I'am walking,but please don't expect me to walk with you

Saturday 9 March 2013

ശൈലനു്
(ദേജാ വൂ-ഒരു വായനാനുഭവം)
             ആകാശത്തെ പമ്പരമാക്കിയ
സൂചിപ്പാറയുടെ മുനമ്പില്‍നിന്ന്
വെണ്‍മേഘത്തിന്റെ
ബ്രേക്കില്ലാത്തൊരു സൈക്കിളില്‍
ശീര്‍ഷസുരക്ഷയണിയാത്തൊരു വില്ലന്‍
ചീറിപ്പാഞ്ഞു വന്ന്
കാട്ടം നിറച്ചൊരു കുരിയല്‍*
എന്റെ തലയില്‍ ചാമ്പുന്നു
            കുപ്പിച്ചില്ലും, കൂരാണികളും,
പൊറാട്ടക്കീറും, അച്ചാറും,
കറി പുരണ്ട പഴഞ്ചോറും
എന്നെ മൂടിക്കളയുന്നു
ചോരയില്‍ മുങ്ങി
നോവില്‍ വിങ്ങി
നാണക്കേടില്‍ ഒങ്ങി
പകയില്‍ പുകയുമ്പോള്‍
പടിഞ്ഞാറുനിന്നൊരു കാറ്റ് വന്ന്
മുറിവുണക്കി (നക്കി) പോവുന്നു
           വലിച്ചെറിഞ്ഞ കാട്ടക്കൊട്ടയില്‍
തിരിച്ചു നോട്ടമെത്തിയപ്പോള്‍
എന്തൊരത്ഭുതം :- അതില്‍
മഞ്ചാടിയുണ്ട്, മയില്‍പീലിയുണ്ട്,
കാക്കപ്പൊന്നുണ്ട്,മഞ്ഞുതുള്ളിയുണ്ട്,
മുത്തുണ്ട്,പൂവുണ്ട്,പുഴങ്കല്ലുണ്ട്
എന്തിനേറെ, 
അപ്പൂപ്പന്‍താടിപോലുമുണ്ട് !
(ഇവയെനിക്കുമിഷ്ടമാണല്ലോ,
ഇതിനെയാണല്ലോ ഞാന്‍
മഞ്ഞക്കണ്ണാടിയില്‍
അന്യഥാ കരുതിപ്പോയത് !)
             കുരിയലുമായി വന്ന വില്ലനെത്തിരഞ്ഞപ്പോള്‍ :
അകലെയുണ്ടയാള്‍
നായകനായ്,
യേശുവായ്,
വെണ്‍മേഘമായ് ചിരിക്കുന്നൂ,
കാറ്റിന്‍ തോളിലേറിയങ്ങനെ
ഒഴുകിയൊഴുകി പോയിടുന്നൂ !

*കുരിയല്‍- കൈതോലകൊണ്ട് ഉണ്ടാക്കുന്ന സഞ്ചി (ബാഗ്)
..............................................................................
(ദേജാ വൂ-ശൈലന്‍-കവിതകള്‍- ഡി.സി.ബുക്സ്-വില 45 രൂപ)