I'am walking,but please don't expect me to walk with you

Saturday 1 December 2018

വൈകാരിക പരിസരം
            കാര്യങ്ങളങ്ങനെപോകെ, നമ്മുടെ സാഹിത്യകാരനെ ചെന്നുകണ്ടാലോ എന്നൊരുചിന്തകേറിവന്നു.അയ്യാള് സാധാരണ നാട്ടിലങ്ങനെ കാണപ്പെടാറില്ല. ഇപ്പോളവിടെ ഉണ്ടത്രേ.
ചെന്നു.
ടിയാൻ മട്ടുപ്പാവിലുണ്ടെന്ന് സഹധർമ്മിണി പറഞ്ഞു.
കേറിച്ചെന്നപ്പോളെന്താ കഥ, നൂറുകണക്കിന് വാരികാദികളും, മറ്റു പുസ്തകാദികളും ചിതറിക്കിടക്കുന്നു. നടുവിലിരുന്ന്,അയാള്, പൊരിഞ്ഞ വായനയാണ്.
ദെന്താ കഥ ?
"എടോ, ഇപ്പോഴിതെല്ലാം വായിക്കേണ്ടിവന്നിരിക്കുന്നു.മുഷിപ്പുതന്നെ".
എന്താ കാര്യം?
"അത്തരമൊരു വൈകാരികപരിസരം സംജാതമായിരിക്കുന്നു."
മനസ്സിലാവുന്നരീതിയിലൊന്നു പറയ്!
"ടോ", അയാള് വായന നിർത്തി എൻെറനേരെ തിരിഞ്ഞു."താനിരിക്ക്."
ഞാനിരുന്നു.
"തനിക്കറിയാലോ, ഒരു വ്യാഴവട്ടക്കാലത്തിലധികമായി,ഞാനീ ചവറുകളൊന്നും വായിക്കാറില്ല.ഇവയിലൊക്കെ എഴുതും. അവര് പണംതരും.അതുമാത്രമാണിവയുമായി എനിക്കുള്ള ബന്ധം."
അതിനിപ്പോ എന്തുണ്ടായി?!
"ഉണ്ടായതോ, എന്നെപ്പോലുള്ളവരെഴുതുന്നത് പലരും മോഷണംനടത്തി, ഹെഡ്ഢിംഗ് മാറ്റി,ലവരുടെ പേരില് പ്രസിദ്ധീകരിക്കുന്നൊരു പ്രവണത ഇപ്പോ വളരെ സജീവമാണ്."
അതിന്, പത്രാധിപന്മാർ ഇതൊന്നും വായിക്കില്ലേ?!
"അവരോ, അവര്, ഞങ്ങളുടെയൊക്കെ പേരുണ്ടെങ്കിലെന്തുചവറായാലും കൊടുത്തോളും. , ഞങ്ങളുടെ രചനകളൊന്നും വായിക്കാത്തതിനാല്, അതിലെ ആശയമോ വരികള്തന്നെയോ മോഷ്ടിച്ച് മറ്റാരെങ്കിലും സൃഷ്ടികളയച്ചാല്, ഗംഭീരമെന്ന്പറഞ്ഞ് പ്രസിദ്ധീകരിക്കയും ചെയ്യും."
പിന്നെന്താ വഴി?
"പത്രാധിപന്മാര് പറയുന്നത്, ആത്തരം മോഷണംനടക്കുന്നുണ്ടോന്ന് നോക്കേണ്ടത്, അവരവർതന്നെയാണെന്നാ.അതുകൊണ്ടല്ലേ, ഒരാഴ്ചത്തെലീവെടുത്ത്, ഞാനിതൊക്കെ വായിക്കാനിരിക്കുന്നത്.എന്തൊരു കഷ്ടാന്ന് നോക്കിയേ."
"അപ്പോളിവിടുത്തെ ജൈവപരിസരം അതാണ്. ല്ലേ?
ഞാൻ വൈകീട്ട് വരാം."
വരണം. എന്നെ, വായിക്കാൻ സഹായിക്കാലോ
പുറത്തിറങ്ങുമ്പോള്, ഒരാഴ്ച ഈവഴിയില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ.

No comments:

Post a Comment