കടൽകാണൽ*
(*ചെറുപ്പത്തിൽ, എന്നെയും ഏട്ടനേയും
കടൽകാണിക്കാൻ കൊണ്ടുപോയ അച്ഛന്)
ബാലകൃഷ്ണൻ മൊകേരി
കടലെന്നുകേട്ട് കാണാൻകൊതിച്ച
കുഞ്ഞുചെറുക്കനോടൊത്ത്
അച്ഛൻ
ബസ്സിൽ കേറുകയും,
ഏതോ സ്റ്റോപ്പിലിറക്കി
മുന്നോട്ടുതന്നെ നടത്തുകയും
പരണ്ടക്കാടിന്റെ നിഗൂഢതയിലേക്ക്
കുതിച്ചുപായുന്നൊരു
നീരൊഴുക്കുകാണിച്ച്,
കടലുകാണെന്നു പറകയുംചെയ്തു!
കിനാവിലെ കടലും
മുന്നിലെ നീരൊഴുക്കും ഒന്നല്ലെന്നും,
അതു കടലല്ലെന്നും
ചെറുക്കൻ കണ്ണുനിറച്ചപ്പോള്,
അച്ഛനവനെ ചേര്ത്തുപിടിച്ച്,
എല്ലാ വെള്ളത്തുള്ളിയും
കടലുതന്നെയെന്നും,
ആഴത്തിലും പരപ്പിലുമുള്ള മാറ്റം
കാലത്തിന്റേതെന്നും
സമാധാനിപ്പിച്ചു.
പിന്നെ ഇങ്ങനെ പറഞ്ഞു :
ഈ നീരൊഴുക്കിന്,
ഏറെ ദുരനുഭവങ്ങളുടെ ഉപ്പുകേറുമ്പോള്,
പ്രതികരണങ്ങളുടെ
ഇടമുറിയാത്ത തിരയിളകുമ്പോള്,
ഉള്ളിൽ അസംഖ്യം ജലജീവികളുടെ,
തമ്മിൽവിഴുങ്ങുന്ന ചിന്തകള് പുളയ്ക്കുമ്പോള്,
മകനേ,
എല്ലാ നീര്ച്ചാലുകളും കടലാവുന്നു!
അന്നാ ചെറുക്കന്റെ കണ്ണിൽ
നീരൂറിയിരുന്നെങ്കിലും,
ഇന്നവനറിയുന്നൂ,
എല്ലാ ജലകണങ്ങളും
കടലിന്റെ അശാന്തമായ
ആത്മാവുപേറുന്നവരാണ് !
.............................................
No comments:
Post a Comment