കവിതാചരിത്രം
ബാലകൃഷ്ണൻ മൊകേരി
മദ്യശാലതൻമുന്നിലെ ക്യൂവിനു
ദൈര്‍ഘ്യമേറിയെന്തിന്നു പുലരിയിൽ?
നൂറുനൂറു കവികള്‍വന്നിങ്ങനെ
ദൂരമൊക്കെയും ദീക്ഷിച്ചുനില്ക്കയോ !
(താനെഴുതും കവിതയിൽ,സര്‍വ്വവും
തച്ചുടക്കുമരാജകവാദികള്‍,
എത്രകൃത്യമായ് ശ്രദ്ധിപ്പു,മുന്നിലും
പിന്നിലും,വിട്ടുവിട്ടുനിന്നീടുവാൻ!)
കാര്യമെന്താണ് ?പോയിതല്ലോ വിഷു,
വന്നുചേര്‍ന്നീലിതോണവുമിപ്പൊഴേ,
പിന്നെയെന്തേ വിശേഷം ? പറയുന്നു,
മുന്നിലെപ്പുതു,കാവ്യശിരോമണി!
"ദൂരെയാരോ രചനതുടങ്ങിപോൽ,
കേരളത്തിൻ പുതുകവിതയ്ക്കൊരു
ചാരുരേഖചമയ്ക്കാൻ ചരിത്രമാ,-
യച്ചരിത്രമേ, കാലംകടന്നിടൂ!
അച്ചരിത്രത്തിലുള്‍പ്പെടാൻവേണ്ടതീ-
കുപ്പിയാണിതിൻ ശക്തിയപാരമാം!
ലേഖകന്റെതിരുമുമ്പിലെത്തിയീ-
ത്തീദ്രവത്തെനാം കാണിക്കനല്കിയാൽ,
പ്രശ്നമൊക്കെയും തീരും ലളിതമായ്
നമ്മളുംകേറുമത്താളിലങ്ങനെ..!.”
തെല്ലൊരമ്പരപ്പോടെ, മടങ്ങുവാൻ
ഞാനൊരുങ്ങവേ,ചങ്ങാതിയോതിനാൻ,
"വന്നുനില്ക്കുകീക്യൂവിൽ,നിനക്കുമീ-
ക്കാവ്യലോകത്തിലുല്ലസിക്കേണ്ടയോ”?!
*****************************
No comments:
Post a Comment