I'am walking,but please don't expect me to walk with you

Wednesday 20 December 2017

കള്ളുകുടിയന്‍ കണ്ണച്ചന്‍

                  ഒരുപാട് കഥകളുടെ ഈറ്റില്ലമായിരിക്കും എല്ലാ ഗ്രാമങ്ങളും.വെറുതെ, ഒന്നോര്‍ത്തുനോക്കിയാല്‍ മതി, എത്ര കഥാപാത്രങ്ങളാണ് ചുറ്റിലും!അങ്ങനെയൊരുനോട്ടത്തില്‍ തെളിഞ്ഞുവന്നത് കണ്ണച്ചനാണ്.
               കള്ളുകുടിയന്‍ കണ്ണച്ചന്‍ കര്‍ഷകത്തൊഴിലാളിയാണ്.രാവിലെ ഏഴുമണിക്കുതന്നെ കൈക്കോട്ടും, പടന്നയും,കണ്ണിക്കൊട്ടയുമൊക്കെയായി കണ്ണച്ചന്‍ പണിക്കെത്തും.പണിയെടുക്കേണ്ട വീട്ടിലേക്കല്ല പുള്ളി ആദ്യം ചെല്ലുക.പൊട്ടക്കുളങ്ങര നാണുവേട്ടന്റെ ചായക്കടയിലേക്കാണ്.(പില്ക്കാലത്ത് അദ്ദേഹത്തിന്റെ അനുജനായ ബാലന്‍ കച്ചവടം ഏറ്റെടുത്തു) അവിടെ, നാട്ടിലുള്ള കര്‍ഷകത്തൊഴിലാളികളെല്ലാം ഒത്തുകൂടിയിരിക്കും.ആവി പറക്കുന്ന പുട്ടും കപ്പക്കറിയും,ഡൈമന്‍ ഗ്ലാസിലൊരുഫുള്‍ചായയും-ഗ്രാമജീവിതം തുടങ്ങുന്നതിങ്ങനെയാണ്..കണ്ണച്ചനുമങ്ങനെതന്നെ.
             പഴയ കര്‍ഷകത്തൊഴിലാളികളിലേറെപ്പേരും,വൈകുന്നേരം പണിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി കുളിയുംകഴിഞ്ഞ്, നേരെ അങ്ങാടിയിലേക്കു ചെല്ലും.വീട്ടുകാരി പറഞ്ഞല്പിച്ച സാധനങ്ങളൊക്കെ വാങ്ങി , ആ കടയില്‍ത്തന്നെ മാറ്റിവെക്കും.എന്നിട്ട് നേരെ കള്ളുഷാപ്പിലേക്കാണ്.
              ഒന്നോ രണ്ടോ കുപ്പി കള്ളും വരട്ടിയ ഏട്ടത്തലയും പുഴുങ്ങിയ കപ്പയും തൃപ്തിയോടെ കഴിച്ച്, പീടികയില്‍ വാങ്ങിവച്ച സാധനങ്ങള്‍ എടുത്ത്, തലയില്‍കെട്ടുന്ന തോർത്തുമുണ്ടിന്റെ അറ്റത്തു കെട്ടി, മറുഭാഗം തലയില്‍ത്തന്നെ കെട്ടി,വീടുകളിലേക്ക് ആക്കത്തിലങ്ങനെ നടക്കും.
കണ്ണച്ചനും ഇങ്ങനെതന്നെ.പിന്നെ, കള്ളുകുടിയന്‍ എന്ന് ഇദ്ദേഹത്തെമാത്രം വിളിക്കാനെന്താണ് കാരണം ?അതിന്റെ രഹസ്യം ഇങ്ങനെ:-
        തലയില്‍ക്കെട്ടിയ മുണ്ടിന്റെ തുമ്പില്‍, സാധനങ്ങളുമായി കണ്ണച്ചനങ്ങനെ കിറുങ്ങിനടക്കുകയായിരുന്നു.നല്ല നിലാവെളിച്ചം എങ്ങും പരന്നിരുന്നു. കണ്ണച്ചന്റെ വീട് ഒരുയര്‍ന്ന പറമ്പിലാണ്.വീട്ടുമുറ്റം കഴിഞ്ഞ് അടുത്ത കണ്ടം താഴെ. അങ്ങനെ, താഴെത്താഴെയാണ് ആ പറമ്പിലെ കണ്ടങ്ങള്‍. ഓരോ കണ്ടത്തിലും ബാല്യം വിടാത്ത തെങ്ങുകളങ്ങനെ കുലച്ച് കായ്ച് കിടക്കുന്നു.(നല്ല കുറ്റ്യാടി തെങ്ങുകള്‍, അക്കാലത്ത് മണ്ഡരി എന്നൊരു രോഗത്തെപ്പറ്റി ആരും പറഞ്ഞുകേട്ടിരുന്നില്ല).മുറ്റത്തെത്തിയ കണ്ണച്ചന്‍, താന്‍ വീട്ടിലേക്കു കേറിവന്ന വഴിയിലേക്കു തിരിഞ്ഞുനോക്കി.മുറ്റത്തിന്റെ താഴത്തേതിന്റെ താഴത്തെകണ്ടത്തിലെ തെങ്ങിന്റെ നിറുകയിലതാ, പൂര്‍ണ്ണ ചന്ദ്രന്‍ പുഞ്ചിരി തൂകുന്നു.
               കള്ള്പതയുന്ന തലയുമായി കണ്ണച്ചന്‍ തന്റെ ഭാര്യയെ വിളിച്ചു." മളേ,മാണ്യേ,ഇഞ്ഞൊന്നിങ്ങോട്ടു ബാവ്വാളേ, ഞമ്മളെ തായേക്കണ്ടത്തിലെ തെങ്ങിന്റെ മണ്ടേലതാ നെലാവ് കുടുങ്ങീന്"
ഇതും പറഞ്ഞ്, തലയില്‍ക്കെട്ട്, സാധനങ്ങളോടെ അഴിച്ച് കോലായില്‍വെച്ചു കണ്ണച്ചന്‍. മുറ്റത്തിന്റെ താഴത്തെകണ്ടത്തിലെ തെങ്ങിന്റെ ഒരോലയുടെ അറ്റം മുറ്റത്തുനിന്ന് തൊടാന്‍ പറ്റുമായിരുന്നു.ഭാര്യ പുറത്തിറങ്ങിവരുമ്പോള്‍ കാണുന്നത് കണ്ണച്ചന്‍, ഓല ഏന്തിവലിഞ്ഞ് പിടിക്കുന്നതാണ്.പിന്നെ ഓലയുടെ അറ്റംപിടിച്ച് കണ്ണച്ചന്‍ മുറ്റത്തുനിന്ന് താഴത്തേക്ക് ആടുകയാണ്.ഓല കണ്ണച്ചനെ തെങ്ങിന്റെ തടിമരത്തില്‍കൊണ്ടുപോയിടിച്ചിട്ടു. കണ്ണച്ചന്‍ തെങ്ങിന്റെ ചുവട്ടില്‍ ഉണങ്ങിയ മട്ടല്‍ വീണപോലെ.......
         മാണിയമ്മ നെഞ്ചത്തു കൈവച്ചു വിലപിച്ചു."കള്ളും കുടിച്ച് ബന്നിറ്റ് ങ്ങളെന്ത്ന്നാ കളിച്ചുകൂട്ടുന്നത്. പടച്ചോനേ ."ഭാഗ്യത്തിന് കണ്ണച്ചന് കാര്യമായ പരിക്കുകളൊന്നും പറ്റിയിരുന്നില്ല.മാണിയമ്മയോട്, ഇക്കാര്യം ആരോടും പറയരുതെന്നു വിലക്കുകയും ചെയ്തു.
         ഇക്കാര്യമെങ്ങനെ പിന്നെ നാട്ടുകാരറിഞ്ഞെന്നല്ലേ ? പിറ്റേന്നു വൈകുന്നേരം കള്ളുകുടിച്ചുവരുന്നവഴി കണ്ണച്ചന്‍തന്നെയാണ് എല്ലാരോടും പറഞ്ഞത്.അങ്ങനെ, നാട്ടുകാരദ്ദേഹത്തെ കള്ളുകുടിയന്‍ കണ്ണച്ചനെന്ന ബിരുദം നല്കി ആദരിക്കുകയും ചെയ്തു.

No comments:

Post a Comment