I'am walking,but please don't expect me to walk with you

Tuesday, 4 July 2023

 

നാട്ടിൻപുറം
ബലകൃഷ്ണൻ മൊകേരി
1-അബ്ദുള്ള
എൺപതുകളിലാണ്.ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേര്ന്നു.അന്ന് ശംബളം കുറവായിരുന്നു.പക്ഷേ, കുട്ടികളുടേയും നാട്ടുകാരുടേയും സ്നേഹബഹുമാനങ്ങള് യഥേഷ്ടം!
ഒരു യുവജനോത്സവകാലം. എന്തോ വാങ്ങിക്കാനായി പുറത്തിറങ്ങി. റോഡിലൂടെ നടക്കുമ്പോള്, പഴയ വിദ്യാര്ത്ഥി, അബ്ദുള്ള മുന്നിൽ !
മാഷേ ! അബ്ദുള്ള സ്നേഹത്തോടെ കൈപിടിച്ചു. എന്തൊക്കെയാ വിശേഷം ?
വിശേഷങ്ങള് പറഞ്ഞു.
അബ്ദുള്ള എന്തുചെയ്യുന്നു ? ജോലിയായോ ?
പത്തുകഴിഞ്ഞ് പഠിപ്പ് നിര്ത്തി മാഷേ.ഇപ്പോ നാട്ടിൽത്തന്നെ തേങ്ങാക്കച്ചോടമാണ്. നല്ല ബിസിനസ്സുണ്ട്.
നന്നായി മോനേ. കഠിനാദ്ധ്വാനത്തിലൂടെ ബിസിനസ്സ് ഇനീം വളരട്ടെ.
മാഷേ, മാഷക്കെത്ര രൂപ ശംബളംകിട്ടും ?
അന്ന് ആയിരത്തിൽ കുറവാണ് ശംബളം. പറഞ്ഞു.
അയ്യേ, ഇതേള്ളൂ ? അബ്ദുള്ള മൂക്കത്തു വിരൽവെച്ചു. മാഷേ, മാഷ് എന്റോടി കൂടിക്കോ. തേങ്ങാക്കച്ചോടത്തിലൂടെ നല്ല വരുമാനം കിട്ടും.അതാ നല്ലത്.
അങ്ങനെയല്ല അബ്ദുള്ളാ,ഇതെന്റെ ഇഷ്ടജോലിയാണ്.കിട്ടുന്ന ശംബളംകൊണ്ട് കാര്യങ്ങളൊക്കെ നടന്നുപോകുന്നുണ്ട്. പിന്നെ, നിങ്ങളെപ്പോലുള്ളവരുടെ സ്നേഹവും. പോരേ ?
മാഷക്ക് അതുമതിയെങ്കിലങ്ങനെ. ഞാനാ കണാരേട്ടന്റെ പുരയിലെ തേങ്ങ നോക്കാനിറങ്ങിയതാ. എന്നാ ഞാൻ പോട്ടെ മാഷേ ?
ശരി അബ്ദുള്ളാ.
അബ്ദുള്ള തിരക്കിട്ട് നടന്നുപോയി.
അത് അന്നത്തെ കഥ പില്ക്കാലത്തൊരിക്കൽ അയാളെ വീണ്ടും കണ്ടു. അബ്ദുള്ള കാറ് സൈഡിലേക്കു മാറ്റിയിട്ട്, വിളിച്ചു.
മാഷേ
ആര് ? അബ്ദുള്ളയോ !
അബ്ദുള്ളയ്ക്ക് കഷണ്ടികേറിയിരിക്കുന്നു.(അതോ, മുടി പറ്റേ വടിച്ചുമാറ്റിയതോ ?)
മാഷക്ക് പിരിയാനായോ ?
ഇല്ല അബ്ദുള്ളാ. ഇനീമുണ്ട് കുറേവര്ഷം ബാക്കി. എങ്ങനെ നിന്റെ തേങ്ങാ ബിസിനസ്സൊക്കെ ?
ഞാൻ തേങ്ങാ ബിസിനസ്സ് നിര്ത്തി മാഷേ, അത് നഷ്ടക്കച്ചോടമായിപ്പോയി. തേങ്ങക്ക് വില കുറഞ്ഞോണ്ടിരിക്കയല്ലേ ?
ഞാനിപ്പോ, കാദറാജീന്റെ മോന്റോടി ഗള്ഫിലാ. അവിടിപ്പോ രണ്ടുമൂന്നു കടയുണ്ട്. നല്ല ബിസിനസ്സാണ്.
നന്നായി അബ്ദുള്ളാ. ഇനീം വികസിക്കട്ടെ കച്ചോടം. എന്താ അബ്ദുള്ളാ, എനിക്കൊരു വിസതരാൻ പ്ലാനുണ്ടോ ?
വേണ്ട മാഷേ, മാഷക്ക് പറ്റിയ ജോലി ഇതുതന്യാ. അവിടെ മരുഭൂമീല്, വലിയ ബുദ്ധിമുട്ടും അദ്ധ്വാനവുമാ. പിടിച്ചുനില്ക്കാൻ പാടാ. മാഷക്കത് പറ്റില്ല.
അബ്ദുള്ള സ്നേഹത്തോടെ കൈപിടിച്ച് യാത്രപറയുമ്പോള്, എന്നെ വീട്ടിലേക്കുക്ഷണിക്കാൻ മറന്നില്ല.
മാഷ് എന്തായാലും വരണേ
വരാം അബ്ദുള്ളാ ,ഞാൻ പറഞ്ഞു
*********************
All reactions:
Ajith Kumar Othayoth, Raveendran Ak and 76 others
34 comments
Like
Comment
Share


No comments:

Post a Comment