I'am walking,but please don't expect me to walk with you

Tuesday, 10 January 2017

ജനഗണമന
കുറേക്കാലം മുമ്പ് സിനിമാ കൊട്ടകകളില്‍, ശുഭം കാണിച്ചുകഴിഞ്ഞാല്‍ ജനഗണമന ഉയരുമായിരുന്നു. കുറച്ചുപേര്‍ എഴുന്നേറ്റ് അറ്റന്‍ഷനായി നില്ക്കുമായിരുന്നുവത്രേ.ഭൂരിഭാഗം ആളുകളും തിക്കിത്തിരക്കി പുറത്തേക്കോടുകയായിരിക്കും അപ്പോള്‍. ഒച്ചപ്പാടും ബഹളവും, ആകെ അലങ്കോലമായ അന്തരീക്ഷമായിരിക്കുമത്രേ കൊട്ടകയിലപ്പോള്‍.ഒടുവില്‍ ദേശസ്നേഹികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ആ ഏര്‍പ്പാട് ഒഴിവാക്കുകയായിരുന്നുവത്രേ !(ചരിത്രകാരന്‍ തൊണ്ണൂറുകഴിഞ്ഞ കോരച്ചനുമായി നടത്തിയ അപ്രകാശിത അഭിമുഖത്തില്‍നിന്ന്)
ഫേയ്ക്ക്

മൊബൈലും നെറ്റും ഫേസ് ബുക്കും വാട്ട്സ്അപ്പുമൊക്കെ വ്യാപകമായതോടുകൂടി വ്യാജന്മാരും ഇറങ്ങിയിരി്ക്കുകയാണ്.ചില ആണുങ്ങള്‍(?) ഏതെങ്കിലും സ്ത്രീനാമവുമായി പ്രൊഫൈലുണ്ടാക്കുകയും മറ്റുള്ളവര്‍ക്ക് ഫ്രണ്ട്സ് റിക്വസ്റ്റയക്കുകയും ചെയ്യും.ആരോ പരിചയക്കാരെന്നുകരുതി റിക്വസ്റ്റ് സ്വീകരിച്ചാല്‍പിന്നെ കുടുങ്ങി. തികച്ചും വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയാവും ചാറ്റിംഗ്.പിന്നെപ്പിന്നെ അത് പഞ്ചാരവര്‍ത്തമാനമായി....തട്ടിപ്പായി......അയ്യോ...കഥ തീര്‍ന്നതുതന്നെ.
ഈയിടെ, എന്റെ ഒരു കൂട്ടുകാരന്‍
(അമ്പത്തഞ്ചില്‍ നില്ക്കുന്നയാള്‍) പറഞ്ഞ അനുഭവകഥ ഇങ്ങനെ
അയാള്‍ക്കു വാട്ട്സ്അപ്പില്‍, പരിചയമി ല്ലാത്തൊരു നമ്പരില്‍നിന്നൊരു മെസേജ് വരുന്നു," ഓര്‍മ്മയുണ്ടോ?" പ്രൊഫൈല്‍ ഫോട്ടോ ഇല്ലായിരുന്നുവത്രേ. അദ്ദേഹം ഇല്ലെന്നു മെസേജയച്ചപ്പോള്‍ വന്നതിങ്ങനെയൊരു മറുപടി: "ആ അത്രേയുള്ളൂ.പഠിക്കുമ്പഴേ ഈ സ്വഭാവംതന്നെ. ഒരു മാറ്റവുമില്ല. ഫോട്ടോ നന്നായിട്ടുണ്ട് കേട്ടോ, അന്നത്തെ ആകള്ളച്ചിരിപോലുമുണ്ട്"
കൂടെ ഒരു പ്രണയമുദ്രയും.തനിക്കങ്ങനെ പ്രണയമുണ്ടായിരുന്നില്ലല്ലോ. അഥവാ, ആരെങ്കിലും തന്നെ രഹസ്യമായി സ്നേഹിച്ചിരുന്നോ ? അദ്ദേഹം വിഷമത്തിലായി, ആരാവും. പഴയ സഹപാഠികളാരോ ?
അദ്ദേഹം ചോദിച്ചത്രേ, "എന്താ ഇയാള്‍ പ്രൊഫൈല്‍ഫോട്ടോ ഇടാത്തത് ?"(അതു കണ്ടെങ്കിലും ആളെ അറിയാമല്ലോ) അതിന്റെ മറുപടിയായി വന്നത്, "പെണ്‍കുട്ടികളുടെ ഫോട്ടോ വാട്ട്സപ്പിലൊക്കെ ഇടാമോ?" എന്നായിരുന്നു. പുള്ളിക്കാരനൊന്നു ഞെട്ടി. പെണ്‍കുട്ടിയോ ? തനിക്ക് അമ്പത്തഞ്ചായി, അപ്പോള്‍ ഒന്നിച്ചു പഠിച്ചവളും അമ്പത്തഞ്ചുകാരിയായിരിക്കില്ലേ, ഇതു തട്ടിപ്പുതന്നെ. അദ്ദേഹം മറുമെസേജയച്ചു, "ആരെന്ന് വെളിവാക്കുന്നില്ലെങ്കില്‍ നമുക്കീ സൗഹൃദം ഇവിടെ നിര്‍ത്താം". തീര്‍ന്നു, പിന്നെ മെസേജൊന്നും വന്നിട്ടില്ലത്രേ.
"ചിലരുടെ മാനസിക രോഗമാണിത്. ചിലരുടെ തട്ടിപ്പിനുള്ള ഉപാധിയും. നീയൊന്നു ശ്രദ്ധിച്ചോളൂട്ടോ," അദ്ദേഹം എനിക്കു മുന്നറിയിപ്പുു നല്കി.
രാമായണം-ഒരോര്‍മ്മ
രാമായണകഥകള്‍ ഞാനാദ്യമായി കേള്‍ക്കുന്നത് അയല്‍ക്കാരനായ എഴുത്തോറക്കുനി കണ്ണച്ചന്‍ പറയുമ്പോഴാണ്.( ഞങ്ങളുടെ നാട്ടിലന്ന് പ്രായമായവരെ പേരിന്റെകൂടെ അച്ചനെന്നു ചേര്‍ത്താണ് ബഹുമാനിച്ചുവിളിക്കുക. കണ്ണച്ചന്‍,പൊക്കച്ചന്‍ ,കണാരച്ചന്‍-ഇങ്ങനെ.പിന്നീടത് ഏട്ടന്‍വിളിക്കു വഴിമാറി) സന്ധ്യകഴിഞ്ഞാ ലദ്ദേഹം വീട്ടില്‍വരുമായിരുന്നു. അച്ഛനോട് സംസാരിച്ചുകൊണ്ടിരിക്കും. നല്ല ഭാഷാശൈലിയാണ്.സംസാരം ഏതെങ്കിലും ഘട്ടത്തില്‍ പുരാണത്തിലേക്കു മാറും.അതുകേള്‍ക്കാന്‍ കുട്ടികളായ ഞങ്ങളും അടുത്തുകൂടുമായിരുന്നു. രാമായണം കഥ വളരെ രസകരമായിത്തന്നെ അദ്ദേഹം പറയുമായിരുന്നു. അടുത്തദിവസം കഥയുടെ തുടര്‍ച്ചയാവും. മിക്കവാറും കര്‍ക്കിടകംമുഴുവന്‍ കഥയുണ്ടാവും.
വായന ലഹരിയായഘട്ടത്തില്‍ ഞാനദ്ദേഹത്തോട് രാമായണപുസ്തകം വായിക്കാന്‍തരുമോ എന്നുചോദിച്ചു. അദ്ദേഹം എത്തിച്ചുതന്നത് കമ്പരാമായണമായിരുന്നു.ഗദ്യം. ആ പുസ്തകത്തിലുള്ളതുപോലെയായിരുന്നു അദ്ദേഹം കഥപറഞ്ഞിരുന്നതെന്ന് അത്ഭുതത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു എന്തൊരു ഓര്‍മ്മശക്തിയെന്ന് ഞാനതിശയിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍, ഗള്‍ഫില്‍ പോയ മകന്റെ മകന് അയക്കാന്‍ കത്തെഴുതിക്കൊടുക്കണമെന്ന് അദ്ദേഹം എന്നോടാവശ്യപ്പെട്ടു.ഞാനെഴുതിക്കൊടുത്തു. ഇക്കാര്യം അമ്മയോടു പറയുമ്പോള്‍, അതെന്താണമ്മേ, കണ്ണച്ചന്‍എഴുതാത്തതെന്നു ഞാന്‍ ചോദിച്ചപ്പോഴാണ്, എന്നെ ഞെട്ടിച്ച അക്കാര്യംഞാനറിഞ്ഞത്. കണ്ണച്ചന്എഴുതാനും വായിക്കാനുമറിയില്ല.അതായത് ,അക്ഷരാഭ്യാസമില്ല. ( ആരോ രാമായണം വായിക്കുന്നത് ശ്രദ്ധിച്ചു കേട്ട് ഹൃദിസ്ഥമായതാണ്. എന്തൊരോര്‍മ്മശക്തിയെന്ന് അസൂയപ്പെട്ടു ഞാന്‍ )

Saturday, 29 October 2016

പുസ്തകചര്‍ച്ച (13-10-2016)
ചൊക്ലി ശ്രീനാരായണഗുരുസ്മാരക ലൈബ്രറിയില്‍ സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ കെ.ആര്‍.മീരയുടെ ആരാച്ചാര്‍ എന്ന നോവലിനെപ്പറ്റിയുള്ള ചര്‍ച്ച അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.
പുസ്തകം ആരാച്ചാരെപ്പറ്റിയുള്ളതല്ലെന്നാണ്അവിടെ പറഞ്ഞത്

Tuesday, 26 May 2015

ഉപതെരഞ്ഞടുപ്പ്
അരുവിക്കര ഉപതെരഞ്ഞടുപ്പ് നടക്കാന്‍പോകുന്നു.കേവലം ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ കോടിക്കണക്കിന് രൂപ അതിന്റെ പേരില്‍ കത്തിച്ചുകളയാന്‍ പോകുന്നു. അങ്ങനെ ചെലവാക്കുന്നതിന്റെ പകുതി പോലും വേണ്ട പ്രസ്തുത നിയോജക മണ്ഡലത്തിന്റെ മുഴുവല്‍ വികസന പ്രവര്‍ത്തനവും നടത്താന്‍. ഇത്ര ചുരുങ്ങിയ കാലയളവിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ, ആ മണ്ഡലത്തിന്റെ ചുമതല ആ മണ്ഡലത്തിന്റെ സാമാജികന്റെ മുന്നണിയേതോ അതനുസരിച്ച് മുഖ്യ മന്ത്രിയോ പ്രതിപക്ഷ നേതാവോ വഹിച്ചാല്‍ മതിയാവും. അല്ലാതെ വീണ്ടുമൊരു മാമാങ്കം നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

Tuesday, 19 May 2015




സാഹിതീയം
എനിക്കു പരിചയമുള്ളൊരു കഥാകൃത്തുണ്ട്.എല്ലാ അടവുകളും പഠിച്ചവന്‍.പയറ്റിത്തെളിഞ്ഞവന്‍. സ്ഥിരോത്സാഹി. ഒന്നു രണ്ട് അവാര്‍ഡുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രസംഗകനുമാണ്. ദൂരത്തള്ളവര്‍ ക്ഷണിക്കാന്‍ വന്നാല്‍ കൃത്യമായും പോയിരിക്കും.പക്ഷേ, നാട്ടുകാരാണെങ്കില്‍ ഇടപാട് വേറെ തരത്തിലാണ്.. അദ്ദേഹം പറയും, അന്നു ഞാന്‍ സ്ഥലത്തണ്ടാവില്ല. തലേന്നേ, തൃശൂരിലൊരു കഥാക്യാമ്പുണ്ട്. അവിടുന്ന് വരണം. ഏതായാലും നിങ്ങള്‍ നോട്ടീസില്‍ പേര് കൊടുത്തോളൂ. അന്നു രാവിലെ എന്നെയൊന്നു വിളിക്കണം. ഏതെങ്കിലും വായനശാലയ...ുടെ വാര്‍ഷികമായിരിക്കും.സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത കമ്മറ്റി.നാട്ടുകാരനെ ക്ഷണിച്ചാല്‍, വണ്ടിക്കൂലി ലാഭിക്കാമെന്നേ അവര്‍ കരുതിയിട്ടുണ്ടാവൂ.പക്ഷേ നമ്മുടെ കഥാകൃത്ത് ആരാ മോന്‍. അന്നു രാവിലെ തന്നെ വിളിച്ച ചെറുപ്പക്കാരനോട് പറയും. ഞാനിതാ വന്നുകൊണ്ടിരിക്കയാണ്. പരിപാടി തുടങ്ങുന്നതിന്റെ ഒരു മനിക്കൂര്‍ മുമ്പ് ഒന്നു വിളിക്കണേ.കമ്മറ്റിക്കാര്‍ സമ്മതിക്കും. ആളുകള്‍ വന്നുതടങ്ങി, തുടങ്ങാന്‍ സമയമാകുമ്പോള്‍ അവര്‍ക്കു വെപ്രാളമാകും.കഥീകൃത്ത് എത്തിയിട്ടില്ല.അവര്‍ വിളിക്കും. കഥാകൃത്ത് പറയും , എന്താ ചെയ്യ, ഞാന്‍ ബസ്സിലാണ്. ഇതങ്ങെത്തമ്പഴേക്കും രാത്രിയാകും പിന്നെന്താ ചെയ്യ ! അങ്ങേരുതന്നെ പ്രതിവിധി നിര്‍ദ്ദേശിക്കും.ഞാനിവിടെയിറങ്ങി ഒരു കാറിലങ്ങോട്ടു വന്നാലോ ? കാര്‍ വാടക നിങ്ങള്‍ കൊടുക്കുമോ ? അത്തരമൊരു സമയ സന്ധിയില്‍ ഏതു കമ്മറ്റിയും അതിനു സമ്മതിക്കും. കഥാകൃത്ത് യോഗത്തിനു വരും കാര്‍ വാടക കമ്മറ്റി നല്കും.അതൊരു വലിയ തുകയായിരിക്കും. കമ്മറ്റിയിലെ ചെറുപ്പക്കാര്‍ കഥാകൃത്തിനെ ആദരവോടെ നോക്കും. എന്തൊരു ശുഷ്കാന്തിയാണിദ്ദേഹത്തിന്. പ്രസംഗം പൊടി പൊടിക്കും.പിന്നീടൊരിക്കല്‍ കാറുകാരനാണ് എന്നോടു രഹസ്യം വെളിവാക്കിയത്. കഥാകൃത്ത് സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയാവും.അതും യോഗസ്ഥലത്തിന്റെ അര കിലോമീറ്റര്‍ മാത്രം അകലെ. താന്‍ ദൂരെയാണെന്ന് വരുത്തിത്തീര്‍ത്തശേഷം, ആ ദൂരസ്ഥലത്തുനിന്നുള്ള കാര്‍ വാടകയാണ് ചങ്ങാതി കമ്മറ്റിക്കാരോടു വാങ്ങുക.കാറുകാരന് ചെറിയൊരു തുക, ബാക്കി മുഴുവന്‍ കഥാകൃത്തിനും. എങ്ങനെ ? നിങ്ങള്‍ക്ക് ആളെ മനസ്സിലായെങ്ങില്‍ ദയവായി പുറത്തു പറയണ്ട.ഒന്നുമില്ലെങ്കിലും നമ്മുടെ ചങ്ങാതിയല്ലേ പുള്ളി ?

Tuesday, 28 April 2015

ആനക്കാര്യം
പഴയ രാജാക്കന്മാരും മറ്റും ആനകളെ പലതരത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ ആനപ്പുറത്തേറിവന്നാല്‍ എല്ലാവരും കാണും.പിന്നെ വലിയൊരു മൃഗത്തെ കീഴ്പ്പെടുത്തിയെന്ന ജാഡയും. പില്‍ക്കാലത്ത് , വിലയേറിയൊരു കുടുംബമഹിമാപ്രദര്‍ശനവുമായി ഇതു മാറി. അക്കാലത്തു തന്നെയാണ് ദേവപ്രതിമകള്‍ എഴുന്നള്ളിക്കാനായി ആനകളെ ഉപയോഗിക്കാമെന്ന ചിന്താഗതിയും ഉണ്ടായത്. മറ്റുള്ളവര്‍ക്കെല്ലാം കാണത്തക്കവിധം ഉയരത്തില്‍ തിടമ്പുകള്‍ എഴുന്നള്ളിക്കാമല്ലോ. പക്ഷേ, ഇന്ന് ഇങ്ങനെ ഉയര്‍ത്തിക്കാണിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളുണ്ട്. പാവം ആനകളെ ഉപദ്രവിക്കുന്നതെന്തിന് ? ജെ.സി.വി വര്‍ഗ്ഗത്തില്‍ പെട്ട വാഹനങ്ങളുപയോഗിച്ചാല്‍ ആനയേക്കാളുയരത്തില്‍ കുടമാറ്റവും എഴുന്നള്ളത്തും നടത്താം.മൃഗ പീഢനമില്ല, പണച്ചെലവും കുറയും. അതല്ലേ നല്ലത് ?