I'am walking,but please don't expect me to walk with you

Monday, 10 April 2017

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
                    ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന നോവലിനെക്കുറിച്ചായിരുന്നു വായനശാലയില്‍ ഏപ്രില്‍ ഒമ്പതാംതീയതി ചര്‍ച്ചചെയ്തത്.ശ്രീ. കവിയൂര്‍ ബാലന്‍ പുസ്തകാനുഭവം അവതരിപ്പിച്ചു.

                         ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചപ്പോള്‍, നോവലില്‍നിന്നുരുവാകുന്ന ഫാസിസ്റ്റ് വിരുദ്ധ മനോഭാവത്തെപ്പറ്റിയാണ് ഞാന്‍ സംസാരിച്ചത്.പേരു സൂചിപ്പിക്കുമ്പോലെ, ആണ്ടാള്‍ദേവനായകി എന്ന വനിത, പഴയ കണ്ണകിയുടെമിത്തില്‍നിന്ന്, ഉരുവായവളാണ്.ആ സ്ത്രീതന്നെയാണ്, പലകാലങ്ങളില്‍ അനീതിക്കെതിരെ പോരാടി പരാജയപ്പെടുന്ന എല്ലാ സ്ത്രീകഥാപാത്രങ്ങളും.
                       ശ്രീലങ്കയിലെ സിംഹള ഭരണവും, തമിഴ് പുലികളുടെഎതിര്‍ത്തുനില്പുമെല്ലാം നോവലില്‍ വരുന്നു. പക്ഷേ, ഫാസിസത്തിന്റെ മുഖങ്ങള്‍തന്നെയാണവ.ആണധികാരത്തിന്റെ ഫാസിസ്റ്റ് മുഖങ്ങള്‍തന്നെ
                       വളരെ കൃത്യമായ ആസൂത്രണത്തോടെ എഴുതപ്പെട്ട ഈ നോവല്‍, ഒരു വിപണനോത്പന്നമെന്നനിലയില്‍, വിജയിക്കാന്‍വേണ്ടി ആവശ്യമായ എല്ലാ ചേരുവകളും ഉള്‍പ്പെടുത്തിയ കൃതിയാണ്.
              

Friday, 17 February 2017

        സുകുമാര്‍ അഴീക്കോടിനെ അനുസ്മരിച്ചുകൊണ്ട് ശ്രീ.ഉദയന്‍ മാസ്റ്റര്‍ സംസാരിച്ചശേഷം, അഴീക്കോടിന്റെ ഗുരുവിന്റെ  ദുഃഖം എന്ന പുസ്തകത്തെപ്പറ്റിയായിരുന്നു 12-02-17 ന് ചര്‍ച്ച.ശ്രീ.പാലത്തായി രാമചന്ദ്രേട്ടനെ  ചര്‍ച്ച അവതരിപ്പിക്കാനായി ക്ഷണിക്കുന്നതാണ് സന്ദര്‍ഭം.
  സാംസ്കാരികാകാശങ്ങളില്‍ പ്രകാശം ചൊരിഞ്ഞുനില്ക്കുന്ന ബിംബങ്ങളുടെ അപദാനപ്രകീര്‍ത്തനം മാത്രമാവരുത്, അനുസ്മരണയോഗങ്ങളെന്നും, ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന അവരുടെ ഗുണദോഷങ്ങളെ ഒരേപോലെ നോക്കിക്കാണുകയാണ് നാം ചെയ്യേണ്ടതെന്നും അദ്ധ്യക്ഷന്‍ എന്നനിലയില്‍ സൂചിപ്പിക്കുകയുണ്ടായി


Saturday, 21 January 2017

·
വഴിയോരത്ത്
കരുത്തോടെ വളരുന്ന
ഈ മുള്‍ച്ചടിക്കാട്
പലരുമുപേക്ഷിച്ചുപോയ
പ്രണയമാണ്...

അതില്‍നിറയെ 
മഞ്ഞപ്പൂക്കളുണ്ട്
അ കവിത
അക വിത
കവിത ?

Tuesday, 10 January 2017

ആപ്പീസ്
പ്രഭാകരന്‍ പഴശ്ശിയുടെ സര്‍ക്കാരാപ്പീസിനെപ്പറ്റിയുള്ള കുറിപ്പിന് ഒരനുബന്ധം
കഴിഞ്ഞയാഴ്ച ഞാനൊരു സര്‍ക്കാരാ പ്പീസില്‍ (ആപ്പീസിന്റെ പേര് പരസ്യമാക്കുന്നില്ല)പോയിരുന്നു. പത്തരയായിരുന്നു സമയം.ആപ്പീസ് തുറന്നിട്ടുണ്ട്(അവിടെ, ആ കെട്ടിടത്തില്‍ത്തന്നെ മറ്റാപ്പീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്)കയറിനോക്കിയപ്പോള്‍ ആരുമില്ല. അപ്പുറത്തെ ആപ്പീസിലെ തൂപ്പുകാരി യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്; ആളുണ്ട് ,തുറന്നിട്ടുണ്ടല്ലോ എന്നാണ്.അവരും വന്നുനോക്കി. ഒരുപൂച്ചയുമില്ല( സര്‍ക്കാരാപ്പീസുകളില്‍ ഓരോ പൂച്ചയെ വളര്‍ത്തിയാല്‍ ഈ ആക്ഷേപം ഒഴിവാക്കാനാവും) തൂപ്പുകാരി പറഞ്ഞു: എന്നാല്‍ ട്രഷറിയില്‍ പോയിട്ടുണ്ടാവും. അഞ്ചാറുപേര്‍ ജോലിചെയ്യുന്ന ഒരാപ്പീസിലെ എല്ലാരുംകൂടി ട്രഷറി പിക്കറ്റുചെയ്യാന്‍പോയോ ? എന്താ കഥ ! പാവം തൂപ്പുകാരി എന്റെ മുന്നില്‍നിന്നും അപ്രത്യക്ഷയായി. സമയം പതിനൊന്നായപ്പോള്‍ അതാ ഒരു സുന്ദരി കടന്നുവരുന്നു. ചുമരിലെ ക്ലോക്കില്‍ നോക്കുന്ന എന്റെ മുഖത്തേക്കൊരു ചമ്മിയ ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ എന്റെ കാര്യം പരിഗണിച്ചു. ഗുണപാഠമെന്താച്ചാല്‍, സാധാരണഗതിയില്‍ എന്റെ രക്തം തിളക്കേണ്ടതാണ്. പക്ഷേ, മോഡിജിയുടെ മുഖം ഓര്‍ത്തതിനാല്‍ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അതായത്,പാവംഅവിടുത്തെ ജീവനക്കാരും, ഏതോ ബാങ്കിലെ ക്യൂവിലാവും.ജോലിമാത്രം ചെയ്താല്‍ പോരല്ലോ, ശംബളവും വേണ്ടേ. അദ്ദാണ്.
നാണുനായര്‍
മുകുന്ദേട്ടന്റെ (എം.മുകുന്ദന്‍) പ്രഭാതം മുതല്‍.....കഥയിലെ നാണുനായരല്ല ഇദ്ദേഹം. ഇദ്ദേഹവും തനി നാട്ടില്‍പുറത്തുകാരന്‍.ഏതുപ്രശ്നങ്ങളോടും തീവ്രമായി പ്രതികരിക്കുന്നആള്‍.തന്റെ തീവ്രവികാരം പ്രകടിപ്പിക്കാന്‍ പലപ്പോഴും ശ്രീകണ്ഠശ്വരത്തിന്റെ പ്രയത്നം മതിയാകാതെ വരുമ്പോള്‍ അദ്ദേഹം ഉടനടി പുതിയ വാക്കുകളും സമസ്തപദങ്ങളും ഉണ്ടാക്കും. കേള്‍ക്കുന്ന ആളുകള്‍ക്ക് , കേട്ടപടി ആശയം മനസ്സിലാവുകയും ചെയ്യും. പക്ഷേ, പിന്നീട് കൂടുതല്‍ ആലോചിക്കുമ്പോഴാണ് കുഴപ്പമാണെന്നു തോന്നുക.(നിഘണ്ടുവിലുണ്ടെങ്കില്‍മാത്രം ശരിയെന്ന ചിന്താഗതിക്കാരാണല്ലോ നമ്മള്‍ !)പറഞ്ഞുവന്നത് അദ്ദേഹത്തിന്റെ ഒരു പ്രയോഗത്തെപ്പറ്റിയാണ്. "നിഷ്പുത്രോല്‍പാദകന്‍മാര്‍ !"നാണുനായരിപ്പോള്‍ ന്യായാധിപന്മാരെപ്പറ്റിയോ, പ്രധാനമന്ത്രിയെപ്പറ്റിയോ അഥവാ മറ്റാരെ യെങ്കിലുംപറ്റിയോ ആ സമസ്തപദമിപ്പോള്‍ ഉപയോഗിക്കുന്നുണ്ടാവുമോ ?
ജനഗണമന
കുറേക്കാലം മുമ്പ് സിനിമാ കൊട്ടകകളില്‍, ശുഭം കാണിച്ചുകഴിഞ്ഞാല്‍ ജനഗണമന ഉയരുമായിരുന്നു. കുറച്ചുപേര്‍ എഴുന്നേറ്റ് അറ്റന്‍ഷനായി നില്ക്കുമായിരുന്നുവത്രേ.ഭൂരിഭാഗം ആളുകളും തിക്കിത്തിരക്കി പുറത്തേക്കോടുകയായിരിക്കും അപ്പോള്‍. ഒച്ചപ്പാടും ബഹളവും, ആകെ അലങ്കോലമായ അന്തരീക്ഷമായിരിക്കുമത്രേ കൊട്ടകയിലപ്പോള്‍.ഒടുവില്‍ ദേശസ്നേഹികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ആ ഏര്‍പ്പാട് ഒഴിവാക്കുകയായിരുന്നുവത്രേ !(ചരിത്രകാരന്‍ തൊണ്ണൂറുകഴിഞ്ഞ കോരച്ചനുമായി നടത്തിയ അപ്രകാശിത അഭിമുഖത്തില്‍നിന്ന്)