്നിടത്തും, അലക്കുകല്ലിന്നടുത്തുമൊക്കെയുള്ള മണ്ണ് ഇളക്കിയെടുത്ത് വെള്ളത്തില്‍കലക്കി ,അരിച്ചെടുത്താല്‍ ആ സ്വര്‍ണ്ണത്തരി കിട്ടിയേക്കും. “
അതെനിക്കൊരു പുതിയഅറിവായിരുന്നു.
“അതുനല്ലൊരു പരിപാടിയാണല്ലോ.നിങ്ങള്‍ക്ക്, ഒരുപാടുപൊന്നുകിട്ടാറുണ്ടോ?"
നാച്ചിമുത്തു പറഞ്ഞു :
“ഞങ്ങളിവിടെവന്ന്,സ്രാപ്പിനെക്കണ്ട്, ചെറിയൊരുതുക നല്കി,പൊന്നരിക്കാനുള്ള സമ്മതംവാങ്ങും പറമ്പുമുഴുവന്‍ കിളച്ചുമറിച്ചാല്‍,മക്കളുടെ ഭാഗ്യംപോലെ, വല്ല ആയിരമോ,രണ്ടായിരമോഒക്കെ ലാഭംകിട്ടിയെന്നുവരും.“
“പൊന്നിന്റെ വലിയപൊട്ടുകളുണ്ടാവില്ലേ ?”
“അത്, വളരെ അപൂര്‍വ്വമാണ്. അങ്ങനെകിട്ടിയാല്‍,ഞങ്ങളുടെ മഹാഭാഗ്യം.മിക്കപ്പോഴും,ചെറിയപൊന്‍തരികള്‍ കിട്ടിയെങ്കിലായി.അത്രതന്നെ. അതിനായി,ഏറെ അധ്വാനിക്കണം, പറമ്പുമുഴുവന്‍ കിളച്ചുമറിക്കേണ്ടിവരും.”
നാച്ചിമുത്തു, ഞങ്ങള്‍ക്കടുത്ത് മലര്‍ന്നുകിടന്ന്,മേഘങ്ങളിലേക്ക് മിഴിനട്ടു.
("നല്ല പൈസകിട്ടുന്നുണ്ടാവും, ഇല്ലെങ്കിലാരെങ്കിലും ഇപ്പണിചെയ്യുവോ ?”രമേശന്‍ എന്റെ ചെവിയില്‍മന്ത്രിച്ചു)