I'am walking,but please don't expect me to walk with you

Tuesday, 19 May 2015




സാഹിതീയം
എനിക്കു പരിചയമുള്ളൊരു കഥാകൃത്തുണ്ട്.എല്ലാ അടവുകളും പഠിച്ചവന്‍.പയറ്റിത്തെളിഞ്ഞവന്‍. സ്ഥിരോത്സാഹി. ഒന്നു രണ്ട് അവാര്‍ഡുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രസംഗകനുമാണ്. ദൂരത്തള്ളവര്‍ ക്ഷണിക്കാന്‍ വന്നാല്‍ കൃത്യമായും പോയിരിക്കും.പക്ഷേ, നാട്ടുകാരാണെങ്കില്‍ ഇടപാട് വേറെ തരത്തിലാണ്.. അദ്ദേഹം പറയും, അന്നു ഞാന്‍ സ്ഥലത്തണ്ടാവില്ല. തലേന്നേ, തൃശൂരിലൊരു കഥാക്യാമ്പുണ്ട്. അവിടുന്ന് വരണം. ഏതായാലും നിങ്ങള്‍ നോട്ടീസില്‍ പേര് കൊടുത്തോളൂ. അന്നു രാവിലെ എന്നെയൊന്നു വിളിക്കണം. ഏതെങ്കിലും വായനശാലയ...ുടെ വാര്‍ഷികമായിരിക്കും.സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത കമ്മറ്റി.നാട്ടുകാരനെ ക്ഷണിച്ചാല്‍, വണ്ടിക്കൂലി ലാഭിക്കാമെന്നേ അവര്‍ കരുതിയിട്ടുണ്ടാവൂ.പക്ഷേ നമ്മുടെ കഥാകൃത്ത് ആരാ മോന്‍. അന്നു രാവിലെ തന്നെ വിളിച്ച ചെറുപ്പക്കാരനോട് പറയും. ഞാനിതാ വന്നുകൊണ്ടിരിക്കയാണ്. പരിപാടി തുടങ്ങുന്നതിന്റെ ഒരു മനിക്കൂര്‍ മുമ്പ് ഒന്നു വിളിക്കണേ.കമ്മറ്റിക്കാര്‍ സമ്മതിക്കും. ആളുകള്‍ വന്നുതടങ്ങി, തുടങ്ങാന്‍ സമയമാകുമ്പോള്‍ അവര്‍ക്കു വെപ്രാളമാകും.കഥീകൃത്ത് എത്തിയിട്ടില്ല.അവര്‍ വിളിക്കും. കഥാകൃത്ത് പറയും , എന്താ ചെയ്യ, ഞാന്‍ ബസ്സിലാണ്. ഇതങ്ങെത്തമ്പഴേക്കും രാത്രിയാകും പിന്നെന്താ ചെയ്യ ! അങ്ങേരുതന്നെ പ്രതിവിധി നിര്‍ദ്ദേശിക്കും.ഞാനിവിടെയിറങ്ങി ഒരു കാറിലങ്ങോട്ടു വന്നാലോ ? കാര്‍ വാടക നിങ്ങള്‍ കൊടുക്കുമോ ? അത്തരമൊരു സമയ സന്ധിയില്‍ ഏതു കമ്മറ്റിയും അതിനു സമ്മതിക്കും. കഥാകൃത്ത് യോഗത്തിനു വരും കാര്‍ വാടക കമ്മറ്റി നല്കും.അതൊരു വലിയ തുകയായിരിക്കും. കമ്മറ്റിയിലെ ചെറുപ്പക്കാര്‍ കഥാകൃത്തിനെ ആദരവോടെ നോക്കും. എന്തൊരു ശുഷ്കാന്തിയാണിദ്ദേഹത്തിന്. പ്രസംഗം പൊടി പൊടിക്കും.പിന്നീടൊരിക്കല്‍ കാറുകാരനാണ് എന്നോടു രഹസ്യം വെളിവാക്കിയത്. കഥാകൃത്ത് സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയാവും.അതും യോഗസ്ഥലത്തിന്റെ അര കിലോമീറ്റര്‍ മാത്രം അകലെ. താന്‍ ദൂരെയാണെന്ന് വരുത്തിത്തീര്‍ത്തശേഷം, ആ ദൂരസ്ഥലത്തുനിന്നുള്ള കാര്‍ വാടകയാണ് ചങ്ങാതി കമ്മറ്റിക്കാരോടു വാങ്ങുക.കാറുകാരന് ചെറിയൊരു തുക, ബാക്കി മുഴുവന്‍ കഥാകൃത്തിനും. എങ്ങനെ ? നിങ്ങള്‍ക്ക് ആളെ മനസ്സിലായെങ്ങില്‍ ദയവായി പുറത്തു പറയണ്ട.ഒന്നുമില്ലെങ്കിലും നമ്മുടെ ചങ്ങാതിയല്ലേ പുള്ളി ?

No comments:

Post a Comment