I'am walking,but please don't expect me to walk with you

Saturday, 15 July 2017



ചോദന
          കുറേക്കൊല്ലം മുമ്പ്, മലയാളത്തിലെ ഒരു പ്രമുഖപത്രത്തിന്റെ വലിയൊരു ശതമാനം ഓഹരികള്‍ ഉത്തരേന്ത്യയിലെ മറ്റൊരു പത്രഭീമന് ചിലര്‍ വില്പനനടത്തുകയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു.പിന്നീട്, അത്(വില്പന) മലയാളപത്രത്തിന്റെ ആത്മാവ് നഷ്ടപ്പെടാനിടയാക്കുമെന്നുംമറ്റുമുള്ള ചര്‍ച്ചകള്‍വന്നു. ചിലര്‍ ഷെയറുകള്‍ വില്പനനടത്തിയാല്‍ തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്നുഭയന്ന ചിലമുതലാളിമാരായിരുന്നു അത്തരം വാദങ്ങളുടെ പിന്നില്‍.
         മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരെല്ലാം പ്രസ്തുത പത്രത്തിനനുകൂലമായും , ഷെയര്‍വില്പനയ്ക്കതിരായും പ്രസ്താവനകളിറക്കിയത് കൗതുകത്തോടെ വായിച്ചവനാണ് ഞാന്‍.അവരുടെ ഭാഷാസ്നേഹം എന്നെപ്പോലുള്ളവരെ കോള്‍മയിര്‍കൊള്ളിച്ചുവെന്നു ചുരുക്കം. ആയിടയ്ക്കൊരിക്കല്‍, ഒരു സ്നേഹിതന്‍ എനിക്കൊരു കത്തുകാണിച്ചുതന്നു. പ്രസ്തുത പത്രത്തില്‍നിന്നാണ് അതു വന്നതത്രേ. ഉത്തരേന്ത്യന്‍ പത്രഭീമന്‍ മലയാളപത്രത്തെ വിഴുങ്ങാനിടയായാലുള്ള കുഴപ്പങ്ങളതില്‍ ആലേഖനംചെയ്തിരിക്കുന്നു. അതിനെതിരെ പ്രതികരിക്കണമെന്ന ആഹ്വാനമായിരുന്നു കത്തില്‍.അവരെഴുതി അയച്ചാല്‍മതി, പത്രത്തില്‍ അച്ചടിച്ചുവരും.

"ങേ, ഇവരിത് നിനക്കയച്ചതാണോ ?"

"അതെ."

"അപ്പോള്‍ നീ ഭയങ്കരനാണല്ലോ!"

"അതൊന്നുമല്ലെടാ," സ്നേഹിതന്‍ പറഞ്ഞു, "രണ്ടുമൂന്നുകൊല്ലം മുമ്പ് എന്റെ ഒരു കഥ പ്രസ്തുത പത്രത്തിന്റെ വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു..അതിലെഴുതിയവര്‍ക്കെല്ലാം പത്രം കത്തയച്ചിട്ടുണ്ടത്രേ!"

           അപ്പോ, അതാണ് കാര്യം. ഈ പ്രമുഖസാഹിത്യകാരന്മാരെല്ലാം ആരുടെയെങ്കിലും പ്രേരണയുണ്ടായാലേ സമകാലിക സംഭവങ്ങളില്‍ പ്രതികരിക്കയുള്ളൂ.

കാര്യങ്ങള്‍ ഇങ്ങനെയാണെന്ന വിചാരമുള്ളതുകൊണ്ടാണ് സര്‍, പ്രമുഖ സംവിധായകനും, പ്രമുഖ സാഹിത്യകാരനുമൊക്കെ പ്രതികരിക്കുമ്പോള്‍ ഇതിന്

അവരുടെ   ചോദനയെന്തായിരിക്കുമെന്നതിനെപ്പറ്റി ചിന്തിച്ചുപോവുന്നത്

Monday, 24 April 2017

കണാരച്ചന്‍
          അങ്ങനെയിരിക്കുമ്പോള്‍ കണാരച്ചനെ ഓര്‍മ്മവന്നു.ചായക്കച്ചവടക്കാരനാണ്. ഒരു കേഡര്‍പാര്‍ട്ടിയുടെ ഉറച്ച അനുഭാവി.സമ്മേളനങ്ങള്‍ക്കും, ജാഥകള്‍ക്കുമൊക്കെ പോകും.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പത്രം അരിച്ചുപെറുക്കി വായിക്കും.ചായകുടിക്കാന്‍ വരുന്ന ആളുകളോട്,(അതിലെല്ലാ പാര്‍ട്ടിക്കാരുമുണ്ടാകും) രാഷ്ട്രീയം പറയും.(ഇവിടെ രാഷ്ട്രീയം പറയരുത് എന്ന ബോര്‍ഡ് ഒരിക്കലും അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല). മറ്റു പാര്‍ട്ടിക്കാര്‍ക്കും, കഴിയുംമട്ടില്‍ സംഭാവന നല്കും.
                         ഒരിക്കല്‍ തന്റെ പാര്‍ട്ടിയുടെ ഒരു പ്രാദേശികനേതാവ്, ഒരു പാവം അധ്യാപകനെ തന്റെഗീര്‍വ്വാണത്തില്‍കുളിപ്പിച്ചു എന്നറിഞ്ഞപ്പോള്‍, കണാരച്ചന്‍ മാഷോട് കാര്യംതിരക്കിയറിഞ്ഞു.. മാഷ് തെറ്റുചെയ്തിട്ടില്ലെന്നും,നേതാവ് മാഷോട് തന്റെ ധാര്‍ഷ്ട്യംകാണിക്കുകയാണ്ചെയ്തതെന്നും, മറ്റ് വിധത്തിലുള്ള അന്വേഷ​ണങ്ങളില്‍നിന്നും കണാരച്ചന് മനസ്സിലായി.പിറ്റേന്ന്, കണാരച്ചന്റെ കടയ്ക്കുമുന്നിലൂടെപോകുന്ന നേതാവിനെ, കണാരച്ചന്‍ വിളിച്ചുനിര്‍ത്തി.
           "ഇഞ്ഞെന്തിനാടോ ഇന്നല മ്മള മാഷ തോന്ന്യാസം പറഞ്ഞേ ?
             അത്, കണാരച്ചാ....
             മാണ്ടാ,മാണ്ടാ, ന്റെ വെളച്ചിലൊന്നും എടുക്കണ്ടാ.....
       എന്നാ മനേ, ഇഞ്ഞറിയോ, ബയി ഞാളുണ്ടാവൂന്നും വിചാരിച്ച് തോന്ന്യാസം കാണിച്ചാലില്ലേ, കാലിന്റെ മുട്ട് തച്ചൊടിച്ച്യാളയും ഞാള്. സമ്മേളനത്തിന് കൊടിപിടിക്ക്വാന്‍ മാത്രേല്ല ഞാക്കറിയുന്നേ "
    മുഖം വിളറിയ നേതാവ് ഏതുവഴിപോയെന്നറിയില്ല. അവിടെ കൂടിയിരുന്നവരെല്ലാം അതേ പാര്‍ട്ടിയുടെ ആളുകള്‍തന്നെയായിരുന്നു.അവരെല്ലാം കണാരച്ചനോട് അനുകൂലിച്ചുതന്നെയായിരുന്നു!
       ഇപ്പോഴെന്താണ് കണാരച്ചനെ ഓര്‍മ്മവന്നതെന്നറിയില്ല.ചില ഓര്‍മ്മകളങ്ങനെയാണ്.വേനല്‍മഴപോലെ, വരും,പോകും....

Monday, 10 April 2017

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
                    ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന നോവലിനെക്കുറിച്ചായിരുന്നു വായനശാലയില്‍ ഏപ്രില്‍ ഒമ്പതാംതീയതി ചര്‍ച്ചചെയ്തത്.ശ്രീ. കവിയൂര്‍ ബാലന്‍ പുസ്തകാനുഭവം അവതരിപ്പിച്ചു.

                         ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചപ്പോള്‍, നോവലില്‍നിന്നുരുവാകുന്ന ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്.പേരു സൂചിപ്പിക്കുമ്പോലെ, ആണ്ടാള്‍ദേവനായകി എന്ന വനിത, പഴയ കണ്ണകിയുടെമിത്തില്‍നിന്ന്, ഉരുവായവളാണ്.ആ സ്ത്രീതന്നെയാണ്, പലകാലങ്ങളില്‍ അനീതിക്കെതിരെ പോരാടി പരാജയപ്പെടുന്ന എല്ലാ സ്ത്രീകഥാപാത്രങ്ങളും.
                       ശ്രീലങ്കയിലെ സിംഹള ഭരണവും, തമിഴ് പുലികളുടെഎതിര്‍ത്തുനില്പുമെല്ലാം നോവലില്‍ വരുന്നു. പക്ഷേ, ഫാസിസത്തിന്റെ മുഖങ്ങള്‍തന്നെയാണവ.ആണധികാരത്തിന്റെ ഫാസിസ്റ്റ് മുഖങ്ങള്‍തന്നെ
                       വളരെ കൃത്യമായ ആസൂത്രണത്തോടെ എഴുതപ്പെട്ട ഈ നോവല്‍, ഒരു വിപണനോത്പന്നമെന്നനിലയില്‍, വിജയിക്കാന്‍വേണ്ടി ആവശ്യമായ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയ കൃതിയാണ്.
              

Friday, 17 February 2017

        സുകുമാര്‍ അഴീക്കോടിനെ അനുസ്മരിച്ചുകൊണ്ട് ശ്രീ.ഉദയന്‍ മാസ്റ്റര്‍ സംസാരിച്ചശേഷം, അഴീക്കോടിന്റെ ഗുരുവിന്റെ  ദുഃഖം എന്ന പുസ്തകത്തെപ്പറ്റിയായിരുന്നു 12-02-17 ന് ചര്‍ച്ച.ശ്രീ.പാലത്തായി രാമചന്ദ്രേട്ടനെ  ചര്‍ച്ച അവതരിപ്പിക്കാനായി ക്ഷണിക്കുന്നതാണ് സന്ദര്‍ഭം.
  സാംസ്കാരികാകാശങ്ങളില്‍ പ്രകാശം ചൊരിഞ്ഞുനില്ക്കുന്ന ബിംബങ്ങളുടെ അപദാനപ്രകീര്‍ത്തനം മാത്രമാവരുത്, അനുസ്മരണയോഗങ്ങളെന്നും, ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന അവരുടെ ഗുണദോഷങ്ങളെ ഒരേപോലെ നോക്കിക്കാണുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ധ്യക്ഷന്‍ എന്നനിലയില്‍ സൂചിപ്പിക്കുകയുണ്ടായി


Saturday, 21 January 2017

·
വഴിയോരത്ത്
കരുത്തോടെ വളരുന്ന
ഈ മുള്‍ച്ചടിക്കാട്
പലരുമുപേക്ഷിച്ചുപോയ
പ്രണയമാണ്...

അതില്‍നിറയെ 
മഞ്ഞപ്പൂക്കളുണ്ട്
അ കവിത
അക വിത
കവിത ?

Tuesday, 10 January 2017

ആപ്പീസ്
പ്രഭാകരന്‍ പഴശ്ശിയുടെ സര്‍ക്കാരാപ്പീസിനെപ്പറ്റിയുള്ള കുറിപ്പിന് ഒരനുബന്ധം
കഴിഞ്ഞയാഴ്ച ഞാനൊരു സര്‍ക്കാരാ പ്പീസില്‍ (ആപ്പീസിന്റെ പേര് പരസ്യമാക്കുന്നില്ല)പോയിരുന്നു. പത്തരയായിരുന്നു സമയം.ആപ്പീസ് തുറന്നിട്ടുണ്ട്(അവിടെ, ആ കെട്ടിടത്തില്‍ത്തന്നെ മറ്റാപ്പീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്)കയറിനോക്കിയപ്പോള്‍ ആരുമില്ല. അപ്പുറത്തെ ആപ്പീസിലെ തൂപ്പുകാരി യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്; ആളുണ്ട് ,തുറന്നിട്ടുണ്ടല്ലോ എന്നാണ്.അവരും വന്നുനോക്കി. ഒരുപൂച്ചയുമില്ല( സര്‍ക്കാരാപ്പീസുകളില്‍ ഓരോ പൂച്ചയെ വളര്‍ത്തിയാല്‍ ഈ ആക്ഷേപം ഒഴിവാക്കാനാവും) തൂപ്പുകാരി പറഞ്ഞു: എന്നാല്‍ ട്രഷറിയില്‍ പോയിട്ടുണ്ടാവും. അഞ്ചാറുപേര്‍ ജോലിചെയ്യുന്ന ഒരാപ്പീസിലെ എല്ലാരുംകൂടി ട്രഷറി പിക്കറ്റുചെയ്യാന്‍പോയോ ? എന്താ കഥ ! പാവം തൂപ്പുകാരി എന്റെ മുന്നില്‍നിന്നും അപ്രത്യക്ഷയായി. സമയം പതിനൊന്നായപ്പോള്‍ അതാ ഒരു സുന്ദരി കടന്നുവരുന്നു. ചുമരിലെ ക്ലോക്കില്‍ നോക്കുന്ന എന്റെ മുഖത്തേക്കൊരു ചമ്മിയ ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ എന്റെ കാര്യം പരിഗണിച്ചു. ഗുണപാഠമെന്താച്ചാല്‍, സാധാരണഗതിയില്‍ എന്റെ രക്തം തിളക്കേണ്ടതാണ്. പക്ഷേ, മോഡിജിയുടെ മുഖം ഓര്‍ത്തതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അതായത്,പാവംഅവിടുത്തെ ജീവനക്കാരും, ഏതോ ബാങ്കിലെ ക്യൂവിലാവും.ജോലിമാത്രം ചെയ്താല്‍ പോരല്ലോ, ശംബളവും വേണ്ടേ. അദ്ദാണ്.