Active
oMltarlSpcohiio 1u9 anucitsoaht re1ffmdc1:2nh8cn AM ·
Shared with Your friends

നാട്ടുവഴികളിലൂടെ അഥവാ........
ബാലകൃഷ്ണൻ മൊകേരി
ലൈബ്രറിയിൽ കയറിയിട്ടൊരാഴ്ചയാകുന്നു.കഴിഞ്ഞയാഴ്ച ഒരു പുസ്തകചര്ച്ചയ്ക്കു പോയതാണ്. കവി നന്ദനൻ മുള്ളമ്പത്തിന്റെ കോമാങ്ങ.തികച്ചും വ്യത്യസ്തമായ ഒരു സമാഹാരം.കാട്ടുതേനിന്റെ തീവ്രമധുരവും ആരോഗ്യകരമായ നേര്ത്തകയ്പുമുള്ള കവിതകള്.ഒരു നാടുമുഴുവൻ കവിതയും,കവിതയുടെ വ്യാകരണവുമായിത്തീരുന്ന അപൂര്വ്വാനുഭവം.കവിതയിൽ അടയാളപ്പെടുന്ന ആളുകളെല്ലാം കൃത്യമായ പേരും വ്യക്തിത്വവും നിലനിര്ത്തിയിരിക്കുന്നു.കവിതാചര്ച്ചയിൽ പങ്കെടുത്തു സംസാരിച്ച എൺപത്തഞ്ചുകാരനായ ഗോപാലൻ മാഷ്, ആ കാവ്യക്കരുക്കളെ ഓരോരുത്തരേയും നാട്ടുകാര്ക്കിടയിൽ തിരിച്ചറിഞ്ഞമട്ടിൽ സംസാരിച്ചത് രസകരമായിരുന്നു.തന്റെ ചുറ്റുപാടുകളെയാണ് കവിആവിഷ്ക്കരിക്കുന്നതെങ്കിലും, അത് ഏത് ഗ്രാമപരിസരവുമായും അഭേദംപ്രാപിക്കയാണല്ലോ.ഗോപാലൻമാഷുടെ വാഗ്ദ്ധോരണിയിൽ മുഴുകിയ ജനം,വസന്തകാലവനംപോലെ അടിമുടി പൂത്ത്,കോരിത്തരിച്ചുനില്ക്കുകയായിരുന്നു. ഏതായാലും കോമാങ്ങ ഒന്നുകുടി വായിക്കണം.ഇങ്ങനെ ചിന്തകളിൽമുഴുകി നടക്കുകയായിരുന്നു.
മാഷെങ്ങോട്ടാ ?
തിരിഞ്ഞുനോക്കി.കണാരേട്ടനാണ്.നടന്നുനടന്ന് പുള്ളിക്കാരന്റെ കല്യാണി റ്റീഷോപ്പിന്റെ മുന്നിലെത്തിയിരിക്കുന്നു.കൊറോണബാധയാരംഭിച്ചശേഷം മൂപ്പര് കടയങ്ങനെ തുറക്കാറില്ലായിരുന്നു.വീണ്ടും തുറന്നിട്ടിപ്പോള് ഒരുമാസമായിക്കാണും.
കണാരേട്ടൻ കടയുടെ പുറത്ത് വിറകുകീറുകയായിരുന്നു.എന്നെ കണ്ടതോടെ പണിനിര്ത്തി കണാരേട്ടൻ കടയിലേക്കുവന്നു.
ബരീം മാഷേ,ഒരു ചായതരാം.
ഞാൻ കടയിലേക്കു കയറി.
എന്താ,പാചകം വിറകടുപ്പിലേക്കു മാറ്റിയോ കണാരേട്ടാ ?
അതെന്തു ചോദ്യാ മാഷേ,ഗ്യാസിന്റെ വില ദിവസോം കൂട്വല്ലേ,വല്ല അദാനീനേം പോലുള്ളവര്ക്കല്ലാതെ, ഞമ്മക്കെല്ലാം ഇനി ഗ്യാസുവാങ്ങാനാവ്വോ?
സമോവറിന്റെ അടിയിലെ ചാരം ഒരു പഴയ സ്ഫൂൺകൊണ്ട് തട്ടിയിളക്കിയശേഷം,മുകളിലൂടെ കുറച്ച് ഇരിന്നൽ അതിനകത്തേക്കിട്ട് കണാരേട്ടൻ ചിരിച്ചു.
കടയ്ക്കുള്ളിൽ, രാമൻനായരും മൊയ്തൂക്കയുമിരിക്കുന്നുണ്ടായിരുന്നു.
എന്തല്ലാമാണ് സ്ഥിതി, മൊയ്തൂക്കാ,രാന്നായരേ ?
അവര് എന്റെ നേരെ നോക്കി.
മുഖത്തെന്താ ഒരു ക്ഷീണംപോലെ ?
ഓര് കൊറോണ പ്രതിരോധം കുത്തിവെച്ച് വരുന്ന വഴിയാ,കണാരേട്ടൻ പറഞ്ഞു.
അതു ശരി, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോപോലും ?
ഒന്നൂല്ലപ്പാ, ഒരു കട്ടുറുമ്പ് കടിച്ചപോലെ, രാമൻനായരാണ് പറഞ്ഞത്. മൊയ്തൂക്ക ശരിവച്ചു -അത്യന്നെ.
എന്നിറ്റ് ഈ വെയിലത്തു നടന്നതാണോ?
അല്ലപ്പാ, നമ്മളെ രമേശൻ ഓന്റെ ഓട്ടോറിക്ഷേല് ഇവിടെ എറക്കീതാ.ഓന്ണ്ട് റേഷൻകടേല് പോയിറ്റ്, കിറ്റ് ബന്നിറ്റിണ്ട് പോലും.അതും വാങ്ങി ബരുമ്പോ, ഓൻ ഞാള പൊരേലെത്തിക്കും.-മൊയ്തൂക്ക പറഞ്ഞു.
അതിനെടേല് കണാരന്റെ ഒരാപ്പ് ചായ്യൂം ഓരോ കോയിക്കാലും തിന്നളയാംന്ന് ബിചാരിച്ചതാ, രാമൻനായര് പറഞ്ഞു.
ഓലിക്കെന്താ മാഷേ, ഇപ്പം പരമ സുഖേല്ലെ,കണാരേട്ടൻ പറഞ്ഞു, പെൻഷനൊക്കെ ഇപ്പം കൃത്യായിറ്റ് പൊരേലെത്തും, അതും സംഖ്യ കൂട്ടീല്ലെ ഇപ്പോ.പിന്നെ എന്തേലും ബയ്യായവന്നാല്, പോക്വാൻ പിഎഛ്സീല് എല്ലാ സൗകര്യോമായില്ലേ, ഡോക്ടറ്മാരിപ്പോ രണ്ടുണ്ട്. ഇടതുഭരണത്തിന്റെ പകിട്ടെന്നെ.-കണാരേട്ടൻ ചിരിച്ചു.
ശര്യന്നെ, മൊയ്തൂക്ക പറഞ്ഞു,ഇപ്ലാ ഒരു ജനകീയ ഭരണം ന്താന്നറിഞ്ഞേ
അവരോടൊരു കുസൃതി ചോദിച്ചു- അല്ലാന്ന്, തെരഞ്ഞെടുപ്പല്ലേ വരുന്നത്, ങ്ങളെ വോട്ട് ഓര്ക്കെന്യാന്നോ?
രാമൻനായരും,മൊയ്തൂക്കയും കോറസ്സായി പറഞ്ഞതിങ്ങനെ-ഒരു തമിശോം ബേണ്ട, ഞാളെ വോട്ട് ഓര്ക്കെന്നെ, ഞമ്മളെ പിണറായിക്ക്. ഓറക്ക്, എങ്ങന്യാ ഭരിക്കണ്ടേന്നറിയാം.
പിന്നെചര്ച്ച,റോഡ്നന്നാക്കിയതിനെപ്പറ്റിയും,സ്കൂള് ഉഷാറാക്കിയതിനെപ്പറ്റിയുമൊക്കെയായിരുന്നു.ദുരന്തഘട്ടങ്ങളിൽ സര്ക്കാര് താങ്ങായിനിന്നതിനെക്കുറിച്ചും,ആരോഗ്യരംഗത്തെ മെച്ചമായ സേവനങ്ങളെക്കുറിച്ചുമൊക്കെ രാമൻനായരും,മൊയ്തൂക്കയുമൊക്കെ കണാരേട്ടനോട് ആവേശത്തോടെ സംസാരിക്കുകയായിരുന്നു.അതിനിടെ പ്രതിപക്ഷവും ബിജെപിയുമെല്ലാം ഇടങ്കോലിടാൻ ശ്രമിക്കുന്നതും,കേന്ദ്ര ഏജൻസികള് കള്ളച്ചൂതുകളിക്കുന്നതുമെല്ലാം അവര് സംസാരിക്കുന്നുണ്ടായിരുന്നു. ജനങ്ങള്ക്ക് എല്ലാകാര്യവുമറിയാമെന്നെനിക്കു ബോധ്യമായി.ഈ സര്ക്കാര്തന്നെ വീണ്ടുംവരണമെന്ന് ഈ മുതിര്ന്നപൗരന്മാര് ഉള്ളിൽത്തട്ടി ആഗ്രഹിക്കുന്നുണ്ട്.
അപ്പോഴാണ് കണാരേട്ടൻ പുറത്തേക്കുനോക്കി ഇങ്ങനെ വിളിച്ചത്- ദാസാ,ഞ്ഞി ഒന്നിങ്ങോട്ടു ബന്നേ,ചോയിക്കട്ടെ
നോക്കി.ഖദര്ധാരിയായ സുമുഖൻ, ദാസൻ പുളിങ്കൊമ്പിൽ.യൂത്ത് കോൺഗ്രസ് നേതാവ്, തീപ്പൊരി പ്രസംഗകൻ.അയാള് കടയിലേക്കു വന്നു. എന്തേ,കണാരേട്ടാ?
കണാരേട്ടൻ അയാള്ക്കൊരു ചായയിട്ടുകൊടുത്തുകൊണ്ട് ചോദിച്ചു.
അല്ലദാസാ,കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പിന് ഞ്ഞി പറഞ്ഞതോര്മ്മേണ്ടോ ?കേരളത്തിലെന്തിനാ കമ്മ്യൂണിസ്റ്റുകള് പ്രത്യേകം സ്ഥാനാര്ത്ഥികളെ നിറുത്ത്ന്നു,കേന്ദ്രത്തിലെത്തിയാലവര് കോൺഗ്രസ്സിനെല്ലേ സപ്പോര്ട്ട് കൊടുക്കുക,എന്നാപ്പിന്നെ, ഇവിടെത്തന്നെ നേരിട്ട് കോൺഗ്രസ്സിന് വോട്ടുചെയ്താപ്പോരേന്ന്,ഓര്മ്മേണ്ടോ ?
അത്,പിന്നെ...... ദാസൻ പരുങ്ങി.
ഇപ്പം മനസ്സിലായോ മോനേ, കോൺഗ്രസ്സാന്നും പറഞ്ഞ് ജയിച്ചാല് ങ്ങളെ നേതാന്മാര് ബിജെപിയിൽ ചേര്വല്ലേ.ഇങ്ങള് ജനങ്ങളെ ഓരിക്ക് വിക്ക്വല്ലേ ?
ദാസൻ അപകടം മണത്തു.വേഗം ചായകുടിച്ച് അയാള് പൈസ നീട്ടി.കണാരേട്ടൻ വാങ്ങിയില്ല.
ഞ്ഞി പോടപ്പാ,അങ്ങനേങ്കിലും ഇന്റെ തലക്കൊര് വെളിവുണ്ടായാല്, അതുതന്നെ നല്ലകാര്യം.എന്നാ ഞ്ഞി പോട് മനേ, ഇബിട ഇനീം പിണറായിതന്നെ വരും.ങ്ങളെ കോൺഗ്രസ്സിന്റെ നേതാക്കന്മാരൊക്കെ ബീജേപ്പീല് ചേരും,ജനങ്ങളൊക്കെ ഇടതുപക്ഷത്തും ബരും .അതാ ണ്ടാവ്വാൻപോന്നേ.
പുളിങ്കൊമ്പിൽ വിയര്ത്തുപായുന്നതുനോക്കിയിരുന്ന സീനിയര്മാര് പൊട്ടിച്ചിരിക്കുകയായിരുന്നു. എനിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.