I'am walking,but please don't expect me to walk with you

Sunday 26 May 2019

വീണ്ടും കണാരച്ചൻ
                 
ഇലക്ഷൻ റിസല്റ്റ് പ്രമാണിച്ച് ചാനലുകളില് സാമ്പാർ വയ്ക്കുന്ന അണ്ടനേയും അടകോടനേയും കണ്ടുമടുത്തപ്പോഴാണ് പുറത്തേക്കിറങ്ങാമെന്നുവച്ചത്. വെയിലിൻെറ തീക്ഷ്ണനിശ്വാസമേറ്റുകൊണ്ട് നടന്നു എത്തിയത് കണാരച്ചൻെറ ചായപ്പീടികയിലാണ്. അതേ, നമ്മുടെ പഴയ കണാരച്ചൻ തന്നെ.
അവിടെ കുറേ ചെറുപ്പക്കാർ മുഖംകുനിച്ചിരിക്കുന്നുണ്ട്. കണാരച്ചൻെറ വർത്തമാനവും ചിരിയും ഇടയ്ക്ക് മുഴങ്ങുന്നു.
ഒരു പൊടിച്ചായ എനിക്കും തരീൻ-ഞാൻ പറഞ്ഞു..
ആ, മാഷോ?, കണാരച്ചൻ പറഞ്ഞു-ഞാനീ പിള്ളറെ സമാധാനിപ്പിക്യാരുന്നു.ഞാൻ നോക്കി, വളരെ സജീവമായി ഇലക്ഷൻ പ്രചാരണം നടത്തിയ ചെറുപ്പക്കാരാണ്.സഖാവ് പി.ജയരാജൻെറ ഇലക്ഷൻ റിസല്റ്റ് അറിഞ്ഞ് വിഷമിക്കുകയായിരുന്നു അവർ.
മാഷേ, കണാരച്ചൻ പറഞ്ഞു- അതിന് വെഷമിക്ക്ന്നതെന്തിനാ, നാട്ട്വാര്ക്ക് യോഗേല്ല,അത്യന്നെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു- എന്നാലും കണാരച്ചാ,ഞാളൊക്കെ എത്ര കാര്യായി പ്രവർത്തിച്ചതാ, എന്നിറ്റും...
എൻെറ മുന്നില് പൊടിച്ചായ കൊണ്ടുവച്ച് കണാരച്ചൻ പറഞ്ഞു-മക്കളേ, ങ്ങള് വെസനിക്കണ്ട,ഞമ്മള് തോറ്റിട്ടില്ല.തോറ്റത് ഓലന്യാ.
ആര്, യു.ഡി.എഫോ? ഞാൻ ചോദിച്ചു
അതെങ്ങന്യാ മാഷേ,പത്തൊമ്പത് സീറ്റിലും ഓലാ മുന്നില്ന്നല്ലേ പറേന്നത് ?!
അപ്പോ തോറ്റതോ?
തോറ്റതോ, ഇന്നാട്ട്വാര് തന്നെ.ഓലെ പ്രതിനിധിയായി സഖാവിനെ കിട്ട്വാൻ ഓലിക്ക് യോഗേല്ല.അത്യന്നെ.
ഞാൻ കണാരച്ചനെ നോക്കി.
അദ്ദേഹം തുടരുകയാണ്-എന്തെല്ലാം കുപ്രചാരണമാ യു.ഡി.എഫ് കാര് നടത്യത്.ഓറ്, കൊലയാളിയാണെന്നൊക്കെ..ഓറ അറീന്നോര് അതൊന്നും ഒരിക്കലും വിശ്വസിക്കില്ല.പക്കേങ്കില്,കോങ്കറസ് കാരും,ബി.ജെ.പിക്കാരുമൊക്കെ ഉള്ളിക്കൂടെ അതല്ലായിരുന്നോ പറഞ്ഞ് പരത്തിയത്.പോരേങ്കില്, ബി.ജെപിക്കാര് ശബരിമലേൻെറ പേരിലുണ്ടാക്കിയ കൊയമാന്തിരോം.ചാനല്കാരൊക്കെ നിരന്തരം പറേണകേട്ട് ചെല ആള്വോളും അതാ നേര്ന്നങ്ങ് വിചാരിച്ചുപോയി.ഈ ആള്വോള് വലിയ വെവരോന്നൂല്ലാത്തോലാ. പിന്ന്യോ, പഠിപ്പും പത്രാസൂള്ള മനിച്ചമ്മാര് വിചാരിച്ചത്, കോങ്കറസല്ലേ ദേശീയ പാർട്ടി,അപ്പോ ബിജെ.പിക്കാരെ നെലക്ക് നിർത്തണേങ്കില്, വോട്ട് ഓലിക്കല്ലേ കൊടുക്കണ്ട്യേത്ന്നാ.എന്ത്ന്നാ, ഫോണിലൊക്ക ള്ള വാട്ടപ്പോ,, അതിലൂടെ യു.ഡി.എഫിൻെറ നിരന്തര പ്രചാരണോം വന്നു.ഈ പഠിപ്പ്കാര്ണ്ടല്ലോ, ഇങ്ങനത്തത് കണ്ടാല്, വേറൊന്നുംനോക്കാണ്ടങ്ങ് നേരാക്ക്വേംചിയ്യൂലേ!.പിന്നെ മുസ്ലീംവോട്ടിലെ ഭൂരിപക്ഷോം, ബി.ജെ.പിക്കെതിരായി യു.ഡി.എഫിനു തന്നെ പോയിട്ടുണ്ടാകും.അപ്പോപ്പിന്നെ എന്താ ണ്ടാവ്വ?, യു.ഡി.എഫ് കാര് തെരഞ്ഞെടുപ്പില് ജയിക്കും.
ഞാനത്ഭുതത്തോടെ കണാരച്ചനെത്തന്നെ നോക്കിയിരുന്നുപോയി. കണാരച്ചൻതുടർന്നു- പക്കേങ്കില്, വടക്കെല്ലാം ബി.ജെ.പി.തന്നെ പിടിക്വല്ലേ?, ഒളിച്ചോടിവന്ന ചെറ്യോനെ ബയനാട്ട്കാര് തക്കരിച്ചിന്,എന്നാലങ്ങ് അമേഠീലോ ?,
ഇപ്പറഞ്ഞ യു.ഡി.എഫ് കാര് ജനത്തിനെ ബി.ജെ.പീടെ ബദലെന്നുംപറഞ്ഞ് പറ്റിക്ക്യല്ലാര്ന്നോ ?. സീറ്റെല്ലാം മോഡി അടിച്ച് വാരീല്ലേ?.ഭരണത്തില് തുടരുമ്പോ, അയാളെന്തെല്ലാ കാട്ടിക്കൂട്വാന്ന് പറയാനാവ്വോ?, ഇപ്പറഞ്ഞ യു.ഡി.എഫ് കാർക്ക് ഒരു വെരലനക്കാൻപോലും പറ്റ്വോ?
സ്ഥിതി ഗുരുതരംതന്നെ-ഞാൻ പറഞ്ഞു.
അത്യന്നാ മാഷേ, ഞാം പറഞ്ഞത്, ഞമ്മള് തോറ്റിട്ടില്ലാന്ന്-കണാരച്ചൻ പറഞ്ഞു.ജനം അനുഭവിക്കും.അന്നേരം ഓലിക്ക് തിരിയും എന്താണ് എല്.ഡി.എഫെന്ന്. ഓലേ, ജനത്തിന് വേണ്ടി നിക്കൂന്ന്. അത് പോരേ?, അതല്ലേ ജയിക്കല്, അല്ലേ മാഷേ ?
കണാരച്ചൻ ചെറുപ്പക്കാരോട് പറഞ്ഞു- ങ്ങള് നോക്കിക്കോളീ, മോഡി സർക്കാരിൻെറ വിക്രസ്സങ്ങോട്ട് തുടങ്ങട്ടെ, ജനം ആരും പറയാണ്ടന്നെ ഞമ്മളെ പാർട്ടീനത്തേടി വരും.അത്യന്നല്ലേ വിജയം?
അതുപോട്ടെ, ങ്ങളെല്ലാം എൻെറ വക ഓരോ ചായ കുടിക്കിൻ.എന്നിട്ട്, സമാധാനത്തില്, അവനോൻെറ തൊരത്തിന് പോകീൻ.
കണാരച്ചൻ ഒരു സംഭവംതന്നെയെന്ന് ഓർക്കുകയായിരുന്നു ഞാൻ.