I'am walking,but please don't expect me to walk with you

Tuesday, 15 March 2022

1947 രവിപുരം  

ബാലകൃഷ്ണൻ കുട്ടോത്ത് എഴുതിയ നോവൽ

1947 രവിപുരം എന്നൊരുനോവൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.ഇൻസൈറ്റ് പബ്ലിക്ക 2013ലാണ് പ്രസ്തുതനോവൽ പ്രസിദ്ധീകരിക്കുന്നത്. ബാലകൃഷ്ണൻ കുട്ടോത്താണ് നോവലിസ്റ്റ്.
ഇന്ത്യ സ്വതന്ത്രയാവുന്നതിനു തൊട്ടുമുമ്പ് , ലാഹോറിലെ രവിപുരം ഗ്രാമത്തിൽനടക്കുന്ന കാര്യങ്ങളാണ് പ്രമേയം.ഇന്ത്യാ വിഭജനത്തിന്റെ ചൂടുനിറഞ്ഞ ചര്ച്ചകളും, ജീവിതപ്രതിസന്ധികളുടെ വസ്തുനിഷ്ഠമായ ആഖ്യാനങ്ങളും നോവലിൽ സജീവമാണ്.മത-രാഷ്ട്രീയ-സമ്പത് താത്പര്യങ്ങള്
വിഭജനത്തിൽ വഹിക്കാൻസാധ്യതയുള്ള നിലപാടുകള് എഴുത്തുകാരന്റെചരിത്രാന്വേഷണ ജാഗ്രത കോറിവെക്കുന്നുണ്ട്,ഈ പുസ്തകത്തിൽ
പാകിസ്താനിലെ ജിന്നയുടെ ലീഗാണ് ഇതിൽ പരാമര്ശിക്കപ്പെടുന്നത് എന്നും, ഇന്ത്യൻ മുസ്ലീംസംഘടന ,ഇതിലെ സംഭവങ്ങളൊക്കെകഴിഞ്ഞ്, ഏറെ നാളുകള്ക്കുശേഷം രൂപീകരിക്കപ്പെടുന്നതേയുള്ളുവെന്നും ഗ്രന്ഥകാരൻ പിന്നീട് നോവലിനുപുറത്ത് വിശദീകരിക്കുന്നുണ്ട്.
ഇന്ത്യാവിഭജനത്തിന്റെ മുറിപ്പാടുകള് പ്രമേയമായിവരുന്ന ഈ നോവൽ എന്തുകൊണ്ടോ വേണ്ടത്ര വായിക്കപ്പെട്ടിട്ടില്ല എന്നുകാണാം.സ്വാതന്ത്ര്യദിനത്തിന് മുമ്പ്,ഡൽഹിയിലേക്കുള്ള അവസാനത്തെ തീവണ്ടി,യമുനാതീരത്തേക്ക്പുറപ്പെടുന്നഘട്ടത്തിലാണ്, ഈ നോവൽ അവസാനിക്കുന്നത്.ഉള്ളിൽത്തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളും, പ്രമേയഘടനയും, ശക്തമായ ഭാഷയും, ശ്രീ.ബാലകൃഷ്ണൻ കുട്ടോത്തിന്റെ ഈ നോവലിനെ തികച്ചും വ്യത്യസ്ഥമാക്കുന്നു.
1977-80കാലഘട്ടത്തിലെ മടപ്പള്ളി കോളേജ് പൂര്വ്വവിദ്യാര്ത്ഥികളുടെ(ചരിത്രം) കൂട്ടായ്മയിൽനിന്നാണ്, ബാലകൃഷ്ണൻകുട്ടോത്ത് എന്ന എഴുത്തുകാരൻ ഞങ്ങളുടെസഹപാഠിയായ ബാലകൃഷ്ണൻതന്നെയാണെന്നറിയുന്നത്.അത്, ഏറെ ആഹ്ലാദകരമായ കാര്യമായിരുന്നു. പഠിക്കുന്നകാലത്ത് അദ്ദേഹത്തിന് ഇങ്ങനെയൊരുപരിപാടി ഉണ്ടായിരുന്നില്ലെന്നുതോന്നുന്നു. മലയാളത്തിൽനിന്ന്, ഈ നോവലിന്റെ ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലേക്കുള്ള തര്ജ്ജമനടന്നുവരികയാണെന്ന് ബാലകൃഷ്ണൻ പറഞ്ഞു.നോവൽ ഏറെ വായിക്കപ്പെടുകയും, അംഗീകരിക്കപ്പെടുകയുംചെയ്യട്ടേയെന്ന് ആശംസിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
 May be an image of book and text that says '1947 രവിപുരം ബാലകൃഷ്‌ണൻ കുട്ടോത്ത് বভিতমত'

Saturday, 16 October 2021

ഒരു
അലുമ്നിക്കാലത്ത്
-ബാലകൃഷ്ണൻ മൊകേരി

 ഏറെനാൾ വാട്സപ്പ് ഗ്രൂപ്പായി സജീവമായതിനുശേഷമാണ് ഞങ്ങൾ ഒരിടത്ത് ഒരുമിച്ചുചേർന്ന് ഓർമ്മപുതുക്കാൻ തീരുമാനിച്ചത്. ഗ്രൂപ്പിലൊരാളായ ദിനേശൻ വക്കീലിന്റെ കൺവെൻഷൻ സെന്ററിൽവെച്ച് ഒരു കൂടിച്ചേരലും ,ഓർമ്മപുതുക്കലും,ഫോട്ടോഎടുക്കലും ഭക്ഷണവും-അങ്ങനെയാണ് കുഞ്ഞിരാമനും ജയകൃഷ്ണനും പറഞ്ഞത്.
 വാട്സപ്പിൽ ഫോട്ടോകളൊക്കെ കണ്ടിരുന്നെങ്കിലും,നേരിട്ട്തിരിച്ചറിയൽ ബുദ്ധിമുട്ടുതന്നെയായിരുന്നു.ആരും പഴയരൂപത്തിലല്ലായിരുന്നു. അന്ന് മുടിനീട്ടിവളര്‍ത്തിയവർക്ക് കഷണ്ടിയുടെ അലങ്കാരം കൈവന്നിട്ടുണ്ട്.സ്ലിംബ്യൂട്ടികൾ തടിച്ചികളായി!,മിണ്ടാപ്രാണികൾക്ക് ശബ്ദം കിട്ടിയിട്ടുണ്ട്.പൊതുവായി എല്ലാർക്കും നരകയറിയിട്ടുണ്ടായിരുന്നു.വിവിധതസ്തികകളിൽ ജോലിചെയ്ത്,കുടുബം ഭദ്രമാക്കിയവരാണ് എല്ലാരുമെന്നുപറയാം.
 കോൺഫറൻസുഹാളിൽ കുഞ്ഞിരാമനാണ് തുടങ്ങിയത്.
നമ്മളോരോരുത്തരായി സ്വയം പരിചയപ്പെടുത്താം, അയാൾ പറഞ്ഞു.കൂട്ടായ്മയ്ക്കുവേണ്ടി ഏറെ ആഗ്രഹിച്ച ജയകൃഷ്ണൻ സന്തോഷലഹരിയിലായിരുന്നു, അതാണ് നല്ലത്, അയാൾ പറഞ്ഞു.
 ആരുതുടങ്ങുമെന്ന ചെറിയൊരങ്കലാപ്പ്.പെട്ടെന്ന്, ഉയരംകുറഞ്ഞ ഒരാൾ എണീറ്റ് മൈക്കിനടുത്തെത്തി.
ഞാൻ തുടങ്ങാം, അയാൾ ചിരിച്ചു.ആ ചിരി കണ്ടപ്പോൾ, നല്ല പരിചയംതോന്നി. പക്ഷേ, ആളെ ആർക്കും ഓർമ്മകിട്ടുന്നില്ല.
അയാൾപറഞ്ഞു- എനിക്കെല്ലാരേം ഓർമ്മയുണ്ട്,ഞാൻ പരിചയപ്പെടുത്താം.അതുകഴിഞ്ഞ് നിങ്ങൾ പറഞ്ഞോളൂ, അയാൾ തുടർന്നു,
ഇത് ജയകൃഷ്ണൻ ,ജോയന്റ് ആർടിഓ ആയി വിരമിച്ച മൂപ്പരിപ്പോൾ വിദേശയാത്രകഴിഞ്ഞ് എത്തിയതേയുള്ളൂ.അപ്പുറത്ത്,നമ്മുടെ കുഞ്ഞിരാമൻ. ഈ പരിപാടിക്കുവേണ്ടി, ഏറെ ബുദ്ധിമുട്ടി,ഡാറ്റ കളക്റ്റുചെയ്തത് അയാളാണ്.ഇപ്പോള്‍, ആളൊരു ബുദ്ധമതക്കാരനാണ്. ഇവരെയൊക്കെ എല്ലാർക്കും അറിയാമല്ലോ.
ഞങ്ങൾ തലകുലുക്കി.അയാൾ തുടർന്നു
 അപ്പുറത്തിരിക്കുന്നത്, എം.എൻ പത്മനാഭനാണ്. നമ്മുടെ സെന്റോഫ്ദിവസം, കരയുന്നൂപുഴ പാടി എല്ലാരേയും കരയിച്ച പാട്ടുകാരൻ പത്മനാഭന്റെ അടുത്ത്, കണ്ണടവെച്ചിരിക്കുന്ന വെളുത്തമുടിക്കാരനെ ഒന്നു സൂക്ഷിച്ചുനോക്കൂ, അത് നമ്മുടെ കുട്ടിക്കൃഷ്ണനാണ്. രണ്ടുപേരും ഹിസ്റ്ററിപ്രഫസർമാരായി വിരമിച്ചവരാണ്. ആ മുടിമുഴുവൻ നരച്ച് കുമ്പചാടിയ എക്സിക്യൂട്ടീവ്, നമ്മുടെ പഴയ സത്യനാണ്. നക്സലാശയക്കാരനായിരുന്ന ആ സുന്ദരനെ ഓർക്കുന്നില്ലേ ? ഒരാത്മാവും രണ്ടുശരീരവുമായി നടന്നിരുന്ന രാഷ്ട്രീയക്കാരെ മറന്നോ, നമ്മുടെ ഗോപാലനും, അശോകനുമാണ്, രണ്ടുപേർക്കും മാറ്റങ്ങളുണ്ടെങ്കിലും തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.
 അപ്പുറത്തിരിക്കുന്ന കണ്ണടക്കാരി ഇന്ദിരയാണ്. ഡിഗ്രി ഫൈനലിയറിൽത്തന്നെ മൂപ്പത്തിയുടെ കല്യാണം കഴിഞ്ഞിരുന്നു. ഇപ്പുറത്ത് തലയുയർത്തിയിരിക്കുന്ന ഗൗരവക്കാരി സുധയാണ്. സുധ അന്നേ അങ്ങനെതന്നെയായിരുന്നു.
 ഇങ്ങനെ ഓരോരുത്തരേയും സൂചിപ്പിച്ചുകൊണ്ട്,പഴയകാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അയാൾ തുടരുകയായിരുന്നു. അയാളാരെന്നതായിരുന്നു, ഞങ്ങളുടെ സംശയം.
ഇവൻ ബാലകൃഷ്ണനല്ലേ, നമ്മുടെ മൊകേരിക്കാരൻ ? സോമൻ ജയദേവനോടു ചോദിച്ചു. എനിക്കും അതന്യാ തോന്നുന്നത്, ജയദേവൻ പറഞ്ഞു.അതുകേട്ട് അടുത്തിരിക്കുന്ന പുതുപ്പണത്തുകാരൻ പത്മനാഭൻ, കുഞ്ഞിരാമനടുത്തിരിക്കുന്ന  ഒരാളെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു, അതാണ് ബാലകൃഷ്ണൻ, മൊകേരിക്കാരൻ.കുട്ടോത്തുള്ള ബാലകൃഷ്ണൻ ഇന്നു വന്നിട്ടില്ല.
ഹംസ പറഞ്ഞു, ഇവൻ കോമേഴ്സിലുള്ള അപ്പുക്കുട്ടനല്ലേ ?
അനിൽകുമാർ തിരുത്തി, ഹേയ്, ഇത്, നമ്മുടെ  അച്ചുവേട്ടന്റെ ചായക്കടയിലെ സപ്ലയർകുമാരനാണ്. അയാളെന്തിനാ, നമ്മുടെ പരിപാടിക്കു വന്നത് ?
ഇതു കേട്ടുകൊണ്ടിരുന്ന മോഹൻദാസ് പറഞ്ഞു, ഹേയ്, ഇവൻ നമ്മുടെ കോളേജിലല്ല പഠിച്ചത്, മാഹികോളേജിലാണ്. നമ്മുടെ കലാപരിപാടികൾ നടക്കുമ്പോൾ, അവൻ ഇവിടെ വരാറുണ്ട്, ഞാനോർക്കുന്നു, അനന്തൻ ന്നാ പേര്.
ഇത് അനന്തനൊന്നുമല്ല, കനകരാജ് പറഞ്ഞു,ഇവനാണ്, അന്നൊരു സമരദിവസം,ആൽഫ്രഡിനെ കുത്തിക്കൊന്ന് ഓടിമറഞ്ഞത്. വിൽഫ്രഡ് ആന്റണി. ജയിലിലായിരുന്നു,ജീവപര്യന്തംകഴിഞ്ഞ് ഇറങ്ങിയതാ.
രാജൻ പറഞ്ഞു, നമ്മുടെ ക്ലാസിലല്ലായിരുന്നല്ലോ, വിൽഫ്രഡ്, അവൻ മാത്സിലല്ലായിരുന്നോ? അവനെന്തിനാ, നമ്മള്‍ ഹിസ്റ്ററിക്കാരുടെ യോഗത്തിനു വന്നത് ?
 ഞങ്ങളിങ്ങനെ സംസാരിക്കുന്നതിനിടയ്ക്ക്, അവൻ എല്ലാരേയും പരിചയപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇന്ന് എത്തിച്ചേരാനാവാത്തവരേയും, മരിച്ചുപോയവരേയുമെല്ലാം അയാൾ ഓർത്തുപറഞ്ഞു. തുടർന്നയാൾ, ഒരുനിമിഷം നിശ്ശബ്ദനായി.
 ഇനി, ഞാൻ ആരെന്നു പറയാം,അയാൾ തുടർന്നു.എല്ലാവരും ആകാംക്ഷയോടെ അയാളെ നോക്കി,ആരാണീ കക്ഷി ? എന്തൊരോർമ്മശക്തിയാണീയാൾക്ക്. ഭയങ്കരം.
എല്ലാരേയും എനിക്കറിയാം, അയാൾ പറഞ്ഞു. പക്ഷേ, ഞാനാരാണെന്നതുമാത്രം എനിക്കോർത്തെടുക്കാനാവുന്നില്ല. ഒരുപാടുകാലമായി, അതന്വേഷിക്കുകയാണ് ഞാൻ. നിങ്ങളിലാർക്കെങ്കിലും എന്നെ അറിയുമെങ്കിൽ, ദയവായി പറഞ്ഞുതരൂ,
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അയാൾ അടുത്തുള്ളൊരു കസേരയിൽ തളർന്നിരിക്കുന്നതു കണ്ട്, ഞങ്ങൾ അമ്പരക്കുകയായിരുന്നു!
*******************************************************************

Monday, 20 September 2021

മണ്ടൻ കുട്ടൻ
-ബാലകൃഷ്ണൻ മൊകേരി
കുട്ടൻ നട്ടൊരു ചെടിയിൽനിറയേ
കുഞ്ഞുസുമങ്ങള് വിരിഞ്ഞൂ,
പൂവുകളവയോ കായകളായി-
പ്പതിയേ മാറുകയായീ,
പച്ചനിറത്തിൽ ചെടിയിൽനിറയെ
കൊച്ചുഫലങ്ങള് നിറഞ്ഞൂ,
കായകള് വേഗം ചോന്നുപഴുക്കാൻ
കാവൽനിന്നൂ കൊതിയൻ !
പച്ചനിറം പോ,യവയിൽ നിറയെ-
ച്ചോപ്പു പടര്ന്നുകഴിഞ്ഞൂ !
പറവകള് വന്നൂ,തീനുതുടങ്ങീ,
പലവുരുകണ്ടൂ കുട്ടൻ
ചെടിയുടെചാരത്തോടിയണഞ്ഞൂ,
ചോന്ന പഴങ്ങള് പറിച്ചൂ,
കൊതിയോടവനതു വായിൽവച്ചൂ,
ചതിയതുപറ്റീ, പാവം!
വായെരിയുന്നൂ, കുട്ടനു കൺകളു ,-
മവനുടെ കൈകള് പോലും !
പക്ഷികള് തിന്നുന്നതുകണ്ടിട്ടവ-
നൊരു മുളകത്രേ തിന്നൂ !
എരിപൊരികേറി , വളപ്പിൽക്കൂടി-
പ്പായുകയാണത ,മണ്ടൻ !
............................................

Thursday, 2 September 2021

 

വൈപരീത്യം (കഥ)
ബാലകൃഷ്ണൻ മൊകേരി
ഭക്ഷ്യപേയാദികള് വെടിപ്പായി കഴിഞ്ഞ് യോഗാസനംപൂണ്ട ഗുരുവിനെ മയിൽപ്പീലിയാൽ വീശുകയായിരുന്നു ശിഷ്യൻ.അയാള്, ഇപ്രകാരം ചോദിച്ചു,
: ഇവന്റെ ഒരു സംശയമുണര്ത്തട്ടെയോ സ്വാമിൻ ?
നെറുകയിൽനിന്ന് കൃഷ്ണമണിയിണകളെ കൺകളിലേക്ക് തിരിച്ചുകൊണ്ടുവന്ന്, വാത്സല്യത്തോടെ ശിഷ്യനെനോക്കിയശേഷം, ചോദിച്ചോളൂ എന്ന മുദ്രകാണിച്ചു ഗുരു.
ശിഷ്യൻ ചോദിച്ചു :
രാജഭരണത്തിനെതിരെ സായുധകലാപംനടത്തിയല്ലേ വിപ്ലവകാരികള് ജനാധിപത്യം കൊണ്ടുവന്നത് ?
ഗുരു മന്ദഹാസത്തോടെ മൊഴിഞ്ഞു:
അപ്രകാരമാണ് ചരിത്രം സൂചനതരുന്നത്.
ശിഷ്യൻ : രാജഭരണത്തിന്റെ സകലമാന ഫാസിസ്റ്റ് പ്രവണതകളേയും എതിര്ത്തവരല്ലേ അവര്?
ഗുരു : ആണെന്നതിന് തെളിവുകളുണ്ട്.
ശിഷ്യൻ : എന്നിട്ടുമെന്താണ് ഗുരോ,ഈ ജനകീയ വിപ്ലവകാരികള് രാജകീയസുഖഭോഗങ്ങള്ക്കായി മത്സരിക്കുന്നത്? എന്തുകൊണ്ടാണവര് ആളുകള്ക്ക് പേരിന്റെകുടെ രാജകുമാരൻ,രാജകുമാരി,റാണി മുതയായ വിശേഷണങ്ങള് ചാര്ത്തിക്കൊടുക്കുന്നത് ? ആ വിളിപ്പേരുകളിലവര് അഭിരമിക്കുന്നത് ?
ഗുരു : ച്ചാൽ? വിശദമാക്കൂ
ശിഷ്യൻ : ക്രീസിലെ രാജകുമാരൻ, നര്ത്തനറാണി മുതലായ.....
ഗുരു : (മന്ദഹസിക്കുന്നു) തങ്ങള് ആരാധിക്കുന്നവരുടെ സവിശേഷതകള് അനുകരിക്കാനുള്ള പ്രവണതപോലെതന്നെ,ശത്രുക്കളെയും, നിരന്തരം ഓര്ക്കാനും അവരുടെ പ്രത്യകതകളിൽ തനിക്ക് അനുകൂലനംനേടാനുമുള്ള ഒരു ഗുപ്തവൈഭവംകൂടി ആളുകളിൽ പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ആ വൈപരീത്യത്തിന് ഹേതുവായിരിക്കുന്നത്.
ഇത്രയുംപറഞ്ഞാറെ, ഗുരു യോഗനിദ്രയിലമരുകയും,ഗുരുവിന്റെ വിശദീകരണംകേട്ട ശിഷ്യൻ, മയിൽപ്പീലിവിശറികൊണ്ട് ഗുരുവിനെ വീണ്ടും വീശുവാനാരംഭിക്കയും ചെയ്തു.
................................................................

Tuesday, 20 July 2021

 

*ബാലൻ വിളിക്കുന്നു (ബാലൻ തളിയിലിന്)
ബാലകൃഷ്ണൻ മൊകേരി
ഏതോ വിദൂരമാം ഭൂതകാലത്തിന്റെ-
യാറിത്തണുത്തു,മറന്നലോകം,
എന്തെന്തൊരദ്ഭുതം, വീണ്ടും സജീവമാ-
യന്തരംഗത്തിൽ നിറന്നുവന്നൂ!
ഒന്നിച്ചുകുത്തിയിരുന്നുമിനുക്കിയ
പൊന്നിൻകിനാക്കള് ചിറകടിച്ചൂ!
പുസ്തകത്താളിൻമണം,ഗുരുഭൂതര്ത-
ന്നസ്തമിക്കാത്ത മൊഴിവെളിച്ചം!
കൊച്ചുപിണക്കം,പിടിവാശി,പിന്നെയാ
സ്വച്ഛമാം ചങ്ങാത്തവര്ഷബിന്ദു,
പാതിയുംപുല്ലുമുളയ്ക്കാ,വിശാലമാം
മൈതാനമൊന്നിൻ കളിയരങ്ങം,
ആരോകുറിച്ച തിരക്കഥയെന്നപോ-
ലോരോമൂഹൂര്ത്തമായ് വന്നുചേര്ന്നൂ!
എല്ലാമൊരുവെറും ഫോൺവിളിയാലവൻ
ബാലൻ, മനസ്സിൽ തുറന്നുവെച്ചൂ!
ചപ്പുചവറുകള്,മാറാലയൊക്കെയു-
മപ്പാടെ മൂടിക്കിടന്നലോകം,
നിന്റെയാ ശബ്ദത്തിലുടെത്തെളിയുന്നു,
എന്റെ ചങ്ങാതീ,നിനക്കു സ്നേഹം!
...................................................
****************************************************************
(വട്ടോളി നാഷനൽ ഹയര്സെക്കന്ററിസ്കൂളിൽ പഠിച്ച
ബാല്യം ഏറെ അകലെയാണ്. പലതും വിസ്മൃതിയിലായി
പക്ഷേ, ഇന്നലെ പഴയ സഹപാഠി, ശ്രീ. ബാലൻ തളിയിൽ
വിളിക്കുകയും, നമ്മുടെ ക്ലാസിന്റെ ഒരു കൂട്ടായ്മ രൂപീകരിക്കു
ന്നുണ്ട്, എന്നു പറയുകയും ചെയ്തു. അങ്ങനെ, മനസ്സിൽ തെളിഞ്ഞു
വന്ന ഈ ഹൈസ്കൂളോര്മ്മകള്,
ബാലൻ തളിയിലിനും,ഓര്മ്മകളുടെ
ഗൃഹാതുരത്വത്തിൽ മുഴുകുന്ന എല്ലാക്കാലത്തേയും
സഹപാഠിക്കൂട്ടായ്മകള്ക്കും സമര്പ്പിക്കുന്നു.)
******************************************************************

 

കടൽകാണൽ*
(*ചെറുപ്പത്തിൽ, എന്നെയും ഏട്ടനേയും
കടൽകാണിക്കാൻ കൊണ്ടുപോയ അച്ഛന്)
ബാലകൃഷ്ണൻ മൊകേരി
കടലെന്നുകേട്ട് കാണാൻകൊതിച്ച
കുഞ്ഞുചെറുക്കനോടൊത്ത്
അച്ഛൻ
ബസ്സിൽ കേറുകയും,
ഏതോ സ്റ്റോപ്പിലിറക്കി
മുന്നോട്ടുതന്നെ നടത്തുകയും
പരണ്ടക്കാടിന്റെ നിഗൂഢതയിലേക്ക്
കുതിച്ചുപായുന്നൊരു
നീരൊഴുക്കുകാണിച്ച്,
കടലുകാണെന്നു പറകയുംചെയ്തു!
കിനാവിലെ കടലും
മുന്നിലെ നീരൊഴുക്കും ഒന്നല്ലെന്നും,
അതു കടലല്ലെന്നും
ചെറുക്കൻ കണ്ണുനിറച്ചപ്പോള്,
അച്ഛനവനെ ചേര്ത്തുപിടിച്ച്,
എല്ലാ വെള്ളത്തുള്ളിയും
കടലുതന്നെയെന്നും,
ആഴത്തിലും പരപ്പിലുമുള്ള മാറ്റം
കാലത്തിന്റേതെന്നും
സമാധാനിപ്പിച്ചു.
പിന്നെ ഇങ്ങനെ പറഞ്ഞു :
ഈ നീരൊഴുക്കിന്,
ഏറെ ദുരനുഭവങ്ങളുടെ ഉപ്പുകേറുമ്പോള്,
പ്രതികരണങ്ങളുടെ
ഇടമുറിയാത്ത തിരയിളകുമ്പോള്,
ഉള്ളിൽ അസംഖ്യം ജലജീവികളുടെ,
തമ്മിൽവിഴുങ്ങുന്ന ചിന്തകള് പുളയ്ക്കുമ്പോള്,
മകനേ,
എല്ലാ നീര്ച്ചാലുകളും കടലാവുന്നു!
അന്നാ ചെറുക്കന്റെ കണ്ണിൽ
നീരൂറിയിരുന്നെങ്കിലും,
ഇന്നവനറിയുന്നൂ,
എല്ലാ ജലകണങ്ങളും
കടലിന്റെ അശാന്തമായ
ആത്മാവുപേറുന്നവരാണ് !
.............................................