I'am walking,but please don't expect me to walk with you

Wednesday, 14 July 2021

 

(ആയെന്താപ്പാ, എനക്കും പറ്റൂലേ ?
ഞാന്നോക്ക്മ്പം നാടതാ ഓടടാഓട്ടംതന്നെ
ഞാനും ഓടി,
നടുവേ...!)
അമൃതം
-ബാലകൃഷ്ണൻ മൊകേരി
രാവിലെത്തന്നെ ബാല്യകാലസഖി
അനുരാഗത്തിന്റെ ദിനങ്ങളുടെ ഓര്മ്മയിൽ
കട്ടൻചായതന്നു.
പ്രാതലിന്,
സ്ഥലത്തെപ്രധാനദിവ്യന്റെ കടയിൽനിന്ന്
ഇലയടയും,
പാത്തുമ്മാന്റെ ആടിന്റെ പാലൊഴിച്ച
അസ്സല് ചായയും കഴിച്ചു,
ഉച്ചയ്ക്ക്,
മാന്ത്രികപ്പൂച്ചബിരിയാണിയും
ഫ്രൈചെയ്ത പ്രേംപാറ്റയും മൂക്കുമുട്ടെ!
മയങ്ങിയുണര്ന്ന സന്ധ്യയ്ക്ക്
മുച്ചീട്ടുകളിക്കാരന്റെ മകള്
വെല്ലക്കാപ്പിയിട്ടുതന്നു!
കഥാബീജത്തിന്റെ മിക്സ്ചര് കൊറിക്കാൻ
ആനവാരിയും പൊൻകുരിശും കൂട്ടുവന്നു
മതിലുകളിൽ ചാരിനിന്ന്,
രണ്ടുപെഗ് പ്രേമലേഖനം സേവിച്ചു,
നേരും നുണയും പറഞ്ഞ്
നേരംപോയതറിഞ്ഞില്ല.
അത്താഴത്തിന്,
അനര്ഘനിമിഷത്തിന്റെ
ലേശം കുത്തരിക്കഞ്ഞി.
ഒടുവിൽ ഉറക്കറയുടെ
നീലവെളിച്ചത്തിൽ
ശിങ്കിടിമുങ്കന്റെ
അസഹ്യമായ കൂര്ക്കം!
ആകപ്പാടെ
മടുത്തുപോയി ചങ്ങാതീ !
അമൃതാകിലും
ഏറെ ചെലുത്തിയാൽ
ചെടിച്ചുപോകില്ലേ ആരും ?
................................

No comments:

Post a Comment