നാട്ടിൻപുറം 2
എന്ന് സ്വന്തം
-ബാലകൃഷ്ണൻ മൊകേരി
സ്കൂളുകൾ മഹാപ്രപഞ്ചങ്ങളാണ്.അവിടെയില്ലാത്തതൊന്നുമില്ല. അവിടെ,പുറംലോകത്തെന്നപോലെ പലതും നിരന്തരം സംഭവിക്കാറുണ്ട്. അവയിൽ പലതും പിന്നീടോർക്കുമ്പോൾ, രസകരമായ ഒരുകഥപോലെ തോന്നാറുണ്ട്,ഞങ്ങളുടെ സ്കൂളിൽ മാത്രമല്ല, എല്ലാ വിദ്യാലയങ്ങളിലും ഇങ്ങനെതന്നെയാണ്.അതുകൊണ്ടുതന്നെ, ഞങ്ങളദ്ധ്യാപകർ കോഴ്സുകളിലും മറ്റും കണ്ടുമുട്ടുമ്പോള്, ഇത്തരം അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാറുമുണ്ട്.(ഇതൊരു മുൻകൂർജാമ്യമാണ്. ഞാനിവിടെ പങ്കുവെക്കുന്ന അനുഭവങ്ങൾ എന്റെ വിദ്യാലയത്തിൽത്തന്നെ സംഭവിച്ചതാവണമെന്നില്ലെന്നർത്ഥം !)
അച്ചടക്കം അന്നും പരമപ്രധാനമായിരുന്നു. ഞങ്ങളെല്ലാരും ചെറുപ്പക്കാരായിരുന്നെങ്കിലും, പാഠപുസ്തകത്തിനൊപ്പം ചൂരൽവടിയും ക്ളാ സുകളിൽ കൊണ്ടുപോകുമായിരുന്നു.അദ്ഭുതപ്പെടേണ്ട, അന്ന് മിക്കവാറും എല്ലാ സ്കൂളുകളിലും ഇങ്ങനെതന്നെയാണ്.
കുട്ടികൾ വല്ലകാരണവശാലും സ്കൂളിൽ വരാതിരുന്നാൽ, പിറ്റേന്നുവരുമ്പോൾ, രക്ഷിതാവെഴുതിയ ലീവ് ലറ്റർ നിർബ്ബന്ധമായിരുന്നു. ഇക്കാര്യം, സ്കൂള് തുറക്കുന്ന ജൂൺമാസത്തിൽത്തന്നെ കുട്ടികളെ തെര്യപ്പടുത്തുമായിരുന്നു.ക്ലാസ് റ്റീച്ചർമാർ, ആദ്യത്തെ പിരീഡുതന്നെ ഇവ ശേഖരിച്ച്, സ്റ്റാഫ്റൂമിൽ അവരുടെ മേശവലിപ്പിൽ വെക്കുകയോ,, കമ്പിയിൽ കോർത്ത് കസാരക്കൈയ്യിൽ തൂക്കിയിടുകയോ ചെയ്യും.
ഒരു ദിവസം എന്റെ ഫ്രീ പിരീഡിൽ, ഞാൻ സേതുരാമൻമാഷുടെ കസേരയിലിരുന്ന് ,അടുത്തസീറ്റിലുള്ള പരീക്കുട്ടിമാഷോടു സംസാരിക്കുകയായിരുന്നു. സംഭാഷണമൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ, എന്റെ ശ്രദ്ധ കസേരക്കൈയ്യിലെ ലീവ് ലറ്ററുകളിലായി. അതിൽനിന്ന് ഒന്ന് പുറത്തെടുത്തു, വെറുതെ വായിച്ചുനോക്കി.
ഞെട്ടിപ്പോയി ഞാൻ.കത്ത് ഇങ്ങനെയായിരുന്നു
എന്റെ എത്രയുംപ്രിയപ്പെട്ട സേതുരാമൻമാഷ് അറിയുന്നതിന്,
നമ്മുടെ മകൻ ഇന്നലെ ക്ലാസിൽ വരാതിരുന്നത് അവന് വയറുവേദനയായതുകൊണ്ടാണ്. അതിനാൽ, അന്നത്തെദിവസം ലീവ് അനുവദിക്കണം
എന്ന്, സ്വന്തം
അമ്മുക്കട്ടിയമ്മ (ഒപ്പ്)
അവിവാഹിതനായ സേതുരാമൻ മാസ്റ്റർക്കുവന്ന ലീവ് ലറ്ററാണ്!
പരീക്കുട്ടിമാഷേ, ഇതുകണ്ടോ, ഞാനാ ലറ്റർ അദ്ദേഹത്തിനു നേരെ നീട്ടി.
അദ്ദേഹം അതുവായിച്ച് പൊട്ടിച്ചിരിച്ചു.
എടോ, ഇത് നീ വിചാരിക്കുന്നതുപോലെയൊന്നുമല്ല. ഈ അമ്മുക്കുട്ടിയമ്മ, എന്റെ അയൽക്കാരിയാണ്. അവരുടെ ഭർത്താവ്, കോമക്കുറുപ്പ് ഗൾഫിലാണ്. അയാൾക്ക് കത്തെഴുതിയെഴുതി, ലീവ് ലറ്ററും ആ ഫോർമാറ്റിലായിപ്പോയതാ!
ഞാനുംപൊട്ടിച്ചിരിച്ചുപോയി. ഗൾഫുകാർ ഒരുപാടുള്ള നാടാണ്.നാളെ ഇത്തരമൊരു ലീവ് ലറ്റർ എനിക്കും കിട്ടിയേക്കാമെന്നോർത്തപ്പോൾ, ചിരി മാഞ്ഞുപോവുകയുംചെയ്തു.
**************************************************************************************************
No comments:
Post a Comment