I'am walking,but please don't expect me to walk with you

Wednesday 26 August 2020

 അമ്മ ഉണ്ടായിരുന്നു

---സോണി കുമ്പളച്ചോല

അമ്മ ഉണ്ടായിരുന്നു
നന്നായി ഓലമെടഞ്ഞ് വളഞ്ഞു
ഇരുന്നു തേഞ്ഞ്
ആരോടെന്നില്ലാതെ ചിരിക്കുന്നത്
ഞാൻ കേട്ടതാണ് കടയിലെ പറ്റു ബുക്കിൽ അമ്മയുടെ പേര്
ഉണ്ടായിരുന്നു
അമ്മ നെഞ്ചോട്
ചേർത്ത് പിടിക്കുമ്പോൾ
സ്നേഹത്തിൻ്റെ ഗന്ധം അറിഞ്ഞതാണ് സത്യമായും അമ്മ
ഉണ്ടായിരുന്നു
തേങ്ങ പെറുക്കി
നന്നായി കറിവെക്കു
മാ യി രു ന്നു
അമ്മ ഒറ്റക്ക്
കരയുന്നത്
സത്യമായും
ഞാൻ കണ്ടതാണ്
എടുത്ത് കാട്ടിത്തരാൻ
ദാരിദ്ര്യം മടഞ്ഞു
തീർത്ത കുറെ
കരിച്ചോലകളെ
തെളിവിനുള്ളൂ
അമ്മ ജീവിച്ചിരുന്നു.
**********************************

(സോണി കുമ്പളച്ചോലയുടെ “അമ്മ ഉണ്ടായിരുന്നു” 

എന്ന കവിതയുടെ ഒരു വായന)




ജീവജാലങ്ങൾ ആദ്യമറിയുന്ന നേരിന്റെ പേരാണ്അമ്മ.ജീവിതായോധനത്തിന് മക്കളെ സജ്ജീകരിക്കാനായി “കൊത്തിമാറ്റുമ്പോഴും”, അമ്മമണത്തിലേക്കുതിരിച്ചുവരാൻ മക്കളാഗ്രഹിക്കുന്നു.ജീവിതത്തിന്റെ വിഹ്വലതകളിലും അനിശ്ചിതത്വങ്ങളിലുംപെട്ടുഴലുമ്പോൾ,ഓരോരുത്തരുമാഗ്രഹിച്ചുപോവുക നിസ്വാർത്ഥവും സാന്ത്വനകരവുമായ ചേർത്തുപിടിക്കലുകളാണല്ലോ.
“അമ്മ ഉണ്ടായിരുന്നു”എന്ന കവിതയിൽ ആഖ്യാതാവ്,അമ്മയുടെ
സ്മൃതിസാന്നിദ്ധ്യം തേടുകയാണ്.ജീവിതം കണ്ടെടുക്കാനുള്ള തത്രപ്പാടുകൾക്കിടയിൽ,ഓല മെടഞ്ഞ്മെടഞ്ഞ് തേഞ്ഞുപോയ അമ്മയ്ക്ക് തൻെറ ജീവിതത്തെ മെടഞ്ഞെടുക്കാനാവുന്നുമില്ല.അതുകൊണ്ടുതന്നെ,കടയിലെ പറ്റുപുസ്തകത്തിലെ വെട്ടിമാറ്റപ്പെടാത്ത ഒരുപേരായി,നേരായി അമ്മ ആഖ്യാതാവിന് അനുഭവപ്പെടുന്നു.
നിസ്വയെങ്കിലും, സ്നേഹധാരാളിയാണമ്മ. തൻെറ സ്നേഹത്തിൻെറ നറുംഗന്ധത്തിലേയ്ക്ക് അവർ മക്കളെ ചേർത്തുവയ്ക്കുന്നു.മക്കൾക്കായി നല്ല കറികളുണ്ടാക്കുന്നു-തൻെറ ജീവിതാനുഭവങ്ങളുടെ ഉചിതമായ പാകപ്പെടുത്തലിലൂടെ അവർനല്ല കറികളണ്ടാക്കുന്നു.അതുകഴിക്കുന്ന മക്കൾ നല്ല കറിയെന്ന് അടയാളപ്പെടുത്തുന്നത് അമ്മയുടെ ജീവിതംതന്നെ.നടുമുറിയേ പണിയെടുത്ത് തളരുമ്പോൾ, അവർ ജീവിതത്തെനോക്കി ചിരിക്കുകയും,തൻെറ ഏകാന്തതകളെ കണ്ണീരണിയിക്കുകയും ചെയ്യുന്നു.അതാണ് അമ്മ. അമ്മ ഇക്കവിതയിലാകെ ഒരു പ്രപഞ്ചസ്പന്ദനമായി നിറയുന്നു.
അമ്മയെന്ന സങ്കല്പം, യാഥാർത്ഥങ്ങളോടേറ്റുമുട്ടുമ്പോൾ പ്രായേണ വിസ്മൃതമായേക്കാം.അതാവും, ആഖ്യാതാവ്, അമ്മ ഉണ്ടായിരുന്നു എന്ന് തന്നെത്തന്നെ വിശ്വസിപ്പിക്കാനെന്നോണം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്,അങ്ങനെയൊരു നിസ്വാർത്ഥസ്നേഹം യഥാർത്ഥത്തിലുണ്ടായിരുന്നു എന്ന് തന്നെത്തന്നെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത്, മറ്റുള്ളവരെ ബോധ്യപ്പെടുത്താനാവാതെ വിഷമിക്കുകയാണ് ആഖ്യാതാവ്.അമ്മയന്ന് ഇരുന്നുതേഞ്ഞ്,ചിരിച്ചുകൊണ്ട് മെടഞ്ഞെടുത്ത ഓലകളിന്ന് കരിയോലകളായി മാറിയിരിക്കുന്നു.”കായിൻപേരിൽ പൂ മതിക്കു”ന്നൊരുകാലത്ത്, അമ്മയെന്ന നിസ്വാർത്ഥതയെപ്പറ്റി എത്രപറഞ്ഞാലും, മറ്റുള്ളവരത് വിശ്വസിക്കില്ലെന്നതാണ് ,അവരെയൊന്നും തനിക്ക് വിശ്വസിപ്പിക്കാനാവുന്നില്ലല്ലോ എന്നതാണ് കവിയുടെ ദുരന്തം.മനസ്സുകൊണ്ടും ഭാവനകൊണ്ടുംതൊട്ടറിഞ്ഞകാര്യങ്ങളെ, അന്യമനസ്സുകളിൽ അനുഭവവേദ്യമാക്കാനാവുന്നില്ലെന്നത് എക്കാലത്തേയും കവികളനുഭവിക്കുന്ന പ്രശ്നംതന്നെ.
ലളിതമായ ശൈലിയുടെ സുഭഗമായവിന്യാസം ഇക്കവിതയിലുണ്ട്. ഏറ്റവും ലളിതവും,പ്രാപ്യവുമായിരിക്കുമ്പോഴും കൈകാര്യംചെയ്യുന്ന പ്രമേയംപോലെതന്നെ, ഗഹനവും ദുർജ്ഞേയവുമായ ഒരുവിനിമയലോകംകൂടി ഇക്കവിത ആത്മാവിൽ പേറുന്നുണ്ടെന്നു കാണാം.(കുറേക്കാലം കവിതയിൽനിന്ന് വിട്ടുനിന്നതിൻെറ ചില ചെറിയപ്രശ്നങ്ങളുണ്ടെങ്കിലും, അവയൊന്നും എടുത്തുപറയേണ്ടവയല്ല എന്നുംകുടി പറയേണ്ടിയിരിക്കുന്നു.)
സോണി കുമ്പളച്ചോല “അമ്മ ഉണ്ടായിരുന്നു” എന്ന കവിതയിലൂടെ, ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു എന്ന് പറയാതെവയ്യ.അദ്ദേഹത്തിന് എല്ലാആശംസകളും നേരുകയാണ്.
-ബാലകൃഷ്ണൻ മൊകേരി