I'am walking,but please don't expect me to walk with you

Friday 15 June 2018

ഒരു ബാല്യ ചിന്ത

ചറപറെ മഴയിങ്ങനെ പെയ്യുമ്പോള്‍,കോലായയുടെ മൂലയില്‍ കൂനിക്കൂടിയിരിക്കാന്‍ രസമാണ്. അപ്പോള്‍, പഴയകാലം മനസ്സിലേക്ക് പെയ്തിറങ്ങാന്‍ തുടങ്ങും .ചാറ്റമഴയായും, കോടേരിമഴയായുമൊക്കെ അതങ്ങനെ പെയ്തോളും. വെറുതെ,അങ്ങനെ ഇരുന്നുകൊടുത്താല്‍ മതി.
ഇന്നുപെയ്ത മഴയില്‍ ഒഴുകിയിറങ്ങിയത് കുട്ടികളുടെ പഴയൊരു കളിയാണ് പഴയ കുട്ടികളുടെ കളിയെന്നു് തിരുത്തുന്നു.ഇക്കാലത്തെ കുട്ടികളിങ്ങനെ കളിക്കാറില്ലല്ലോ.
കളിക്കുന്ന ആണ്‍കുട്ടികളിലൊരാള്‍ കാല്പാദങ്ങള്‍കൊണ്ട് മണ്ണിലൊരു വട്ടം വരയ്ക്കും(അന്ന് കുട്ടികളാരും ചെരിപ്പിടാറുണ്ടായിരുന്നില്ല)എന്നിട്ടെല്ലാരും ആ വട്ടത്തി നുള്ളില്‍ നില്ക്കും.ഒരാള്‍, എണ്ണുംപോല,ഓരോ വാക്കിനും ഓരോ കുട്ടിയെ ചൂണ്ടിക്കൊണ്ട് , ഇങ്ങനെ പാടും

ചട്ട്യാന്‍ പൊട്ട്യാന്‍
അടി,പിടി
ചിങ്ങിണി പാനാ
പയ്യാ കോട്ടാ
അസ്മാന്‍ ഉസ്മാന്‍
ആളും വാളും
വീതു,വീതൊരു പിഞ്ഞാണി
തവര, തുവര
വറുത്തു പൊടിച്ച്
ഉന്തും തള്ളും കൊട്.


കൊട് എന്ന് ആരുടെ നേരെയാണോ കൈ ചൂണ്ടിയത്, അയാളെ ബാക്കിയുള്ളവര്‍ തല്ലി പ്പുറത്താക്കും.അയാള്‍ പുറത്തെത്തിയാല്‍, വൃത്തത്തിനുള്ളിലെ ഒരാളെ പുറത്തേക്കുവിളിക്കും.അയാള്‍ ചെന്നേമതിയാവൂ. വൃത്തത്തിനുപുറത്ത് ഒറ്റക്കാലില്‍ ചാടിച്ചാടിയാണ് സഞ്ചരിക്കേണ്ടത്.അയാളെ പുറത്തുള്ളയാള്‍ ,തല്ലുവകവയ്ക്കാതെ രണ്ടുകാലും നിലത്തുതട്ടിക്കണം.അതോടെ അയാളും പുറത്തായി.വൃത്തത്തിനുള്ളില്‍ സുരക്ഷിതരായി നില്ക്കുന്നവരെ വലിച്ചു പുറത്തിടുകയെന്നതാണ് കളി. ആദ്യത്തെ വൃത്തത്തിന് കുറച്ചകലെയായി മറ്റൊരു വൃത്തംകുടി വരഞ്ഞുവെച്ചിരിക്കും.വൃത്തത്തിനുള്ളില്‍ രണ്ടുകാലുംനിലത്തുവെച്ച് നില്ക്കാം.എന്നാല്‍പുറത്തേക്കിറങ്ങുമ്പോള്‍ ഒറ്റക്കാലില്‍ ചാടിച്ചാടിനടക്കണം(കൊക്കംപറക്കുകയെന്നാണ് ഈ ചാടിനടക്കുന്നതിന്റെ പേര്.)അങ്ങനെ ചാടിനടക്കുന്നവരെ വലിച്ചിട്ട് രണ്ടുകാലും നിലത്തുകുത്തിക്കുകയെന്നതാണ് കളിയുടെ രീതി.അങ്ങനെ ചെയ്യുമ്പോള്‍, ചാടിനടക്കുന്നവര്‍ ആഞ്ഞടിക്കുകയുംചെയ്യും.തിരിച്ചടിക്കരുത്, തടയാം.അത്രമാത്രം. അങ്ങനെ പുറത്താവുന്നവരെല്ലാം ഒന്നിച്ചാണ് വൃത്തത്തില്‍ ബാക്കിയുള്ളവരെ പിന്നീട് നേരിടുന്നത്.
അടിമേടിക്കാന്‍വയ്യാത്ത ഞാനിത് കണ്ടിരിക്കുകയേ പതിവുള്ളൂ.കളിക്കാനാളുകുറവാണെങ്കിലേ കൂട്ടുകാരെന്നെ നിര്‍ബ്ബന്ധിക്കാറുള്ളൂ. അതും, എന്നെ അടിക്കില്ലെന്ന ഉറപ്പുനല്കിയശേഷം.
ഓര്‍ക്കാന്‍ രസമുണ്ട്.ഇപ്പോളില്ലെന്നുതോന്നുന്നു ഈ കളി.

No comments:

Post a Comment