I'am walking,but please don't expect me to walk with you

Tuesday, 10 January 2017

രാമായണം-ഒരോര്‍മ്മ
രാമായണകഥകള്‍ ഞാനാദ്യമായി കേള്‍ക്കുന്നത് അയല്‍ക്കാരനായ എഴുത്തോറക്കുനി കണ്ണച്ചന്‍ പറയുമ്പോഴാണ്.( ഞങ്ങളുടെ നാട്ടിലന്ന് പ്രായമായവരെ പേരിന്റെകൂടെ അച്ചനെന്നു ചേര്‍ത്താണ് ബഹുമാനിച്ചുവിളിക്കുക. കണ്ണച്ചന്‍,പൊക്കച്ചന്‍ ,കണാരച്ചന്‍-ഇങ്ങനെ.പിന്നീടത് ഏട്ടന്‍വിളിക്കു വഴിമാറി) സന്ധ്യകഴിഞ്ഞാ ലദ്ദേഹം വീട്ടില്‍വരുമായിരുന്നു. അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കും. നല്ല ഭാഷാശൈലിയാണ്.സംസാരം ഏതെങ്കിലും ഘട്ടത്തില്‍ പുരാണത്തിലേക്കു മാറും.അതുകേള്‍ക്കാന്‍ കുട്ടികളായ ഞങ്ങളും അടുത്തുകൂടുമായിരുന്നു. രാമായണം കഥ വളരെ രസകരമായിത്തന്നെ അദ്ദേഹം പറയുമായിരുന്നു. അടുത്തദിവസം കഥയുടെ തുടര്‍ച്ചയാവും. മിക്കവാറും കര്‍ക്കിടകംമുഴുവന്‍ കഥയുണ്ടാവും.
വായന ലഹരിയായഘട്ടത്തില്‍ ഞാനദ്ദേഹത്തോട് രാമായണപുസ്തകം വായിക്കാന്‍തരുമോ എന്നുചോദിച്ചു. അദ്ദേഹം എത്തിച്ചുതന്നത് കമ്പരാമായണമായിരുന്നു.ഗദ്യം. ആ പുസ്തകത്തിലുള്ളതുപോലെയായിരുന്നു അദ്ദേഹം കഥപറഞ്ഞിരുന്നതെന്ന് അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു എന്തൊരു ഓര്‍മ്മശക്തിയെന്ന് ഞാനതിശയിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍, ഗള്‍ഫില്‍ പോയ മകന്റെ മകന് അയക്കാന്‍ കത്തെഴുതിക്കൊടുക്കണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു.ഞാനെഴുതിക്കൊടുത്തു. ഇക്കാര്യം അമ്മയോടു പറയുമ്പോള്‍, അതെന്താണമ്മേ, കണ്ണച്ചന്‍എഴുതാത്തതെന്നു ഞാന്‍ ചോദിച്ചപ്പോഴാണ്, എന്നെ ഞെട്ടിച്ച അക്കാര്യംഞാനറിഞ്ഞത്. കണ്ണച്ചന്എഴുതാനും വായിക്കാനുമറിയില്ല.അതായത് ,അക്ഷരാഭ്യാസമില്ല. ( ആരോ രാമായണം വായിക്കുന്നത് ശ്രദ്ധിച്ചു കേട്ട് ഹൃദിസ്ഥമായതാണ്. എന്തൊരോര്‍മ്മശക്തിയെന്ന് അസൂയപ്പെട്ടു ഞാന്‍ )

No comments:

Post a Comment