I'am walking,but please don't expect me to walk with you

Saturday 16 October 2021

ഒരു
അലുമ്നിക്കാലത്ത്
-ബാലകൃഷ്ണൻ മൊകേരി

 ഏറെനാൾ വാട്സപ്പ് ഗ്രൂപ്പായി സജീവമായതിനുശേഷമാണ് ഞങ്ങൾ ഒരിടത്ത് ഒരുമിച്ചുചേർന്ന് ഓർമ്മപുതുക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പിലൊരാളായ ദിനേശൻ വക്കീലിന്റെ കൺവെൻഷൻ സെന്ററിൽവെച്ച് ഒരു കൂടിച്ചേരലും ,ഓർമ്മപുതുക്കലും,ഫോട്ടോഎടുക്കലും ഭക്ഷണവും-അങ്ങനെയാണ് കുഞ്ഞിരാമനും ജയകൃഷ്ണനും പറഞ്ഞത്.
 വാട്സപ്പിൽ ഫോട്ടോകളൊക്കെ കണ്ടിരുന്നെങ്കിലും,നേരിട്ട്തിരിച്ചറിയൽ ബുദ്ധിമുട്ടുതന്നെയായിരുന്നു.ആരും പഴയരൂപത്തിലല്ലായിരുന്നു. അന്ന് മുടിനീട്ടിവളര്‍ത്തിയവർക്ക് കഷണ്ടിയുടെ അലങ്കാരം കൈവന്നിട്ടുണ്ട്.സ്ലിംബ്യൂട്ടികൾ തടിച്ചികളായി!,മിണ്ടാപ്രാണികൾക്ക് ശബ്ദം കിട്ടിയിട്ടുണ്ട്.പൊതുവായി എല്ലാർക്കും നരകയറിയിട്ടുണ്ടായിരുന്നു.വിവിധതസ്തികകളിൽ ജോലിചെയ്ത്,കുടുബം ഭദ്രമാക്കിയവരാണ് എല്ലാരുമെന്നുപറയാം.
 കോൺഫറൻസുഹാളിൽ കുഞ്ഞിരാമനാണ് തുടങ്ങിയത്.
നമ്മളോരോരുത്തരായി സ്വയം പരിചയപ്പെടുത്താം, അയാൾ പറഞ്ഞു.കൂട്ടായ്മയ്ക്കുവേണ്ടി ഏറെ ആഗ്രഹിച്ച ജയകൃഷ്ണൻ സന്തോഷലഹരിയിലായിരുന്നു, അതാണ് നല്ലത്, അയാൾ പറഞ്ഞു.
 ആരുതുടങ്ങുമെന്ന ചെറിയൊരങ്കലാപ്പ്.പെട്ടെന്ന്, ഉയരംകുറഞ്ഞ ഒരാൾ എണീറ്റ് മൈക്കിനടുത്തെത്തി.
ഞാൻ തുടങ്ങാം, അയാൾ ചിരിച്ചു.ആ ചിരി കണ്ടപ്പോൾ, നല്ല പരിചയംതോന്നി. പക്ഷേ, ആളെ ആർക്കും ഓർമ്മകിട്ടുന്നില്ല.
അയാൾപറഞ്ഞു- എനിക്കെല്ലാരേം ഓർമ്മയുണ്ട്,ഞാൻ പരിചയപ്പെടുത്താം.അതുകഴിഞ്ഞ് നിങ്ങൾ പറഞ്ഞോളൂ, അയാൾ തുടർന്നു,
ഇത് ജയകൃഷ്ണൻ ,ജോയന്റ് ആർടിഓ ആയി വിരമിച്ച മൂപ്പരിപ്പോൾ വിദേശയാത്രകഴിഞ്ഞ് എത്തിയതേയുള്ളൂ.അപ്പുറത്ത്,നമ്മുടെ കുഞ്ഞിരാമൻ. ഈ പരിപാടിക്കുവേണ്ടി, ഏറെ ബുദ്ധിമുട്ടി,ഡാറ്റ കളക്റ്റുചെയ്തത് അയാളാണ്.ഇപ്പോള്‍, ആളൊരു ബുദ്ധമതക്കാരനാണ്. ഇവരെയൊക്കെ എല്ലാർക്കും അറിയാമല്ലോ.
ഞങ്ങൾ തലകുലുക്കി.അയാൾ തുടർന്നു
 അപ്പുറത്തിരിക്കുന്നത്, എം.എൻ പത്മനാഭനാണ്. നമ്മുടെ സെന്റോഫ്ദിവസം, കരയുന്നൂപുഴ പാടി എല്ലാരേയും കരയിച്ച പാട്ടുകാരൻ പത്മനാഭന്റെ അടുത്ത്, കണ്ണടവെച്ചിരിക്കുന്ന വെളുത്തമുടിക്കാരനെ ഒന്നു സൂക്ഷിച്ചുനോക്കൂ, അത് നമ്മുടെ കുട്ടിക്കൃഷ്ണനാണ്. രണ്ടുപേരും ഹിസ്റ്ററിപ്രഫസർമാരായി വിരമിച്ചവരാണ്. ആ മുടിമുഴുവൻ നരച്ച് കുമ്പചാടിയ എക്സിക്യൂട്ടീവ്, നമ്മുടെ പഴയ സത്യനാണ്. നക്സലാശയക്കാരനായിരുന്ന ആ സുന്ദരനെ ഓർക്കുന്നില്ലേ ? ഒരാത്മാവും രണ്ടുശരീരവുമായി നടന്നിരുന്ന രാഷ്ട്രീയക്കാരെ മറന്നോ, നമ്മുടെ ഗോപാലനും, അശോകനുമാണ്, രണ്ടുപേർക്കും മാറ്റങ്ങളുണ്ടെങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.
 അപ്പുറത്തിരിക്കുന്ന കണ്ണടക്കാരി ഇന്ദിരയാണ്. ഡിഗ്രി ഫൈനലിയറിൽത്തന്നെ മൂപ്പത്തിയുടെ കല്യാണം കഴിഞ്ഞിരുന്നു. ഇപ്പുറത്ത് തലയുയർത്തിയിരിക്കുന്ന ഗൗരവക്കാരി സുധയാണ്. സുധ അന്നേ അങ്ങനെതന്നെയായിരുന്നു.
 ഇങ്ങനെ ഓരോരുത്തരേയും സൂചിപ്പിച്ചുകൊണ്ട്,പഴയകാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അയാൾ തുടരുകയായിരുന്നു. അയാളാരെന്നതായിരുന്നു, ഞങ്ങളുടെ സംശയം.
ഇവൻ ബാലകൃഷ്ണനല്ലേ, നമ്മുടെ മൊകേരിക്കാരൻ ? സോമൻ ജയദേവനോടു ചോദിച്ചു. എനിക്കും അതന്യാ തോന്നുന്നത്, ജയദേവൻ പറഞ്ഞു.അതുകേട്ട് അടുത്തിരിക്കുന്ന പുതുപ്പണത്തുകാരൻ പത്മനാഭൻ, കുഞ്ഞിരാമനടുത്തിരിക്കുന്ന  ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു, അതാണ് ബാലകൃഷ്ണൻ, മൊകേരിക്കാരൻ.കുട്ടോത്തുള്ള ബാലകൃഷ്ണൻ ഇന്നു വന്നിട്ടില്ല.
ഹംസ പറഞ്ഞു, ഇവൻ കോമേഴ്സിലുള്ള അപ്പുക്കുട്ടനല്ലേ ?
അനിൽകുമാർ തിരുത്തി, ഹേയ്, ഇത്, നമ്മുടെ  അച്ചുവേട്ടന്റെ ചായക്കടയിലെ സപ്ലയർകുമാരനാണ്. അയാളെന്തിനാ, നമ്മുടെ പരിപാടിക്കു വന്നത് ?
ഇതു കേട്ടുകൊണ്ടിരുന്ന മോഹൻദാസ് പറഞ്ഞു, ഹേയ്, ഇവൻ നമ്മുടെ കോളേജിലല്ല പഠിച്ചത്, മാഹികോളേജിലാണ്. നമ്മുടെ കലാപരിപാടികൾ നടക്കുമ്പോൾ, അവൻ ഇവിടെ വരാറുണ്ട്, ഞാനോർക്കുന്നു, അനന്തൻ ന്നാ പേര്.
ഇത് അനന്തനൊന്നുമല്ല, കനകരാജ് പറഞ്ഞു,ഇവനാണ്, അന്നൊരു സമരദിവസം,ആൽഫ്രഡിനെ കുത്തിക്കൊന്ന് ഓടിമറഞ്ഞത്. വിൽഫ്രഡ് ആന്റണി. ജയിലിലായിരുന്നു,ജീവപര്യന്തംകഴിഞ്ഞ് ഇറങ്ങിയതാ.
രാജൻ പറഞ്ഞു, നമ്മുടെ ക്ലാസിലല്ലായിരുന്നല്ലോ, വിൽഫ്രഡ്, അവൻ മാത്സിലല്ലായിരുന്നോ? അവനെന്തിനാ, നമ്മള്‍ ഹിസ്റ്ററിക്കാരുടെ യോഗത്തിനു വന്നത് ?
 ഞങ്ങളിങ്ങനെ സംസാരിക്കുന്നതിനിടയ്ക്ക്, അവൻ എല്ലാരേയും പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇന്ന് എത്തിച്ചേരാനാവാത്തവരേയും, മരിച്ചുപോയവരേയുമെല്ലാം അയാൾ ഓർത്തുപറഞ്ഞു. തുടർന്നയാൾ, ഒരുനിമിഷം നിശ്ശബ്ദനായി.
 ഇനി, ഞാൻ ആരെന്നു പറയാം,അയാൾ തുടർന്നു.എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി,ആരാണീ കക്ഷി ? എന്തൊരോർമ്മശക്തിയാണീയാൾക്ക്. ഭയങ്കരം.
എല്ലാരേയും എനിക്കറിയാം, അയാൾ പറഞ്ഞു. പക്ഷേ, ഞാനാരാണെന്നതുമാത്രം എനിക്കോർത്തെടുക്കാനാവുന്നില്ല. ഒരുപാടുകാലമായി, അതന്വേഷിക്കുകയാണ് ഞാൻ. നിങ്ങളിലാർക്കെങ്കിലും എന്നെ അറിയുമെങ്കിൽ, ദയവായി പറഞ്ഞുതരൂ,
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അയാൾ അടുത്തുള്ളൊരു കസേരയിൽ തളർന്നിരിക്കുന്നതു കണ്ട്, ഞങ്ങൾ അമ്പരക്കുകയായിരുന്നു!
*******************************************************************

No comments:

Post a Comment