I'am walking,but please don't expect me to walk with you

Wednesday 3 January 2018



·
കല്യാണക്കാര്യം
                                         ഇന്നൊരു സ്നേഹിതന്‍ തന്റെ മകന്റെ കല്യാണത്തിന് ക്ഷണിക്കാനെത്തിയിരുന്നു.കത്തു തുറന്നുനോക്കി.പേരുകേട്ടൊരു കല്യാണ മണ്ഡപത്തില്‍ വച്ചാണ് കല്യാണം.
    നിങ്ങള്‍ മുഹൂര്‍ത്തത്തിനു മുന്‍പേ അവിടെ എത്തിയാല്‍മതി. തലേന്ന് വീട്ടില്‍ പരിപാടിയൊന്നുമില്ല-അയാള്‍ പറഞ്ഞു.പറഞ്ഞത് നന്നായി.കാരണം, ഈയിടെ കല്യാണം രണ്ടുദിവസമായാണ് ആളുകള്‍ ആഘോഷിക്കുന്നത്.വിവാഹത്തലേന്ന് ഗംഭീര പരിപാടിയുണ്ടാവും.ആളുകളുമുണ്ടാവും.വിവാഹദിവസം ഒരുപക്ഷേ, ആളുകളുടെ എണ്ണം കുറയാനാണ് സാധ്യത.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വേറെ രക്ഷയൊന്നുമില്ലാത്തതുകൊണ്ട് കല്യാണദിവസവും ചെല്ലേണ്ടിവരും,അത്രമാത്രം. ഇതേതായാലും തലേന്ന് ചെല്ലേണ്ടതില്ലല്ലോ, ഞാന്‍ സുഹൃത്തിനു നന്ദിപറഞ്ഞു.
               എന്റെ കുട്ടിക്കാലത്തൊക്കെ കല്യാണത്തിന്റെ ഒരുക്കപ്പാടുകള്‍ മാസങ്ങള്‍ക്കുമുമ്പേ ആരംഭിക്കുമായിരുന്നു.വീടും പരിസരവും വൃത്തിയാക്കി പന്തലിടും. പന്തല്‍ ഓലകൊണ്ട് മേയും.ഈ ഓല, അയല്‍ക്കാരൊക്കെ കടംകൊടുക്കുന്നതാണ്.അന്ന് നാട്ടിന്‍പുറത്തെ എല്ലാവീടുകളും ഓലമേഞ്ഞതായിരിക്കും.അതുകൊണ്ടുതന്നെ, അതിനായി, ആളുകള്‍ വീടുകളില്‍ഓലമെടഞ്ഞ് ഉണക്കി,കെട്ടി സൂക്ഷിച്ചിരിക്കും.കല്യാണം കഴിഞ്ഞ് പന്തല്‍ അഴിക്കുമ്പോള്‍ ആ ഓല തിരികെ കൊടുത്താല്‍ മതിയാവും.ഇന്നത്തെപ്പോലെ സ്റ്റോണ്‍ലസ് അരിയൊന്നും അന്നില്ലാത്തതിനാല്‍, അരിയില്‍നിന്ന് കല്ലുപെറുക്കി ചേറിപ്പാറ്റിയെടുക്കല്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ടാവും. മുളക്, ഉണക്കി ഉരലിലിടിച്ചുപൊടിയാക്കല്‍, മഞ്ഞള്‍,മറ്റു സാമഗ്രികളെന്നുവേണ്ട, എല്ലാ സംഗതികളും തയ്യാറാക്കും. പ്രഥമനുവേണ്ടി ചെറുപയര്‍ വറുത്ത്, പലകയില്‍നിരത്തി, അതിന്റെ മോളിലൂടെ കുപ്പികളുരുട്ടി പരിപ്പുവേര്‍തിരിക്കും( ഈ ഉരുട്ടല്‍ വിദ്യ പോലീസുകാര്‍ക്ക് അങ്ങനെ കിട്ടിയതാവും)
                                      കല്യാണത്തിന്റെ രണ്ടുമൂന്നുദിവസംമുന്‍പ്, പന്തല്‍ അലങ്കരിക്കാനൊരുങ്ങും. ഈന്തിന്‍ പട്ടകളും, ആനപ്പനയുടെ പട്ടകളും ഇലഞ്ഞിമരത്തിന്റെ ഇലയോടുകൂടിയ ചില്ലകളും ഇതിനായി ഉപയോഗിക്കും. ഈ പരിപാടികളെല്ലാം ഒരു നാട്ടുമുഖ്യസ്ഥന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.അയാള്‍ക്കന്ന് രാജപദവിയാണ്.എല്ലാകാര്യത്തിലും അയാളുടെ ശ്രദ്ധയെത്തും.കാര്യങ്ങള്‍ വേണ്ടരീതിയിലാവുന്നില്ലെങ്കില്‍ ആളുകളെ അയാള്‍ ശകാരിക്കുകപോലും ചെയ്യും.(അക്കാലത്ത് ആര്‍ക്കും അതില്‍ പരിഭവവുമുണ്ടായിരുന്നില്ല)
                                   മുറിച്ചുകൊണ്ടുവന്ന വാഴയില തുടച്ചുവൃത്തിയാക്കി എണ്ണി,കെട്ടുകളാക്കി വച്ചിരിക്കും.(ഇതില്‍നിന്ന്, ഭക്ഷണം കഴിച്ച ആളുകളുടെ എണ്ണം കൃത്യമായി ലഭിക്കും.)കല്യാണാവശ്യത്തിനായി കുട്ടനാടുകളെ വീടിന്റെ പിന്നില്‍ പറമ്പില്‍ കെട്ടിയിട്ടുണ്ടാകും.(ഞങ്ങള്‍ കുട്ടികള്‍, ആ ആടുകളുടെ സമീപം തന്നെയുണ്ടാകം. ഞങ്ങളുടെ നാട്ടില്‍ കല്യാണത്തിന് ഇറച്ചിയും മീനുമൊക്കെയുണ്ടാവും)
                                       കല്യാണത്തലേന്ന്, സമീപവീടുകളിലൊക്കെയുള്ള അമ്മികള്‍ കല്യാണവീടുകളിലെത്തിച്ചിരിക്കും.അയല്‍പക്കക്കാരായ സ്ത്രീകളാണ് രാത്രിയില്‍ തേങ്ങാ അരയ്ക്കുക.ചെറുബാല്യക്കാരായ ആണുങ്ങള്‍ തേങ്ങാ മത്സരിച്ച് ചിരവിക്കൊടുക്കും.തേങ്ങാ അരയ്ക്കുന്ന പെണ്ണുങ്ങള് നാടന്പാട്ടുകള് പാടി അന്തരീക്ഷം താളാത്മകമാക്കും.ആണുങ്ങളുടെ വകയായി പൂരക്കളിയോ കോല്ക്കളിയോ എന്തെങ്കിലുമുണ്ടാകും.ചിലരാകട്ടെ, ഇതിലൊന്നും ശ്രദ്ധിക്കാതെ ചീട്ടുകളിക്കുകയാവും.പെട്രോമാക്സിന്റെ വെളിച്ചം പന്തലിലെങ്ങും പകലൊരുക്കിയിരിക്കും.
                               സമപ്രായക്കാരായ കുട്ടികളൊത്തുകൂടി കഥപറഞ്ഞിരിക്കും.കഥ പലപ്പോഴും പ്രേതകഥയായിരിക്കും.കഥ തീരുമ്പോഴേക്കും അകലെയിരുന്ന കുട്ടികളടുത്തടുത്തെത്തിയിരിക്കും.പിന്നെയവർക്ക് ഒറ്റയ്ക്ക് മൂത്രമൊഴിക്കാന്പോകാന്പോലും പേടിയായിരിക്കും.ഹോ ...
                           കല്യാണദിവസം, വരന്റെ പാര്‍ട്ടി(ഞങ്ങളതിന് പെണ്ണ്വേടിക്കാര്‍-പെണ്ണു തേടിക്കാര്‍- എന്നാണ് പറയുക)അവര്‍ വരിവരിയായി നടന്നാണ് വരിക. കല്യാണവീട്ടിലവര്‍ കേറിവന്നാല്‍ കാലുകഴുകാനായി വലിയ വട്ടളങ്ങളില്‍ വെള്ളവും പാട്ടകളും ഒരുക്കിവച്ചതിനടുത്തേക്കാണ് പോവുക.കാലുകഴുകിയശേഷം,പന്തലിലേക്കും .പന്തലില്‍ പൂമാലകളൊക്കെ ഒരുക്കിവച്ചിട്ടുണ്ടാവും. അവിടെ വച്ച് അന്യോന്യം മാലയിട്ട്,വധൂവരന്മാര്‍ വിളക്ക് വലംവെക്കും.അപ്പോഴാണ് രസകരമായൊരു സംഭവം അരങ്ങേറുക. വരന്റെ അടുത്ത സുഹൃത്തുക്കള്‍ ഒരു മംഗലപത്രം ,ഗില്‍ട്ട്പൊടികൊണ്ട് അച്ചടിച്ച, സര്‍ട്ടിഫിക്കറ്റുപോലുള്ള ഒരു കടലാസ് നോക്കി ഉറക്കെ വായിക്കും. പഴയ പത്താംക്ലാസിലെ ഓട്ടോഗ്രാഫ് വാചകങ്ങള്‍പോലുള്ള വാചകങ്ങള്‍-ജീവിതത്തിന്റെ നവീനമായ ആകാശങ്ങളിലേക്ക് ഒരുമിച്ച് ചിറകടിച്ചുയരാനൊരുങ്ങുന്ന ഈ നവമിഥുനത്തിന്........എന്നമട്ടിലായിരിക്കും ഈ മംഗളാശംസകളുണ്ടാവുക. അതിന്റെ ഒരു കോപ്പികിട്ടാനായി കുട്ടികള്‍ മത്സരിക്കാറുണ്ടായിരുന്നു.(അഞ്ചോ ആറോ കോപ്പിമാത്രമേ അവരത് അച്ചടിക്കാറുള്ളൂ)
                                      ഭക്ഷണത്തിന് ഇന്നത്തപ്പോലെ മേശയും കസാരയുമൊന്നുമുണ്ടാവില്ല. നീളമുള്ള പുല്ലുപായകള്‍(പന്തിപ്പായ) പന്തലിലെ നിലത്ത് നീളത്തില്‍ വിരിച്ചതില്‍ ചമ്രംപടിഞ്ഞിരുന്നാണ് ആളുകള്‍ ഭക്ഷണംകഴിക്കുക(അതൊരു സാഹസം തന്നെയായിരുന്നു)പന്തലിലെ നിലം അടിച്ചൊതുക്കി ചാണകം തളിച്ച് മെഴുകിയതായിരിക്കും എന്നതിനാലൊരു വൃത്തികേടുമുണ്ടായിരുന്നില്ല
                      വിവാഹപ്പാര്‍ട്ടിക്ക് വാഹനമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങിയ കാലത്തുതന്നെ, ഒരിക്കല്‍ ഞങ്ങള്‍ക്ക് പത്തിരുപത്തേഴുകിലോമീറ്റര്‍ നടക്കേണ്ടിവന്നതോര്‍മ്മവരുന്നു. ചങ്ങരംകുളത്തെ ബേബി മാസ്റ്റര്‍ എന്ന പുരുഷോത്തമന്‍ മാസ്റ്റരുടെ വിവാഹവേദി വടകര ലോകനാര്‍കാവിലായിരുന്നു.കല്യാണത്തിന്റെ തലേന്നായിരുന്നു, ഇന്ത്യയെമുഴുവന്‍ നടുക്കിയ ആ സംഭവമുണ്ടായത്.ശ്രീമതി ഇന്ദിരാഗാന്ധിയുടെ നേരെ ഒരാള്‍ വെടിയുതിര്‍ത്ത്, അവരെ കൊലപ്പെടുത്തി.അതിന്റെ പിറ്റേന്ന്, എങ്ങും ബന്ദായിരുന്നു. നിശ്ചയിച്ച കല്യാണം......ഒടുവില്‍ പാര്‍ട്ടി നടന്നുപോകാന്‍ തീരുമാനിച്ചു.ഞങ്ങള്‍ അതിരാവിലെതന്നെ റോഡിലൂടെ ലോകനാര്‍കാവിലേക്കു നടന്നു.(ചിലരുടെ കൈയില്‍ കത്തിച്ച ചൂട്ടുകളുണ്ടായിരുന്നു)
വിവാഹച്ചടങ്ങുകള്‍ കൃത്യസമയത്തുതന്നെ നടന്നു.അങ്ങനെയൊരു കാലം ........!

No comments:

Post a Comment